Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വിദേശ തൊഴിലാളി ലെവിയും ആശ്രിത ലെവിയും തുടരാന്‍ നിര്‍ദേശം

റിയാദ്- ആശ്രിത ലെവിയും സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുള്ള ലെവിയും അടുത്ത വർഷവും തുടരണമെന്ന് ശൂറ കമ്മിറ്റി. ഈ വർഷം പ്രാബല്യത്തിലുള്ള അതേ നിലവാരത്തിൽ അടുത്ത വർഷങ്ങളിലും ലെവി സ്ഥിരപ്പെടുത്തുന്നതിനുള്ള സാധ്യത പഠിക്കണമെന്നാണ് ശൂറാ കൗൺസിലിലെ സാമ്പത്തിക, ഊർജ കമ്മിറ്റിയുടെ നിർദേശം. വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദേശം മുന്നോട്ട് വെച്ചത്. 


ഡെപ്യൂട്ടി സ്പീക്കർ ഡോ.അബ്ദുല്ല അൽമിഅ്താനിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ സാമ്പത്തിക, ഊർജ കമ്മിറ്റി പ്രസിഡന്റ് ഡോ.ഫൈസൽ ആലുഫാദിൽ ആണ് റിപ്പോർട്ട് വായിച്ചത്. അതേസമയം, ചെറുകിട സ്ഥാപനങ്ങളിലെയും വളരെ ചെറിയ സ്ഥാപനങ്ങളിലെയും വിദേശ തൊഴിലാളികളെ മൂന്നു മുതൽ അഞ്ചു വർഷം വരെ കാലം ലെവിയിൽനിന്ന് ഒഴിവാക്കുന്ന കാര്യം പഠിക്കണമെന്ന് മറ്റൊരു കൗൺസിൽ അംഗം വാണിജ്യ, നിക്ഷേപ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.


വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് ആധുനിക ആപ്പുകൾ ഉപയോഗപ്പെടുത്തി ഉപയോക്താക്കളുടെ പങ്കാളിത്തം കൂടുതൽ പ്രയോജനപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്ന കാര്യവും നിയമം പരിഷ്‌കരിക്കുന്ന കാര്യവും മന്ത്രാലയം പഠിക്കണം. ചില പ്രവിശ്യകളിൽ വൻകിട കമ്പനികളുടെ അസാന്നിധ്യവും വിഷൻ-2030 ലക്ഷ്യങ്ങൾക്കനുസൃതമായി എല്ലാ പ്രവിശ്യകളിലും സന്തുലിത വികസനം സാധ്യമാക്കുന്ന കാര്യവും പഠിക്കണം. 


നയതന്ത്ര, സാമ്പത്തിക മേഖലകളിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയം നടത്തുന്ന പ്രവർത്തനം മന്ത്രാലയം വിലയിരുത്തണമെന്നും വിദേശ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഒപ്പുവെച്ച കരാറുകൾ ഫലപ്രദമായി നടപ്പാക്കണമെന്നും വിദേശ വ്യാപാരം ശക്തമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. 


ബിനാമി ബിസിനസ് പ്രവണതയെ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായി മാത്രം കരുതരുത്. ബിനാമി ബിസിനസിനെ കുറിച്ച സ്വദേശികളുടെ കാഴ്ചപ്പാടിൽ മാറ്റമുണ്ടാക്കണം. നിയമവിരുദ്ധമായി ലാഭമുണ്ടാക്കുന്ന മാർഗമാണ് ബിനാമി ബിസിനസെന്ന കാര്യം ബോധവത്കരണത്തിലൂടെ പ്രചരിപ്പിക്കണം. സ്ഥാപനങ്ങൾ സ്വന്തം നിലക്ക് നടത്താൻ സൗദി പൗരന്മാരെ പ്രേരിപ്പിക്കുകയും ഇതിന് അവസരമൊരുക്കുന്ന പദ്ധതികൾ നടപ്പാക്കുകയും വേണമെന്നും ഒരു അംഗം ആവശ്യപ്പെട്ടു. 

Latest News