കൊച്ചി - എം.ജി സർവകലാശാലാ യുവജനോൽസവത്തിന്റെ പ്രചാരണ ബോർഡുകൾ കോട്ടയം നഗരത്തിൽ നിന്നു നീക്കിയ മുനിസിപ്പൽ സെക്രട്ടറിയെ ഉപരോധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത എസ്.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് പോലീസ്. നേതാക്കൾ വിദ്യാർഥികളായതിനാലും പ്രതികൾ അന്വേഷണവുമായി സഹകരിക്കുമെന്നതിനാലും അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് ജില്ലാ പോലീസ് മേധാവി ഹൈക്കോടതിയെ അറിയിച്ചു.
കേസിൽ കുറ്റപത്രം നൽകിയതായും സത്യവാങ്മൂലത്തിൽ ജില്ലാ പോലിസ് മേധാവി ഐ. സാബു വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അനുമതിയില്ലാത്ത ഫഌക്‌സ് ബോർഡുകൾ നഗരത്തിൽ നിന്ന് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ നീക്കിയത്. ബോർഡുകൾ നീക്കിയതിൽ ക്ഷുഭിതരായ എസ്.എഫ്.ഐ നേതാക്കൾ ഫെബ്രുവരി മാസം 22 ന് രാവിലെ ഒൻപതരയോടെ മുനിസിപ്പൽ ഓഫീസിൽ അതിക്രമിച്ചു കയറി സെക്രട്ടറി മുഹമ്മദ് ഷാഫിയെ ഉപരോധിക്കുകയായിരുന്നു. ബോർഡുകൾ തിരികെ സ്ഥാപിക്കണമെന്നാവശ്യപ്പട്ട് സെക്രട്ടറിയെ ഭീഷണിപ്പെടുത്തുകയും ഒടുവിൽ ബോർഡുകൾ തിരികെ എടുത്ത് നഗരത്തിൽ സ്ഥാപിക്കുകയും ചെയ്തു. യൂനിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ നിഖിൽ എസ് നായർ ,എസ് എഫ് ഐ ജില്ലാ പ്രസിഡൻറ് എസ് .ദീപക്, ജില്ലാ സെക്രട്ടറി കെ.എം അരുൺ , ജില്ലാ കമ്മിറ്റി അംഗം യദു കിരൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. കോടതി ഉത്തരവ് നടപ്പാക്കിയ തന്നെ എസ്.എഫ്. ഐ പ്രവർത്തകർ ഉപരോധിച്ചെന്ന് ചൂണ്ടിക്കാട്ടി മുനിസിപ്പൽ സെക്രട്ടറി ഹൈക്കോടതിക്ക് കത്തെഴുതിയതോടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സ്വമേധയാ കേസെടുക്കുകയും പ്രതികൾക്കെതിരെ നടപടി എടുക്കാനും നിർദേശിച്ചു. ഇതേ തുടർന്നാണ് കേസെടുക്കാൻ പോലീസ് തയാറായത്.
പ്രതികൾ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകിയതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ലെന്നും ചങ്ങനാശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഒന്നാം പ്രതി നിഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പ്രതികളുടെ മൊഴി എടുത്തെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.