റിയാദ്- അശ്രദ്ധമായ ധന ഇടപാടുകൾ പണം വെളുപ്പിക്കൽ കേസിൽ കുടുക്കിയേക്കുമെന്ന് സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) മുന്നറിയിപ്പ് നൽകി.
ഇത്തരം ഇടപാടുകൾ പ്രത്യക്ഷമായോ പരോക്ഷമായോ പണം വെളുപ്പിക്കൽ ഇടപാടുകളിൽ കുടുക്കാനിടയുണ്ട്. അജ്ഞാതരായ ആളുകൾക്ക് പണം അയച്ചുകൊടുക്കാൻ പാടില്ല. ഇങ്ങനെ പണം അയച്ചു കൊടുക്കുന്നത് പണം വെളുപ്പിക്കൽ കേസിൽ കുടുക്കിയേക്കും.
ബാങ്കിംഗ് സംവിധാനത്തിന് പുറത്ത് അനധികൃത മാർഗങ്ങളിലൂടെ പണമയക്കാനും പാടില്ല. ഇങ്ങനെ അനധികൃത മാർഗങ്ങളിലൂടെ അയക്കുന്ന തുക പണം വെളുപ്പിക്കൽ ഇടപാടുകൾക്ക് ദുരുപയോഗിക്കാൻ സാധ്യതയുണ്ട്. പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും സ്വന്തം അക്കൗണ്ട് ഉപയോഗിക്കുന്നതിന് മറ്റു കക്ഷികളെ അനുവദിക്കുന്നതും നിയമ വിരുദ്ധ ധന ഇടപാടുകൾക്ക് കൂട്ടുനിൽക്കലായി മാറിയേക്കുമെന്ന് സാമ മുന്നറിയിപ്പ് നൽകി.