'സിനിമാ നടി'യുടെ തേന്‍കെണിയില്‍  അരി വ്യവസായി പെട്ടു, കേസില്‍ അറസ്റ്റ് 

ആലുവ-പ്രമുഖ അരി വ്യവസായിയെ ബ്ലാക്‌മെയില്‍ ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ യുവതിയും കാമുകനും അറസ്റ്റിലായി. ചാലക്കുടി സ്വദേശി സീമ (32), ഇടപ്പള്ളി സ്വദേശി സഹല്‍ (ഷാനു-31) എന്നിവരെയാണു പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത് . 
യുവവ്യവസായിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് അടുപ്പം സ്ഥാപിച്ചശേഷമാണു ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്. വ്യവസായിയുടെ പരാതിപ്രകാരമാണ് അറസ്റ്റ്. എറണാകുളത്തു താമസിക്കുന്ന, പാലക്കാട് സ്വദേശിയായ മറ്റൊരു യുവതിയേയും പോലീസ് തെരയുന്നു. തട്ടിപ്പിന്റെ ആസൂത്രക ഇവരാണെന്നാണു സീമയുടെ മൊഴി. നിരവധിപ്പേര്‍ ഇവരുടെ കെണിയില്‍ കുടുങ്ങിയെന്നു പോലീസ് കണ്ടെത്തിയതിനേത്തുടര്‍ന്ന് വിശദമായ അന്വേഷണത്തിനു പ്രത്യേകസംഘത്തെ നിയോഗിച്ചു.
സീമയ്ക്കു രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ഒത്താശ ചെയ്യുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ചലച്ചിത്രനടിയെന്നു പറഞ്ഞാണു സീമ വ്യവസായപ്രമുഖരെ സമീപിക്കുകയും ചങ്ങാത്തത്തിലാവുകയും ചെയ്തത്. അമ്മു, അബി എന്നീ പേരുകളും മാറിമാറി ഉപയോഗിച്ചു. കൊച്ചിയിലെ ഒരു പ്രമുഖ രാഷ്ട്രീയനേതാവ് സീമയുടെ സംഘവുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. ഇതു സംബന്ധിച്ചും അന്വേഷണം നടക്കുന്നു.
ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായി സൗഹൃദത്തിലായശേഷം അദ്ദേഹത്തിന്റെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച് പണം തട്ടാനും ശ്രമിച്ചതായി സ്‌പെഷല്‍ ബ്രാഞ്ച് കണ്ടെത്തി. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണു പോലീസിന്റെ തീരുമാനം. കൊച്ചി കേന്ദ്രീകരിച്ചു ബ്ലാക്‌മെയില്‍ സംഘങ്ങള്‍ പെരുകുന്നതായി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് 'തേന്‍കെണി'യില്‍പ്പെടുത്തുകയും, നഗ്‌നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഇവരുടെ രീതി.

Latest News