ദമാം- സൗദി അറാംകോക്കു കീഴിൽ ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ പ്രവർത്തിക്കുന്ന സാസ്‌റഫ് റിഫൈനറിയിലുണ്ടായ അപകടത്തിൽ രണ്ടു പേർ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിഫൈനറിയിലെ ടാങ്കുകളിലൊന്ന് പ്രവർത്തിപ്പിക്കുന്നതിന് തൊഴിലാളികൾ സജ്ജീകരിക്കുന്നതിനിടെയാണ് അപകടം.
അപകടമുണ്ടായ ഉടൻ കമ്പനിയിലെ റെസ്‌പോൺസ് ടീം അപകടം നിയന്ത്രണ വിധേയമാക്കുന്നതിനും അപകട കാരണം അറിയുന്നതിനും എമർജൻസി പദ്ധതി നടപ്പാക്കി. അപകടത്തിൽ മരിച്ചവരും പരിക്കേറ്റവരും സാസ്‌റഫിനു കീഴിലെ ജോലികളുടെ കരാറേറ്റെടുത്ത കരാറുകാരനു കീഴിലെ തൊഴിലാളികളാണ്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതെ നോക്കുന്നതിന് മുഴുവൻ സുരക്ഷാ മുൻകരുതൽ നടപടികളും പുനഃപരിശോധിച്ചിട്ടുണ്ടെന്നും സാസ്‌റഫ് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.