മദീന- മദീന, മക്ക എക്‌സ്പ്രസ് വേയിൽ അൽഅക്ഹുലിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് മദീന കിംഗ് ഫഹദ് ആശുപത്രിയിൽ കഴിയുന്നവരെ ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരനും ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ ഖാലിദ് അൽഫൈസൽ രാജകുമാരനും സന്ദർശിച്ചു.
പരിക്കേറ്റവരുടെ ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ ഗവർണർ പരിക്കേറ്റവർക്ക് കൂട്ടിരിക്കുന്നതിന് ബന്ധുക്കൾക്ക് അവസരമൊരുക്കുന്നതിനും ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുന്നതിനും നിർദേശിച്ചു. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ നൽകുന്നതിനും കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ സ്‌പെഷ്യലിസ്റ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിനും ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ നിർദേശം നൽകി.
അപകടത്തിൽ ഉംറ തീർഥാടകർ മരിക്കാനിടയായിതിൽ കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹ് അനുശോചനം അറിയിച്ചു. ദുരന്തത്തിൽ അനുശോചനം അറിയിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് കുവൈത്ത് അമീർ സന്ദേശമയച്ചു.
കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹും പ്രധാനമന്ത്രി ശൈഖ് ജാബിർ അൽമുബാറക് അൽഹമദ് അൽസ്വബാഹും സൽമാൻ രാജാവിന് അനുശോചന സന്ദേശങ്ങളയച്ചു.