റിയാദ്- റിയാദ് സീസൺ പരിപാടി കാണാനെത്തിയ സൗദി യുവതിക്ക് മുഖാവരണം ധരിച്ചതിന്റെ പേരിൽ വിവേചനം നേരിട്ടെന്ന പരാതിയിൽ ഉടനടി അന്വേഷണം നടത്തുന്നതിന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി പ്രസിഡന്റ് തുർക്കി ആലുശൈഖ് നിർദേശം നൽകി.
ടൂറിസ്റ്റുകളെയും സന്ദർശകരെയും ആകർഷിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഉല്ലാസ, വിനോദ പദ്ധതിയായ റിയാദ് സീസൺ പദ്ധതി പരിപാടികളിലൊന്ന് നടക്കുന്ന സ്ഥലത്താണ് മുഖാവരണം ധരിച്ചതിന്റെ പേരിൽ സൗദി യുവതിക്ക് വിവേചനം നേരിട്ടത്. ഇതേ കുറിച്ച് പരാതിപ്പെടുന്ന ലൈവ് വീഡിയോ യുവതി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.
മുഖാവരണം ധരിച്ചതിന്റെ പേരിൽ റെസ്റ്ററന്റുകൾക്കു സമീപം തന്നെ ഇരിക്കാൻ അനുവദിച്ചില്ലെന്ന് വീഡിയോയിൽ യുവതി പരാതിപ്പെട്ടു. ഇക്കാര്യത്തിൽ ഉടനടി അന്വേഷണം നടത്തി ഉത്തരവാദികളെ ശിക്ഷിക്കുമെന്ന് തുർക്കി ആലുശൈഖ് പറഞ്ഞു. റിയാദ് സീസൺ പദ്ധതിയുടെ സംഘാടകരായ കമ്പനിയിലെ മാനേജർമാരിൽ ഒരാളാണ് മുഖാവരണം ധരിച്ചതിന്റെ പേരിൽ സൗദി യുവതിയോട് വിവേചനം കാണിച്ചത്.