റിയാദ്- ശുദ്ധ ഹാസ്യമാണ് കുടുംബങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അത്തരം കോമഡി സ്‌കിറ്റുകള്‍ മാത്രമേ അവതരിപ്പിക്കുകയുള്ളൂവെന്നും പ്രമുഖ ഹാസ്യ കലാകാരന്‍ വിനോദ് കോവൂര്‍.
'എം 80 മൂസ'യിലെ മൂസയായും 'മറിമായ'ത്തിലെ മൊയ്തുവായും വേഷമിടുമ്പോഴെല്ലാം ദ്വയാര്‍ഥ പദപ്രയോഗങ്ങള്‍ ഒഴിവാക്കാറുണ്ടെന്നും അതിനോട് താല്‍പര്യമില്ലെന്നും ടെക്‌സ റിയാദ് സംഘടിപ്പിക്കുന്ന അനന്തപുരി പൂരം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം പറഞ്ഞു.
യുവജനോത്സവങ്ങളിലെ മിമിക്രി പരിപാടികള്‍ നിലവാരത്തകര്‍ച്ച നേരിടുന്നുണ്ടെങ്കിലും മോണോ ആക്ടിന് നിലവാരമുണ്ട്. മിമിക്രികളില്‍ പുതിയ ശൈലികള്‍ കടന്നുവരുന്നില്ല. കോമഡികളില്‍ അസഭ്യങ്ങള്‍ കൊണ്ട് ആളുകളെ ചിരിപ്പിക്കാമെങ്കിലും കുടുംബങ്ങള്‍ക്കൊന്നിച്ചാസ്വദിക്കാന്‍ സാധിക്കാതെ പോവുന്നുണ്ട്. അത്തരം ശൈലിയോട് കടുത്ത എതിര്‍പ്പാണുള്ളത്. കുട്ടികള്‍ക്ക് സ്വസ്ഥമായി ഇരുന്ന് ആസ്വദിക്കാവുന്ന കോമഡികള്‍ അവതരിപ്പിക്കുന്നതിനാല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുള്ള കുട്ടികളും അവരുടെ ഉമ്മമാരും എന്നോട് വലിയ ആദരവാണ് പ്രകടിപ്പിക്കാറുള്ളത്. മൂസക്കും മൊയ്തുവിനുമപ്പുറം പുതിയ വേഷങ്ങളണിയാനാണ് ഇപ്പോള്‍ ശ്രമിച്ചുവരുന്നത്. ജിത്തു സംവിധാനം ചെയ്യുന്ന കള്ളന്‍ എന്ന സിനിമയില്‍ തികച്ചും വ്യത്യസ്തനായ സുര എന്ന പേരിലുള്ള കഥാപാത്രമായാണ് വേഷമിടുന്നത്. വൈകാതെ ഈ സിനിമ റിലീസാവും. 34 സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ഇതിനകം ചെയ്തിട്ടുണ്ട്.
കൗണ്‍സിലിംഗിലും മോട്ടിവേഷന്‍ ക്ലാസുകളിലും ഏറെ കാലം ശ്രദ്ധ കേന്ദ്രീകരിച്ച ശേഷമാണ് കോമഡിയിലേക്ക് തിരിഞ്ഞത്. തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാക്കാനായിരുന്നു രക്ഷിതാക്കള്‍ ശ്രമിച്ചിരുന്നതെങ്കിലും കലകളോടുള്ള ആഭിമുഖ്യം തന്നെ ഒരു കലാകാരനാക്കി.
മാതാപിതാക്കള്‍ കുട്ടികളോട് ചെയ്യുന്ന അനീതികളെ ഇതിവൃത്തമാക്കിയാണ് 'അതേ കാരണത്താല്‍' ഫിലിം തയ്യാറാക്കിയത്. മാതാപിതാക്കളില്‍ കുട്ടികളോടുള്ള സ്‌നേഹം എങ്ങനെയായിരിക്കണമെന്ന് ഈ ടെലിഫിലിം സമൂഹത്തെ ഓര്‍മിപ്പിക്കുന്നു. മാതാപിതാക്കളുടെ സ്‌നേഹം തിരിച്ചറിയുന്നതിനും കൗമാര ചാപല്യങ്ങളില്‍ കുട്ടികള്‍ അകപ്പെടാതിരിക്കുന്നതിനുമുള്ള ബോധവത്കരണമാണ് 'ആകസ്മികം' എന്ന ടെലിഫിലിമിലൂടെ നടത്തിയത്. ഒമ്പത് മിനിറ്റ് മാത്രമുള്ള 'ആസ്മികം' ടെലിഫിലിം ഇതിനികം നിരവധി സ്‌കൂളികളില്‍ പ്രദര്‍ശിപ്പിച്ചു. മണിക്കൂറുകളുള്ള സിനിമകളേക്കാള്‍ കുട്ടികളുടെ മനസ്സില്‍ ഇത് ആഴത്തില്‍ വേരൂന്നുമെന്നും എല്ലാ സ്‌കൂള്‍ കുട്ടികളെയും ഇത് കാണിക്കണമെന്നുമാണ് മമ്മുട്ടി ഒരിക്കില്‍ തന്നോട് പറഞ്ഞതെന്ന് കോവൂര്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധയിടങ്ങളിലായി 70 ഓളം പരിപാടികളില്‍ പങ്കെടുത്തിട്ടുള്ളതെങ്കിലും റിയാദില്‍ ഇതാദ്യമായാണ് വിനോദ് കോവൂര്‍ എത്തുന്നത്.