Sorry, you need to enable JavaScript to visit this website.

ദന്ത ചികിത്സാ മേഖലയിലും സൗദിവല്‍ക്കരണം; വിദേശികള്‍ക്ക് അവസരം കുറയും

റിയാദ്- ദന്ത ചികിത്സാ മേഖലയിൽ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഉടൻ പ്രഖ്യാപിച്ചേക്കും. ഇതോടൊപ്പം മറ്റേതാനും മേഖലകളിൽ സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കുമെന്നും വിവരമുണ്ട്. മലയാളികളടക്കം നൂറുകണക്കിന് ദന്ത ഡോക്ടർമാരെ ഇത് പ്രതികൂലമായി ബാധിച്ചേക്കും.


സൗദി ദന്ത ഡോക്ടർമാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടിയാണിത്. ആയിരത്തിലേറെ സൗദി ദന്ത ഡോക്ടർമാർ തൊഴിൽ രഹിതരായുണ്ടെന്നാണ് കണക്ക്. ഈ മേഖലയിൽ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ദിവസങ്ങൾക്കുള്ളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്. സൗദിവൽക്കരണ വ്യവസ്ഥകളും ഇതോടൊപ്പം തൊഴിൽ, സാമൂഹിക വികസന മന്ത്രി പ്രഖ്യാപിച്ചേക്കും.


സൗദി ദന്ത ഡോക്ടർമാർക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുമെന്ന് അടുത്തിടെ ആരോഗ്യ മന്ത്രി തൗഫീഖ് അൽറബീഅ വ്യക്തമാക്കിയിരുന്നു. പുതിയ കണക്കുകൾ പ്രകാരം സൗദി ഹെൽത്ത് സ്‌പെഷ്യാലിറ്റീസ് കമ്മീഷൻ ലൈസൻസുള്ള 5287 സൗദി ദന്ത ഡോക്ടർമാരും 9729 വിദേശ ദന്ത ഡോക്ടർമാരും രാജ്യത്തുണ്ട്. കമ്മീഷൻ ലൈസൻസുള്ള 3116 ഡെന്റൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരും രാജ്യത്തുണ്ട്. ഇക്കൂട്ടത്തിൽ 1651 പേർ സൗദികളും അവശേഷിക്കുന്നവർ വിദേശികളുമാണ്. 


വിദേശത്തു നിന്ന് ദന്ത ഡോക്ടർമാരുടെ റിക്രൂട്ട്‌മെന്റ് വിലക്കുന്നതിന് തൊഴിൽ, ആരോഗ്യ മന്ത്രാലയങ്ങൾ ധാരണയിലെത്തിയതായി ആരോഗ്യ മന്ത്രി അടുത്തിടെ അറിയിച്ചിരുന്നു. റിക്രൂട്ട്‌മെന്റ് നിർത്തുന്നതോടെ സൗദിയിൽ ജോലി ചെയ്യുന്ന വിദേശ ദന്ത ഡോക്ടർമാർക്കു പകരം സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാകും. ഡെന്റൽ മെഡിസിൻ കോഴ്‌സ് പഠിച്ചിറങ്ങുന്ന സൗദികളുടെ എണ്ണം ഏറെ കൂടുതലാണ്. രാജ്യത്ത് ദന്ത ഡോക്ടർമാരുടെ മുഴുവൻ ഒഴിവുകളും നികത്തുന്നതിന് സ്വദേശി ഡോക്ടർമാർക്ക് സാധിക്കും. ഏതാനും വർഷങ്ങൾക്കുള്ളിൽ വിദേശങ്ങളിൽ നിന്ന് ദന്ത ഡോക്ടർമാരെ റിക്രൂട്ട് ചെയ്യേണ്ട ആവശ്യം തന്നെ ഇല്ലാതായി മാറുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.


സൗദിയിൽ 26 ഡെന്റൽ കോളേജുകളാണുള്ളത്. ഇതിൽ 18 എണ്ണം സർക്കാർ കോളേജുകളും എട്ടെണ്ണം സ്വകാര്യ സ്ഥാപനങ്ങളുമാണ്. രാജ്യത്ത് ഡെന്റൽ ഡോക്ടർമാരിൽ സൗദികൾ 25 ശതമാനത്തോളം മാത്രമാണ്. വരും വർഷങ്ങളിൽ ഓരോ കൊല്ലവും വിദേശ ഡെന്റൽ ഡോക്ടർമാരുടെ എണ്ണം 27.5 ശതമാനം തോതിൽ കുറക്കുന്നതിന് സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാലിറ്റീസിന് നീക്കമുണ്ട്. 2027 ആകുമ്പോഴേക്കും 21,800 സൗദി ഡെന്റൽ ഡോക്ടർമാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി. തൊഴിൽ രഹിതരായ സ്വദേശി ദന്ത ഡോക്ടർമാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് രൂപീകരിച്ച പ്രത്യേക കമ്മിറ്റി സമർപ്പിച്ച ശുപാർശകൾ ഉന്നതാധികൃതർ അംഗീകരിച്ചിട്ടുണ്ട്. 


സൗദിവൽക്കരണം പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി  അറിയിച്ചതായി സൗദി ദന്ത ഡോക്ടർ സുൽത്താൻ അബൂ ഹസ്‌റ പറഞ്ഞു. ഡെന്റൽ മേഖലയിൽ പ്രവർത്തിക്കുന്ന തന്റെ സ്ഥാപനത്തിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രി കഴിഞ്ഞ ദിവസം സന്ദർശനം നടത്തി. താനും സഹപ്രവർത്തകരും മന്ത്രിയുമായി സൗഹൃദ സംഭാഷണം നടത്തി. തൊഴിൽരഹിതരായ സൗദി ദന്ത ഡോക്ടർമാരുടെ ഭാവിയെക്കുറിച്ചും മന്ത്രിയുമായി തങ്ങൾ സംസാരിച്ചു. സൗദി ദന്ത ഡോക്ടർമാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന ഏതാനും പദ്ധതികൾ വൈകാതെ പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ടെന്നും സുൽത്താൻ അബൂഹസ്‌റ പറഞ്ഞു.

 

Latest News