ലോക കേരള സഭയുടെ രണ്ടാം സമ്മേളനം 2020 ജനുവരി 2 ,3 തിയ്യതികളിൽ തിരുവനന്തപുരം നിയമസഭാ കോംപ്ലക്‌സിൽ ചേരാൻ തീരുമാനിച്ചിരിക്കുന്നു. രണ്ട് വർഷത്തെ കാലാവധിയുള്ള ലോക കേരള സഭ കഴിഞ്ഞ ഫെബ്രുവരിയിൽ അതിന്റെ പശ്ചിമേഷ്യൻ മേഖലാ സമ്മേളനം ദുബായിൽ ചേരുകയും സുപ്രധാനമായ പല തീരുമാനങ്ങളെടുക്കുകയും ചെയ്തിരുന്നു.
1950 - കളിൽ ആരംഭിക്കുകയും 1970 - കളിൽ ശക്തി പ്രാപിക്കുകയും ചെയ്ത കേരളീയ പ്രവാസ ചരിത്രം എന്നത് ഒട്ടേറെ ത്യാഗനിർഭരവും വിസ്മയകരവുമായ ഒന്നാണ്.
ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ലായി വിദേശ നാണയം നേടിത്തരുന്ന ചരക്കായി അതിവേഗം പ്രവാസികൾ മുന്നേറുന്നതായിട്ടാണ് സർക്കാറിന്റെ അവലോകന കണക്കുകളിൽ ഇന്ത്യൻ പ്രവാസം പ്രത്യേകിച്ചും കേരള പ്രവാസം അടയാളപ്പെട്ടിരിക്കുന്നത്. സ്വന്തം ജീവിതായോധനത്തിന് എരിഞ്ഞ് തീരുന്ന മനുഷ്യ ജന്മങ്ങൾക്ക് വേണ്ടി, നമ്മുടെ രാജ്യം ഭരിക്കുന്നവർ നാളിത് വരെ ഒരു കാര്യവും ചെയ്തിട്ടില്ല. ഇന്ത്യൻ സമ്പദ്ഘടനയെ രക്ഷിച്ചു നിർത്തുന്ന പ്രവാസ ലോകത്തെ കണ്ടില്ലെന്ന് നടിക്കുന്നതാണ് ഇന്ത്യൻ ഭരണാധികാരികളുടെ രീതി. പ്രവാസികളുടെ പേരിൽ വകുപ്പുണ്ടാക്കി മന്ത്രി സ്ഥാനത്ത് കയറിയിരുന്നവരും പ്രവാസികൾക്കെന്തിനൊരു വകുപ്പെന്ന് ചിന്തിച്ച് വകുപ്പ് തന്നെ ഇല്ലാതാക്കിയവരും പ്രവാസികൾക്ക് ഉപകാരപ്രദമായ ഒന്നും തന്നെ ചെയ്തിട്ടില്ല. ഇതിൽ നിന്നും ഭിന്നമായി പ്രവാസികളെ പരിഗണിക്കുകയും അവർക്ക് വേണ്ടി ശക്തമായി ഇടപെട്ട് വരികയും ചെയ്തത് മാറി മാറി വന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാരാണ്. 1987 ൽ അധികാരത്തിലുണ്ടായിരുന്ന ഇ.കെ നായനാരുടെ സർക്കാരാണ് നോർക്ക വകുപ്പ് രൂപീകരിച്ചത്.
കഴിഞ്ഞ ഏതാനും തവണകൾ അധികാരത്തിലുണ്ടായിരുന്ന ഇടതുപക്ഷ സർക്കാരുകളുടെ പ്രവാസി ക്ഷേമ പ്രവർത്തനങ്ങളുടെ മൂർത്തരൂപമായിട്ടാണ് 2016 ൽ അധികാരത്തിൽ വന്ന പിണറായി സർക്കാർ ലോക കേരള സഭക്ക് രൂപം നൽകുന്നത്.
കേരളത്തിന്റെ വികസന കാര്യത്തിലും പ്രവാസികളുടെ ക്ഷേമ കാര്യത്തിലും മലയാളികളുടെ സാന്നിധ്യവും ശബ്ദവും അടയാളപ്പെടുത്തുന്നതിനാണ് നിയമം മൂലം സഭ രൂപപ്പെട്ടത്.
2018 ജനുവരിയിൽ രൂപീകൃതമായ സഭയുടെ ഏഴ് വിഷയ നിർണയ സ്റ്റാൻഡിങ്ങ് കമ്മിറ്റി ഇന്ന് സജീവമാണ്.
സഭാ സെക്രട്ടറിയേറ്റ് സംവിധാനവും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കഴിഞ്ഞ സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ സഭാ അംഗങ്ങളിൽ നിന്നും ഉയർന്നു വന്നതും സബ്കമ്മിറ്റികളിൽ വിശദമായ ചർച്ചക്ക് ശേഷം സർക്കാറിന്റെ പരിഗണനക്ക് വെച്ചതുമായ നിർദ്ദേശങ്ങൾ അതിവേഗം നടപ്പിൽ വരുത്തുന്ന സ്ഥിതിയാണ് പ്രവാസ ലോകം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. നാളിത് വരെ പ്രവാസികൾക്ക് അവരുടെ സമ്പാദ്യത്തിനും നിക്ഷേപത്തിനും സുരക്ഷക്കും ആവശ്യമായ ഒരു സംവിധാനം നിലവിലുണ്ടായിരുന്നില്ല.
വിദേശ രാജ്യങ്ങളിൽ പ്രവാസികളൊഴുക്കുന്ന വിയർപ്പിലൂടെ നേടുന്ന സമ്പാദ്യം അവരാഗ്രഹിക്കുന്ന മേഖലയിൽ സുരക്ഷിതമായി നിക്ഷേപിക്കാനും ലാഭകരമാക്കാനും കഴിഞ്ഞിരുന്നില്ല. കേരള പുരോഗതിക്ക് പ്രവാസികളുടെ പങ്ക് ഉപയോഗപ്പെടുത്താനും പ്രവാസികൾക്ക് ഗുണകരമാക്കാനും കഴിയുന്ന നിലയിൽ പദ്ധതികൾ ഇപ്പോൾ രൂപപ്പെട്ടിരിക്കയാണ്. സർക്കാർ ,പൊതുമേഖല ,സ്വകാര്യ മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് പ്രവാസികളുടെ മാത്രം കൺസ്ട്രക്ഷൻ കമ്പനി രൂപീകരിക്കാൻ സർക്കാർ എടുത്ത തീരുമാനം പ്രാധാന്യമുള്ള ഒന്നാണ്. വരും വർഷങ്ങളിൽ കേരളത്തിലാകമാനം വരുന്ന ചെറുതും വലുതുമായ വികസന പ്രവർത്തനങ്ങളിൽ ഇടപെടാൻ പ്രവാസികളുടെ കൺസ്ട്രക്ഷൻ കമ്പനിക്ക് സാധിക്കും.
ഇപ്പോൾ ഈ രംഗത്ത് സഹകരണ മേഖലയിലെ ഊരാളുങ്കൽ സൊസൈറ്റി മാത്രമാണ് പ്രധാനമായിട്ടുള്ളത്.
ഏതൊരു ചെറുതും വലുതുമായ നിക്ഷേപങ്ങൾക്ക് സൗകര്യപ്പെടുന്ന നിലയിലാണ് കൺസ്ട്രക്ഷൻ കമ്പനി രൂപീകരണം. കേരളത്തിലെ വ്യാവസായിക നിക്ഷേപം ത്വരിതപ്പെടുത്തുന്നതിന് മറ്റൊരു കമ്പനിയും സർക്കാർ രൂപീകരിച്ചു കഴിഞ്ഞിട്ടുണ്ട്. തിരിച്ച് വരുന്ന പ്രവാസികളുടെ അവരുടെ തൊഴിൽ നൈപുണ്യത്തിന്റെ അടിസ്ഥാനത്തിൽ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യം ഇതിനെല്ലാം പിന്നിലുണ്ട്.
ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കാനും പെൻഷൻ അഞ്ഞൂറ് രൂപയിൽ നിന്നും രണ്ടായിരമാക്കാനും നോർക്ക വഴി നിരവധി പദ്ധതികൾ നടപ്പാക്കാനും ഇക്കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. തിരിച്ച് വരുന്നവരുടെ തൊഴിൽ സംരംഭങ്ങൾക്ക് 30 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്ന പദ്ധതി വിവിധ ബാങ്കുകളുമായി ബന്ധപ്പെട്ട് നടപ്പിൽ വന്നിട്ടുണ്ട്. കേരള ബാങ്കിന്റെ സ്ഥാപനത്തോടെ വായ്പ ലഭ്യമാവുന്നതിനുള്ള തടസ്സങ്ങൾ പൂർണ്ണമായും ഇല്ലാതാവും.
വിദേശ രാജ്യങ്ങളിൽ ജോലിക്കായി പോകുന്ന വീട്ടുജോലിക്കാർ അടക്കമുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്നതിനും പ്രത്യേക വനിതാ സെൽ രൂപീകരണവും ലോക കേരള സഭാ തീരുമാനങ്ങളിൽ പെട്ടതാണ്.
വിദേശത്ത് ജയിലിലും കേസിലും ഉൾപ്പെട്ട മലയാളികളെ സഹായിക്കാൻ സൗജന്യ നിയമ സഹായ സെൽ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.
ഗൾഫിൽ നിന്നു തൊഴിൽ നഷ്ടപ്പെട്ടു വരുന്നവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കയാണ്. ഇക്കാര്യം പരിഗണിച്ച് പുതിയ തൊഴിൽ സാധ്യതകളും പുതിയ പ്രവാസ മേഖലകളും അന്വേഷിക്കുകയാണ് സർക്കാർ.
കുവൈത്തിലേക്കുള്ള വീട്ട് വേലക്കാരുടെ റിക്രൂട്ട്‌മെന്റ് നോർക്ക നേരിട്ടാണ് നടത്തുന്നത്. ആരോഗ്യ രംഗത്ത് കുവൈത്ത് സിവിൽ ഡിഫെൻസുമായി കരാർ ഒപ്പിട്ടത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്.
നെതർലാന്റുമായി മുഖ്യമന്ത്രി നേരിട്ട് നടത്തിയ ചർച്ചയിൽ അടുത്ത പത്ത് വർഷത്തേക്കുള്ള ആ രാജ്യത്തെ ആരോഗ്യ മേഖലയിലെ മുഴുവൻ ഒഴിവുകളും കേരളത്തിൽ നിന്നും നികത്താമെന്ന ധാരണയായിട്ടുണ്ട് . ഇന്ത്യയിലെ
നെതർലാന്റ് അംബാസഡർ നേരിട്ട് ഇടപെട്ടാണ് ഇത്തരം ഒരു അവസരം കേരളത്തിന് നൽകുന്നത്.
സ്വന്തം ജനതയുടെ തൊഴിൽ സാഹചര്യവും അവസരവും ശക്തിപ്പെടുത്തുന്നതിന് ഒരു സംസ്ഥാന സർക്കാർ നേരിട്ട് ഇടപെടുന്നത് ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ്.
ആഗോള തലത്തിൽ ഫിലിപ്പൈൻ മാത്രമാണ് ഇത്തരമൊരു നീക്കം നടത്തുന്ന രാജ്യം.
ഗൾഫ് തൊഴിൽ സാഹചര്യങ്ങളിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് പുതിയ പ്രവാസം കണ്ടെത്തണമെന്ന ലോക കേരള സഭാ തീരുമാനമാണ് ഇത് വഴി നടപ്പാവുന്നത്.
കേരളീയ പ്രവാസി ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ചുവട് വെപ്പായിരുന്നു ലോക കേരള സഭ എന്ന് നിസ്സംശയം തെളിയിക്കപ്പെട്ടിരിക്കുന്നു. പ്രവാസി പ്രശ്‌നങ്ങളോട് മുഖം തിരിഞ്ഞ് നിൽക്കുന്ന ഒരു പ്രസ്ഥാനത്തിനും കേരളത്തിൽ ഇനി നിലനിൽപ്പുണ്ടാവില്ല.
ലോക കേരള സഭ എന്ന ആശയത്തെ മാനസികമായി ഉൾക്കൊള്ളാൻ കഴിയാത്ത ഒരു വിഭാഗം പ്രതിപക്ഷ നേതാക്കളും പ്രവർത്തകരും ഉണ്ടെന്നത് യാഥാർത്ഥ്യമാണ്.അവർ അവസരം കാത്ത് നിൽപ്പുണ്ട്. വടക്കൻ കേരളത്തിലെ ഒരു പ്രവാസിയുടെ മരണവുമായി ബന്ധപ്പെടുത്തി ലോക കേരള സഭയിൽനിന്നും രാജിവെക്കുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെയും ചില യു.ഡി.എഫ് അനുകൂല ലോക കേരള സഭ അംഗങ്ങളുടെയും രാജി ആരും ഗൗരവമായി കാണുന്നില്ല. നിയമം മൂലം സ്ഥാപിതമായ ലോക കേരള സഭയിൽനിന്നും എം. എൽ. എ മാർക്ക് മാറി നിൽക്കാൻ കഴിയുമോ എന്ന വിഷയവും പ്രധാനമാണ്.
ഇതിനെല്ലാം ഉത്തരം ലോക കേരള സഭയുടെ 2020 സമ്മേളനം കാണുമെന്നുറപ്പാണ്. നിലവിലുള്ള മുപ്പത് ശതമാനം പേരെ ഒഴിവാക്കി പകരം ആളുകളെ ഉൾപ്പെടുത്തി കൊണ്ടാണ് സഭ ചേരുക. ഇപ്പോൾ പ്രാതിനിധ്യമില്ലാത്ത രാജ്യങ്ങളിൽ നിന്നും പ്രാതിനിധ്യം ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ സമ്മേളനത്തിൽ സുനിതാ കൃഷ്ണൻ മുതൽ ആടുജീവിതത്തിലെ നജീബ് വരെ പങ്കാളിത്വം വഹിച്ചിരുന്നു.
ഇത്തവണയും പ്രവാസ ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും പ്രശസ്തരും അപ്രശസ്തരുമായവരുടെ സാന്നിധ്യം പ്രതീക്ഷിക്കാം.
പ്രവാസികളുടെ ജനാധിപത്യ വേദി എല്ലാ അർത്ഥത്തിലും സമ്പുഷ്ടമാവും എന്നുറപ്പാണ്. ലോക കേരള സഭയുമായി ബന്ധപ്പെട്ട അനുബന്ധ പരിപാടികൾക്ക് ഡിസംബർ 7 ന് കൊച്ചിയിൽ തുടക്കമാവും. ഓവർസീസ് എപ്‌ളോയ്‌മെന്റ് സമ്മേളനവും തൊഴിൽ മേളയുമാണ് ആദ്യ പരിപാടി.
പ്രവാസികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ കലാപരിപാടികൾ സംഘടിപ്പിക്കും.കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ നടത്തുന്ന അന്താരാഷ്ട്ര സെമിനാർ പ്രധാന പരിപാടികളിൽ പെടും. ജനുവരി 3 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന കലാവിരുന്നോടെയാണ് സമ്മേളനം സമാപിക്കുക. സമ്മേളന നടത്തിപ്പിനുള്ള വിവിധ സബ് കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഇനിയുള്ള നാളുകൾ ഒരുക്കങ്ങൾക്കുള്ളതാണ്.
പ്രവാസികളോട് അനുകമ്പ കാണിക്കുകയും അവർക്കാവശ്യമായ നിരവധി പദ്ധതികൾ നടപ്പാക്കി കൊണ്ടിരിക്കയും അവരുടെ ജനാധിപത്യ വേദി സാധ്യമാക്കുകയും ചെയ്യുന്ന സർക്കാറിനെ അഭിവാദ്യം ചെയ്യുന്നു.
(ലോക കേരള സഭാംഗമാണ് ലേഖകൻ)