- വരണാധികാരിയ്ക്ക് പിഴച്ചു; നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പ് റദ്ദാക്കി
ഈരാറ്റുപേട്ട - ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ, എൻ.ഡി.എ മുന്നണിയിലെ പി.സി. ജോർജിന്റെ ജനപക്ഷം എന്നിവയുടെ പിന്തുണയോടെ സി.പി.എം വിമതന് ജയം. എന്നാൽ ചട്ടം അറിയാതിരുന്ന വരണാധികാരിക്ക് പിഴച്ചതോടെ തെരഞ്ഞെടുപ്പ് റദ്ദാക്കി.
ഇന്ന് രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ മൽസര രംഗത്തുണ്ടായിരുന്ന എൽ.ഡി.എഫ് വിമതൻ ടി.എം. റഷീദിന് 12 വോട്ടും യു.ഡി.എഫിന്റെ വി.എം. സിറാജിന് 11 വോട്ടും സി.പി.എമ്മിന്റെ ലൈല പരീതിന് മൂന്ന് വോട്ടുമാണ് ലഭിച്ചത്. മൂന്ന് സ്ഥാനാർത്ഥികൾ മൽസരരംഗത്ത്് വന്നാൽ മൂന്നാംസ്ഥാനത്ത് പോകുന്നയാളെ ഒഴിവാക്കി വീണ്ടും വോട്ടിനിടണമെന്നാണ് ചട്ടം. അല്ലെങ്കിൽ ഒന്നാംസ്ഥാനത്ത് വരുന്നയാൾ മറ്റ് രണ്ട് പേർക്കുംകൂടി ലഭിച്ചതിനേക്കാൾ ഒരുവോട്ട് കൂടുതൽ ലഭിക്കണം.
എന്നാൽ വരണാധികാരിയായിരുന്ന ഐ.റ്റി.ഡി.സി പ്രോജക്ട് ഓഫീസർ പി. വിനോദ് ഈ ചട്ടം ശ്രദ്ധിച്ചിരുന്നില്ല. ഈ ചട്ടം ഒരാൾ യു.ഡി.എഫ് സ്ഥാനാർഥി സിറാജിനെ അറിയിക്കുകയും സിറാജ് വരണാധികാരിയെ ബോധിപ്പിക്കുകയും ചെയ്തു. തുടർ നടപടികൾക്കായി വരണാധികാരി ഒരുങ്ങുമ്പോഴേക്കും കൗൺസിലർമാരിൽ പലരും ഹാൾ വിട്ടിരുന്നു. ഇതോടെ ഇന്ന് നടന്ന തെരഞ്ഞെടുപ്പ് റദ്ദാക്കിയതായി വരാണാധികാരി പ്രഖ്യാപിക്കുകയായിരുന്നു.
കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ലൈല പരീതിനായിരുന്നു വിജയം. പക്ഷേ എസ്.ഡി.പി.ഐ വോട്ട് ചെയ്തതിൽ പ്രതിഷേധിച്ച് അവർ പാർട്ടി നിർദേശ പ്രകാരം മിനിറ്റുകൾക്കുള്ളിൽ രാജിവെച്ചു. വർഗീയ കക്ഷിയായ എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്നായിരുന്നു പാർട്ടി നിലപാട്. എന്നാൽ ഇത്തവണ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി മുൻ ചെയർമാനായിരുന്ന ടി.എം. റഷീദ് രംഗത്തെത്തുകയായിരുന്നു.
28 അംഗ കൗൺസിലിൽ 27 പേരാണ് ഹാജരായത്. വൈസ് ചെയർപേഴ്‌സൺ ബൽക്കീസ് നവാസ് പങ്കെടുത്തില്ല. ടി.എം. റഷീദിന് 12 വോട്ടുകൾ ലഭിച്ചു. ഒരു ജനപക്ഷാംഗത്തിന്റെയും എസ്.ഡി.പി.ഐയുടേയും ഉൾപ്പെടെയാണ് 12 വോട്ട്. ഒരു വോട്ട് അസാധുവാകുകയും ചെയ്തു. യുഡിഎഫിന് 11 വോട്ട് ലഭിച്ചു. ലൈല പരീതിന് പാർട്ടിയുടെ മൂന്ന് വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
തെരഞ്ഞെടുപ്പിന് ശേഷം പുറത്തിറങ്ങിയ ടി.എം. റഷീദിന് നേരെ സി.പി.എം പ്രവർത്തകർ കയ്യേറ്റശ്രമം നടത്തുകയും ചെയ്തു. പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. വൻ പോലീസ് സംഘമാണ് സ്ഥലത്തുണ്ടായിരുന്നത്.
നഗരസഭയുടെ പ്രഥമ ചെയർമാനായിരുന്ന ടി.എം. റഷീദ് എസ്.ഡി.പി.ഐയുടെ മൗന പിന്തുണയോടെയായിരുന്നു ഭരണം നടത്തിയിരുന്നത്. എന്നാൽ പാർട്ടിക്ക് കീഴ്‌പ്പെടാത്ത റഷീദിനെ പാർട്ടിയിൽനിന്നും ചെയർമാൻ സ്ഥാനത്തുനിന്നും പുറത്താക്കുകയായിരുന്നു.
ഇതോടെ നാല് വർഷത്തിനിടെ നാല് ചെയർമാൻ തെരഞ്ഞെടുപ്പുകൾ നടന്ന ഈരാറ്റുപേട്ടയിൽ ഇനിയും ഒരു തെരഞ്ഞെടുപ്പുകൂടി ഉറപ്പായി.
ഇതിനിടെ നഗരസഭയിൽ ഇടതുപക്ഷത്തിൻറെ സ്വാധീനം വീണ്ടും കുറഞ്ഞ് മൂന്ന് വോട്ടുകളിലേയ്ക്ക് ഒതുങ്ങിയത് എൽ.ഡി.എഫിന് ക്ഷീണമായി. പാർട്ടി നടപടി നേരിട്ടെങ്കിലും താൻ ശക്തനാണെന്ന് ടി.എം. റഷീദിന് തെളിയിക്കാനുമായി. യു.ഡി.എഫ് ചെയർമാൻ സ്ഥാനത്ത് നിന്നും പുറത്താക്കിയ വി.കെ. കബീറിന്റേയും എസ്.ഡി.പി.ഐയുടെയും ജനപക്ഷാംഗം ജോസ് വള്ളിക്കാപ്പിലിന്റേയും വോട്ട് ടി.എം.റഷീദിന് ലഭിച്ചു. സി.പി.എം അംഗം ഷെറീന റഹീം, ജനപക്ഷത്ത് നിന്നും മാറിയ കുഞ്ഞുമോൾ സിയാദ് എന്നിവരും ടി.എം. റഷീദിനെ പിന്തുണച്ചു.
തെരഞ്ഞെടുപ്പിന് മുൻപേ മറ്റൊരു രാഷ്ട്രീയ നീക്കവും നടന്നിരുന്നു. പാർട്ടിയുടെ സജീവ പ്രവർത്തകരായിരുന്ന മുഹമ്മദ് ഷാഫി, നൗഫൽഖാൻ, കെ.ഐ. നൗഷാദ് എന്നിവർ സി.പി.എമ്മിൽനിന്നും രാജിവെച്ചിരുന്നു. സംഘപരിവാറിനെയും ലീഗിനെയും സി.പി.എം വളർത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നു രാജി. ഷാഫിയുടെ ഭാര്യ ഇൽമുന്നിസ, നൗഫൽഖാന്റെ ഭാര്യ സുൽഫത്ത് എന്നിവർ നഗരസഭയിൽ ഇടതു കൗൺസിലർമാരാണ്. പുറത്ത് ഭർത്താക്കൻമാർ പാർട്ടി വിട്ടതോടെ ഇരുവരും ടി.എം. റഷീദിന് വോട്ട് നൽകുകയായിരുന്നു.
അതിനിടെ, മുസ്്‌ലിം ലീഗിന്റെ ചെയർമാൻ സ്ഥാനാർഥിയായിരുന്ന വി.എം. സിറാജ് നഗരസഭയുടെ തേക്ക് തടി മോഷണത്തിൽ കുറ്റാരോപിതനായ കൗൺസിലർമാരുമായി ചെയർമാൻ കസേര ഉറപ്പിക്കാൻ വേണ്ടി നടത്തിയ വീഡിയോ സംഭാഷണവും പുറത്തു വന്നിട്ടുണ്ട്. ഇതേക്കുറിച്ച് സിറാജിനോട് പാർട്ടി വിശദീകരണം തേടിയിട്ടുണ്ടെന്നാണ് അറിയുന്നത്.