ജിദ്ദ- പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചാണ് തനിക്കെതിരെ സാമൂഹ്യ സുരക്ഷ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ ആരോപണം ഉന്നയിച്ചതെന്ന് ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ. ഏത് കുട്ടിയുടെ ചികിത്സക്ക് വന്ന പണത്തിലാണ് തിരിമറി നടത്തിയത് എന്ന കാര്യം വ്യക്തമാക്കണമെന്നും ഫിറോസ് വെല്ലുവിളിച്ചു.
കൃത്യമായി ജോലിയെടുക്കാതെ ആരോപണം മാത്രം ഉന്നയിച്ചാണ് മുഹമ്മദ് അഷീൽ രംഗത്തെത്തിയത്. മൂന്നു ലക്ഷം രൂപയ്ക്ക് കേരളത്തിൽ ഏത് ആശുപത്രിയിലാണെന്ന് വ്യക്തമാക്കണം. കേരളത്തിൽ കോഴിക്കോട് ഇഖ്‌റഅ് ആശുപത്രിയിൽ മാത്രമാണ് മൂന്നു ലക്ഷം രൂപക്ക് കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുന്നത്. എന്നാൽ ഇതിനോട് അനുബന്ധിച്ചുള്ള ചെലവ് മൂന്നു ലക്ഷത്തിൽ ഒതുങ്ങില്ല. ഒരാൾക്കും കിഡ്‌നി മാറ്റിവെക്കാൻ അൻപത് ലക്ഷം ആവശ്യപ്പെട്ടിട്ടില്ല.
ഇരിക്കുന്ന കസേരയിൽനിന്ന് പുറത്തിറങ്ങി ജനങ്ങളുടെ സങ്കടം കേൾക്കാൻ തയ്യാറാകണം. മൂന്നു ലക്ഷം രൂപയ്ക്ക് കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുന്നുണ്ടെന്ന് പറയുകയാണെങ്കിൽ താങ്കൾ ആ കസേരയിൽ കിടന്നുറങ്ങുകയാണെന്നും ഫിറോസ് ആരോപിച്ചു. തന്റെ എക്കൗണ്ട് സർക്കാറിനോ ഏജൻസികൾക്കോ വേണമെങ്കിൽ അന്വേഷിക്കാം. ആളുകളുടെ ദയനീയത ചൂഷണം ചെയ്ത് കാശുണ്ടാക്കുന്നുവെന്ന് പച്ചക്കള്ളം പറയുകയാണ്. ഞാൻ സഹായിച്ച മുഴുവൻ കേസുകളിലും അന്വേഷണം നടത്തി എന്ത് തട്ടിപ്പാണ് നടത്തിയത് എന്ന കാര്യം പൊതുജനത്തോട് വെളിപ്പെടുത്തണം. ആരുടെയും ശമ്പളം വാങ്ങിയല്ല പ്രവർത്തിക്കുന്നത്. മുഹമ്മദ് ആഷിറിന് സർക്കാർ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകിയിട്ടും ഒരു പ്രവർത്തനവും നടത്തുന്നില്ല. ജനങ്ങളുടെ കാര്യം നോക്കാതെ ഉറങ്ങുന്നതു കൊണ്ടാണ് ഞാനടക്കമുള്ളവർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത്. ഞങ്ങളുടെ നികുതിപ്പണം കൊണ്ടാണ് നിങ്ങൾ കുടുംബത്തെ പോറ്റുന്നത്. ജനങ്ങളുടെ അസുഖം ഭേദമാകാനാണ് ചാരിറ്റിയുമായി പുറത്തിറങ്ങുന്നത്. തനിക്കെതിരായ ആരോപണം തെളിയിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. ഏത് കുട്ടിയുടെ ചികിത്സക്കാണ് ഇരുപത്തിയഞ്ച് ലക്ഷം വന്നിട്ട് പത്തു ലക്ഷമേ നൽകൂവെന്ന് പറഞ്ഞതെന്ന് പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമാക്കണം. തോന്നിയതുപോലെ കള്ളം വിളിച്ചുപറയുന്നതെന്നും ഫിറോസ് ആവശ്യപ്പെട്ടു. മുഹമ്മദ് ആഷിറിന്റെ വാക്ക് സർക്കാറിന്റെ വാക്കാണെന്നും അതിന് മറുപടി പറയണം. സർക്കാറിന്റെ ആളുകളുടെ കഴിവുകേട് മറച്ചുവെച്ച് മറ്റുള്ളവരുടെ മേലിൽ കെട്ടിവെക്കുകയാണ്. രാഷ്ട്രീയപ്രേരിതമായ ആരോപണമാണ് ഉന്നയിക്കുന്നത്. ഏറി വന്നാൽ എന്നെ കൊല്ലും. അല്ലെങ്കിൽ കള്ളക്കേസുണ്ടാക്കി തുറുങ്കിലടക്കുമായിരിക്കും. അതിനെ ഭയപ്പെടുന്നില്ലെന്നും നന്മ ചെയ്യേണ്ടി വരുന്നതിന്റെ പേരിൽ പീഡനം അനുഭവിക്കേണ്ടി വരുന്നതിൽ സന്തോഷമേയുള്ളൂ. ആരുടെ കയ്യിൽനിന്ന് അച്ചാരം വാങ്ങിയാണ് മുഹമ്മദ് ആഷിറാണ് ആരോപണം ഉന്നയിക്കുന്നതെന്ന് അറിയില്ലെന്നും ഫിറോസ് ആവശ്യപ്പെട്ടു.