Sorry, you need to enable JavaScript to visit this website.

ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

കൊച്ചി- എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ (60) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഈ മാസം 11 മുതല്‍ ചികിത്സയിലായിരുന്നു. ഇന്നു വൈകിട്ട് നാലു മണിക്ക് കോട്ടയം പോലീസ് ഗ്രൗണ്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കും. നാളെ ഉഴവൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം.
വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം, എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ 2001 ല്‍ കെ.എം.മാണിക്കെതിരെ  പാലാ മണ്ഡലത്തില്‍നിന്നു മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല.

കെഎസ്യുവിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയ വിജയന്‍ പിന്നീട് കോണ്‍ഗ്രസ്-എസിന്റെ മികച്ച സംഘാടകനായി. തുടര്‍ന്ന് എന്‍സിപിക്ക് സംസ്ഥാനത്ത് നേതൃത്വം നല്‍കി. കുറിക്ക് കൊള്ളുന്ന മറുപടികളും നര്‍മം ചാലിച്ച പ്രസംഗങ്ങളും അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി. സിനിമ സീരിയല്‍ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വള്ളിച്ചിറ നെടിയാമറ്റത്തില്‍ ചന്ദ്രമണിയമ്മയാണ് ഭാര്യ. വന്ദന, വര്‍ഷ എന്നിവര്‍ മക്കള്‍. രമണി സഹോദരിയാണ്.
കുറിച്ചിത്താനം കാരാംകുന്നേല്‍ ഗോവിന്ദന്‍ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും ഏകമകനാണ്. കുറിച്ചിത്താനം കെ.ആര്‍. നാരായണന്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു ഹൈസ്‌ക്കൂള്‍ പഠനം. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍നിന്നും ധനതത്വശാസ്ത്രത്തില്‍ ബിരുദമെടുത്തു.

Latest News