ദമാം- മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് എയർപോർട്ടിൽനിന്നും തിരിച്ചയച്ച തൃശൂർ സ്വദേശി തൃശൂർ അമ്മാടം സ്വദേശി കരിപ്പേരി രാധാകൃഷ്ണൻ(57) ദമാമിൽ മരിച്ചു. രാത്രി ഉറങ്ങിക്കിടക്കവേ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ഇരുപതു വർഷമായി ദമാമിൽ സ്വന്തമായി നിർമ്മാണ തൊഴിൽ നടത്തിപ്പുകാരനായി ജോലി ചെയ്തു വരികയായിരുന്നു. അടുത്ത കാലത്തായി സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ഈ രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം സ്‌പോൺസറുമായും ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതോടെ ജോലിക്കൊന്നും പോകാതെ മുറിയിൽ തന്നെ കഴിയുകയായിരുന്നു. ചില സുഹൃത്തുക്കൾ തർഹീലിൽ എത്തിക്കുകയും കഴിഞ്ഞ ബുധനാഴ്ച തർഹീലിൽനിന്നും എക്‌സിറ്റ് അടിച്ചു നാട്ടിലേക്ക് അയക്കുന്നതിനായി എയർപോർട്ടിൽ എത്തിച്ചെങ്കിലും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ യാത്ര ക്യാൻസൽ ചെയ്തു തിരിച്ചയക്കുകയായിരുന്നു. എയർപോർട്ടിൽ നിന്നും ഉദ്യോഗസ്ഥർ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തെ വിളിച്ചു ഇദ്ദേഹത്തെ തിരിച്ചു കൊണ്ട് പോകുവാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ദമാമിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയെങ്കിലും ഭേദമായില്ല. ഇദ്ദേഹത്തിന്റെ എക്‌സിറ്റ് ക്യാൻസൽ ആണെന്ന് അറിഞ്ഞു തർഹീലിൽ എത്തിയ സ്‌പോൻസർ ഇദ്ദേഹത്തെ നാട്ടിലേക്കയക്കുന്നതിനു തടസ്സം നിന്നതോടെ വീണ്ടും ഇദ്ദേഹതിന്റെ തിരിച്ചു പോക്കിന് വിഘാതമുണ്ടായി. സാമ്പത്തിക ബാധ്യത തീർക്കാതെ നാട്ടിലേക്ക് അയക്കരുതെന്നു ശഠിച്ച സ്‌പോൺസറെ നാസ് വക്കം മധ്യസ്ഥ ശ്രമത്തിലൂടെ മയപ്പെടുത്തുകയും ഇന്നലെ വീണ്ടും എക്‌സിറ്റ് അടിച്ചു നാട്ടിലേക്കയക്കുന്നതിനു വേണ്ടി സ്വന്തം ജാമ്യത്തിൽ നാസ് വക്കം പുറത്തിറക്കി അദ്ദേഹത്തിന്റെ മുറിയിൽ എത്തിച്ചു. രാവിലെ എഴുനേൽക്കാതതിനെ തുടർന്ന് മുറിയിൽ തട്ടി വിളിച്ചപ്പോഴാണ് മരിച്ചു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. രാവിലെ പോലീസ് എത്തി മൃതദേഹം ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർ്ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലെക്കയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായും നാസ് വക്കം അറിയിച്ചു.