റിയാദ് - കാറുകൾ കൂട്ടിയിടിച്ച് താനൂർ സ്വദേശി മരിച്ചു. അൽഖസീം ബുഖൈരിയയിൽ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം താനൂർ ഓമച്ചപ്പുഴ സ്വദേശി തച്ചറോടത്ത് കുഞ്ഞേനി (59) യാണ് ബുഖൈരിയയിലുണ്ടായ അപകടത്തിൽ മരിച്ചത്. സ്വദേശി ഓടിച്ച ജി.എം.സി കാറും ഇദ്ദേഹത്തിന്റെ കാറും മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് കുഞ്ഞേനി മരിച്ചത്. പരിക്കേറ്റ സ്വദേശി പൗരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭാര്യ: ഖദീജ. മക്കൾ: അബ്ദുറഊഫ്, മുഹമ്മദ് ത്വാഹ, ഉമ്മു സൽമ, ഉമ്മു ഹബീബ, ഉമ്മു സബീറ. 33 വർഷമായി അൽറാസിലുള്ള ഇദ്ദേഹം ഇപ്പോൾ ഡ്രൈവറായാണ് ജോലി ചെയ്യുന്നത്. ബുഖൈരിയ നാഷണൽ ഹോസ്പിറ്റൽ മോർച്ചറിയിലുള്ള മയ്യിത്ത് ഇവിടെ ഖബറടക്കും. സുഹൈൽ തങ്ങൾ, അബ്ബാസ്, അലി വാഴക്കാട്, സിദ്ദീഖ് തുവ്വൂർ എന്നിവരുടെ നേതൃത്വത്തിൽ ഉനൈസ, ബുഖൈരിയ, റിയാദ് കെ.എം.സി.സി പ്രവർത്തകർ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.