Sorry, you need to enable JavaScript to visit this website.

ഫിറോസ് കോടികൾ വെട്ടിക്കുന്നുവെന്ന് സാമൂഹ്യ സുരക്ഷാ മിഷൻ ഡയരക്ടർ

കൊച്ചി- ചാരിറ്റി പ്രവർത്തനത്തിന്റെ മറവിൽ ഫിറോസ് കുന്നുംപറമ്പിൽ കോടികൾ വെട്ടിക്കുന്നുവെന്ന്  സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ രംഗത്ത്. നന്മമരം എന്ന പേരിൽ നടക്കുന്നത് ആളുകളെ പറ്റിക്കുന്ന പരിപാടിയാണെന്നും ഒരു അക്കൗണ്ടബിലിറ്റിയുമില്ലാതെ നന്മമരം എന്ന മറ വെച്ച് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വഞ്ചനയാണെന്നും അഷീൽ പറഞ്ഞു.
കുറേയാൾക്ക് ഗുണം ലഭിക്കുന്നുണ്ട് എന്ന കാര്യം മനസിലാക്കിക്കൊണ്ട് തന്നെ പറയുകയാണ്. എന്താണ് ഇവിടെ സംഭവിക്കുന്നതെന്ന് മനസിലാക്കേണ്ടതുണ്ട്. മിലാപ്, കീറ്റോ പോലുള്ള കാശ് കളടക്ട് ചെയ്ത് ആളുകളെ സഹായിക്കുന്ന പ്രൈവറ്റ് സംവിധാനങ്ങൾ ഉണ്ട്. അവർ കൃത്യമായി പറയുന്നത് കലക്ട് ചെയ്യുന്നതിന്റെ 20 ശതമാനം അവർ എടുക്കുന്നു. ബാക്കി മറ്റുള്ളവർക്ക് നൽകുന്നു. എന്നാൽ നന്മമരത്തിന്റെ കൺസെപ്റ്റ് വല്ലാത്തൊരു കൺസെപ്റ്റാണ്. ഇത് കണ്ട് സഹിക്കാൻ പറ്റാഞ്ഞിട്ട് പറയുകയാണെന്നും ഡോ. അഷീൽ പറഞ്ഞു. 
ഒരിക്കൽ ഒരു കുട്ടിയുടെ ദൈന്യതയുടെ വാർത്ത ശ്രദ്ധയിൽപ്പെട്ടു. ആരോഗ്യമന്ത്രി തന്നെ നേരിട്ട് കുട്ടിയുടെ ബന്ധുക്കളെ വിളിച്ച് സംസാരിച്ചു. ബന്ധുക്കൾ ഫോൺ അവിടെയുള്ള മറ്റൊരാൾക്ക് കൈമാറി.നന്മമരത്തിന്റെ ആ ആശുപത്രിയിലെ കോഓർഡിനേറ്ററായിരുന്നു അത്. കുട്ടിയുടെ ചികിത്സക്കായി 30 ലക്ഷം രൂപയാണ് വേണ്ടതെന്നും ഇതിൽ 25 ലക്ഷം രൂപ സമാഹരിച്ചെന്നും അദ്ദേഹം മന്ത്രിയോട് പറഞ്ഞു.

ആ പണം ആശുപത്രിയിൽ കെട്ടിവയ്ക്കണമെന്നും ബാക്കി തുക സർക്കാർ അടയ്ക്കാമെന്നും മന്ത്രി അറിയിച്ചു. എന്നാൽ തങ്ങളുടെ രീതി അങ്ങനെയല്ലെന്ന മറുപടിയാണ് അദ്ദേഹം മന്ത്രിയോട് പറഞ്ഞത്. പിരിച്ചതുകയിൽ നിന്ന് 10 ലക്ഷം രൂപ കുട്ടിക്ക് നൽകും. ബാക്കി തുക മറ്റുള്ള ആവശ്യക്കാർക്ക് നൽകുമെന്നാണ്. ആരാണ് ഇത് തീരുമാനിക്കുന്നത്, ആർക്കാണ് വിതരണം ചെയ്യുന്നത് എന്ന്.

ഒരുകുട്ടിയുടെ ഫോട്ടോയും വീഡിയോയും ആ കുട്ടിയുടെ ദയനീയത കാട്ടി സമാഹരിച്ച തുക മറ്റുള്ളവർക്കേ കൊടുക്കൂവെന്ന് പറയുന്നത് തോന്നിവാസമല്ലാതെ മറ്റെന്താണ്. ഇത് എന്ത് രീതിയാണെന്ന് അന്ന് മിസിസ്റ്റർ ചോദിക്കുകയും ചെയ്തു.
സ്വകാര്യ ആശുപത്രിയിൽ പോലും കിഡ്‌നി മാറ്റിവയ്ക്കുന്നതിന് മൂന്നു ലക്ഷമാണ്. എന്നാൽ നന്മമരം 30 മുതൽ 50 ലക്ഷം രൂപവരെ എന്നാണ് പറയുന്നത്. ഏത് ആശുപത്രിയിലാണ് 50 ലക്ഷം രൂപയ്ക്ക് കിഡ്‌നി മാറ്റിവെക്കുന്നത്. അതേസമയം ഈ പറയുന്ന നന്മമരത്തിന് എല്ലായിടത്തും പോകാൻ കഴിയില്ലല്ലോ അതുകൊണ്ട് തന്നെ വളരെ സെലക്ടീവാണ്. ഏറ്റവും കൂടുതൽ കാശ് കിട്ടാൻ കഴിയുന്ന സ്ഥലത്താണ് നന്മമരം പോകുന്നത്.

ബാക്കിയുള്ള കേസുകൾ നമ്മൾ എടുക്കേണ്ടി വരും. സർക്കാർ എന്ന രീതിയിൽ നമുക്ക് ഇന്നയാളെ മാത്രമേ എടുക്കാൻ പറ്റൂ എന്ന ചോയിസ് ഇല്ല. നന്മമരത്തിലൂടെ ചെയ്യുകയാണെങ്കിൽ ആ ആശുപത്രിലെ ബിൽ 30 ലക്ഷം രൂപയാണ്. സർക്കാർ സംവിധാനത്തിലൂടെ ചെയ്യുകയാണെങ്കിൽ ബിൽ 20 ലക്ഷമാണ്. 50 ലക്ഷവും 1 കോടിയുടേയും എന്ത് ചികിത്സയാണ് ഇവർ ചെയ്യുന്നത്. ശരിക്കും ആളെ പറ്റിക്കുന്ന പരിപാടിയാണ് ഇത്.

അപ്പോൾ ഒരു ചോദ്യം ഉയരുന്നത് എന്തുകൊണ്ടാണ് സർക്കാർ ഇത്തരം തട്ടിപ്പുകൾക്കെതിരെ നടപടിയെടുക്കാത്തത് എന്നാണ്. സർക്കാർ നടപടിയെടുക്കാത്തതിന് കൃത്യമായ കാരണമുണ്ട്.

സമാനമായ മറ്റൊരു ആളിന്റെ ഓൺലൈൻ ഫണ്ട് സമാഹരണത്തിന്റെ കാര്യം വാർത്തയാക്കിയ വനിതാ മാധ്യമപ്രവർത്തക ജസ്റ്റീനയ്ക്ക് ഈ നന്മമരത്തിന്റെ വെട്ടുകിളി സംഘത്തിന്റെ ആക്രമണം നേരിടേണ്ടിവന്നു. ഈ നന്മമരം ചെയ്തതിന്റെ എത്രയോ ഇരട്ടി സഹായം സർക്കാർ സംവിധാനങ്ങൾ വഴി ചെയ്തു. എന്നാൽ നമ്മുടെ പൊതുബോധം സർക്കാർ സംവിധാനങ്ങളെ അവഗണിക്കുന്നതാണ്. സ്വകാര്യ ആശുപത്രിയിൽ പോലും കിഡ്‌നി മാറ്റിവയ്ക്കുന്നതിന് മൂന്നു ലക്ഷമാണ്. ഇഷ്ടംപോലെ കേസുകൾ സാമൂഹ്യസുരക്ഷാ മിഷൻ ചെയ്യുന്നുണ്ട്. എന്നാൽ നന്മമരം 30 മുതൽ 50 ലക്ഷം രൂപവരെ എന്നാണ് പറയുന്നത്. ഇത് പറ്റിപ്പല്ലേ, എന്ത് നന്മയാണ് അതിനകത്തുള്ളത്. 10 ലക്ഷത്തിന് പറ്റിച്ചാലും 20 ലക്ഷത്തിന് പറ്റിച്ചാലും കുറേ പേർക്ക് ഗുണം ലഭിക്കുന്നില്ലേ എന്നാണ് ചിലർ ചോദിക്കുന്നത്.

നന്മമരം ഏറ്റെടുക്കുന്നതിന്റെ നൂറിരട്ടി കേസുകൾ സാമൂഹ്യമിഷൻ ഏറ്റെടുക്കുന്നുണ്ട്. ദയയീയത കാണിച്ചോ ആളെ പറ്റിച്ചോ അല്ല അത് ചെയ്യുന്നത്. സാമൂഹ്യസുരക്ഷാ മിഷനിൽ ഒരു രൂപയിട്ടാൽ അത് ഓഡിറ്റബിളാണ്. മറ്റുള്ളവരുടെ പണം വാങ്ങി സഹായിക്കുമ്പോൾ അക്കൗണ്ടബിലിറ്റി വേണം. 200 കോടിയിൽ പരം സഹായിച്ചുവെന്ന് ചാനൽചർച്ചയിൽ നന്മമരം പറഞ്ഞു. എവിടെയാണ് അതിന്റെ കണക്ക്. ആരാണ് അത് ഓഡിറ്റ് ചെയ്യുന്നത്. വല്ലവന്റേയും കാശ് കൊണ്ട് ഉണ്ടാക്കുന്നതിനേയല്ല പറയേണ്ടത്.

പത്ത് രൂപയാണ് കൊടുത്തത് എങ്കിൽ പോലും വിവരാകാശം കൊടുത്താൽ എന്തൊക്കെ ആർക്കൊക്കെ കൊടുത്തു എന്ന് കിട്ടില്ലേ. പ്രത്യേകിച്ച് വല്ലവന്റേയും കാശ് വെച്ച് ചെയ്യുമ്പോൾ അത് ഓഡിറ്റ് ചെയ്യണം. അത് ചോദ്യം ചെയ്യപ്പെടണം. ആ സമയത്ത് വെട്ടുകിളികളെ പോലെ ആക്രമിക്കുകയല്ല വേണ്ടത്.ഒരു സ്ത്രീയെ അപമാനിച്ചതുമാത്രമല്ല വിഷയം. വലിയൊരു മാഫിയ ഇതിനകത്തുണ്ട്. വെറുതെ പറയുകയല്ല. കോടികളുടെ വരവാണുള്ളത്. അതിന് പുറമെ കുട്ടികളെ നിർത്തിയതുകൊണ്ടോ ദയനീയത കാണിച്ചതുകൊണ്ടോ ഇവർക്ക് വേണ്ടിയാണ് ചെയ്യുന്നത് എന്ന് പറയുന്നതുകൊണ്ടോ അങ്ങനെ വിട്ടുകളയാൻ പറ്റില്ല.
കുറച്ചുപേർക്ക് സഹായം ലഭിച്ചിട്ടുണ്ട്. പക്ഷേ, അതിലുപരി ഈ പറയുന്നവർ എന്തൊക്കെയുണ്ടാക്കിയിട്ടുണ്ടെന്ന് അറിയണം. ഇതൊരു നന്മ മാത്രമല്ല, ബിസിനസ് ഇതാണ് ട്രസ്റ്റ് ഇത്രയാണ് ടാക്‌സ് ഇതാണ് അക്കൗണ്ടുകൾ ഇതൊക്കെ പറയണ്ടേ.. ഇതൊന്നും പറയാതെ ഇദ്ദേഹം മാത്രമല്ല ഇയാളെപ്പോലുള്ള പല നന്മമരങ്ങളും ചെയ്യുന്നത് ഇത്തരത്തിലുള്ള തോന്നിവാസമാണ്. കണ്ട് സഹിക്കാൻ പറ്റാത്തതുകൊണ്ട് പറയുന്നതാണ്. ഇതൊക്കെ ചോദ്യം ചെയ്യപ്പെടണം. അസഹിഷ്ണുത ഉണ്ടായിട്ടുകാര്യമില്ല.

ആളുകളുടെ ദയനീയത ചൂഷണം ചെയ്ത് കാശുണ്ടാക്കുന്നുണ്ടെങ്കിൽ അത് തെറ്റ് തന്നെയാണ്. അതിൽ സംശയമില്ല. ഇത് ബിസിനസ് ആണെന്ന് പറഞ്ഞ് ചെയ്യൂ. അതിൽ എന്താണ് തെറ്റ്. കൃത്യമായ ഓഡിറ്റബിളായിട്ടുള്ള അക്കൗണ്ട് നമ്പർ വെച്ച് ഇത് ചെയ്യൂ. ബിസിനസ് ആണെങ്കിൽ ബിസിനസ് ആയി നടത്തണം. അതിന് നന്മമരം എന്ന മറ വെക്കുന്നുണ്ടെങ്കിൽ അത് ഫ്രോഡാണ് കള്ളത്തരമാണ്. ഇതിന് മുകളിൽ വരുന്ന എന്തുപൊങ്കാലയും സ്വീകരിക്കാൻതയാറായി തന്നെയാണ് ഇത്രയും പറയുന്നതെന്നും അഷീൽ പറഞ്ഞു.
 

Latest News