റിയാദ്- തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ അന്വേഷണ വിഭാഗം കണ്ടെത്തിയ മനുഷ്യക്കടത്ത് കേസ് നടപടികൾ സ്വീകരിക്കുന്നതിന് റിയാദ് പോലീസിന് കൈമാറി.
വിദേശ തൊഴിലാളികളിൽ ഒരാൾ തൊഴിലുടമക്കെതിരെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് പരാതി നൽകിയതോടെയാണ് മനുഷ്യക്കടത്ത് കേസ് കണ്ടെത്തിയത്. തൊഴിൽ കേസിനപ്പുറം മനുഷ്യക്കടത്ത് കേസാണെന്ന് അന്വേഷണത്തിൽ ബോധ്യമായതിനെ തുടർന്നാണ് കേസ് പോലീസിന് കൈമാറിയത്.
തൊഴിൽ കരാർ പ്രകാരം മുൻധാരണയിലെത്തിയ തൊഴിലിനു വിരുദ്ധമായ ജോലി ചെയ്യുന്നതിന് തൊഴിലാളിയെ നിർബന്ധിക്കൽ, വായ്പയായി പണം കൈപ്പറ്റിയതായി സ്ഥിരീകരിക്കുന്ന വ്യാജ രേഖകളിൽ ഒപ്പു വെക്കുന്നതിന് നിർബന്ധിക്കൽ, ഈ പണം തിരിച്ചടക്കുന്നതിന് നിർബന്ധിക്കൽ, പാസ്‌പോർട്ട് പിടിച്ചുവെക്കൽ, തൊഴിലാളി തൊഴിൽ സ്ഥലത്തു നിന്ന് ഒളിച്ചോടിയതായി വ്യാജ പരാതി (ഹുറൂബാക്കൽ) നൽകൽ എന്നീ നിയമ ലംഘനങ്ങളും കുറ്റകൃത്യങ്ങളുമാണ് സ്‌പോൺസർ ചെയ്തത്.ഇവ മനുഷ്യക്കടത്ത് വിരുദ്ധ നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളാണ്. സൗദിയിൽ മനുഷ്യക്കടത്ത് കേസ് പ്രതികൾക്ക് പത്തു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും.
നിയമാനുസൃത ശിക്ഷകളും നിയമ നടപടികളും ഒഴിവാക്കുന്നതിന് തൊഴിലുടമകൾ തൊഴിൽ നിയമം കർശനമായി പാലിക്കണമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു.