ഈരാറ്റുപേട്ട - ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ചെയർമാൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച ടി.എം. റഷീദിന് പിന്തുണ നൽകിയത് ഭരണ പ്രതിസന്ധി മറികടക്കാനായിരുന്നെന്ന് എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സുബൈർ വെള്ളാപ്പള്ളി പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ എൻ.ഡി.എയോടൊപ്പം നൽകുന്ന ജനപക്ഷത്തോടൊപ്പം ചേർന്നതിനെക്കുറിച്ച് പ്രസ്താവനയിൽ മൗനം പാലിക്കുകയാണ്.
നഗരസഭയിൽ കഴിഞ്ഞ കുറെ മാസങ്ങളായി ഭരണം അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ ബജറ്റിൽ പാസ്സായ പല വർക്കുകളും പൂർത്തീകരിക്കാനാകാതെ കിടക്കുന്നു. അധികാരത്തിനു വേണ്ടി ഇരുമുന്നണികളിലേക്കും പരസ്പരം കൂറുമാറി മനപൂർവം ഭരണ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഈയൊരു സാഹചര്യത്തിലാണ് മൂന്നാമതൊരു ബദൽ വന്നപ്പോൾ അതിനെ പിന്തുണയ്ക്കാൻ എസ്.ഡി.പി.ഐ തീരുമാനിച്ചത്. എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന് യു.ഡി.എഫും എൽ.ഡി.എഫും പ്രഖ്യാപിച്ചിരിക്കെ ഭരണ പ്രതിസന്ധി മറികടക്കാൻ മൂന്നാമതൊരു ബദലിനെ പിന്തുണക്കാൻ പാർട്ടി തയ്യാറാവുകയായിരുന്നു. കഴിഞ്ഞ ചെയർമാൻ തിരഞ്ഞെടുപ്പിലും രാഷ്ട്രീയം നോക്കാതെ എസ്.ഡി.പി.ഐ കൗൺസിലർമാർ വോട്ട് ചെയ്തിരുന്നത് അനിശ്ചിതത്വം അവസാനിക്കാനായിരുന്നു -പ്രസ്താവനയിൽ പറയുന്നു.
ഈരാറ്റുപേട്ടയിൽ സി.പി.എം വിമതന് പിന്തുണയുമായി എസ്.ഡി.പി.ഐയും പി.സി. ജോർജിന്റെ ജനപക്ഷവും
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച പി.സി. ജോർജിന് എസ്.ഡി.പി.ഐ പിന്തുണ നൽകിയിരുന്നു. എന്നാൽ പി.സി. ജോർജ് എൻ.ഡി.എയുമായി ബന്ധം സ്ഥാപിച്ചതോടെ ഫാസിസ വിരുദ്ധ നയത്തിന്റെ ഭാഗമായി അദ്ദേഹവുമായുള്ള എല്ലാ ബന്ധങ്ങളും എസ്.ഡി.പി.ഐ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
വീണ്ടും ജനപക്ഷവുമായി കൂട്ടുചേർന്ന് ചെയർമാൻ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് ചർച്ചയായിരിക്കുകയാണ്.