കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരില്‍ നിന്നും വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്നുമായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് 85 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.
ദുബായില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ അബ്ബാസ് മുഹമ്മദ് (34), ഇബ്രാഹിം മൊര്‍ല (29) എന്നിവരില്‍ നിന്നായി മിശ്രിത രൂപത്തിലുളള 1243 ഗ്രാമാണ് പിടികൂടിയത്. ഇരുവരും ക്യാപ്‌സൂള്‍ രൂപത്തിലാക്കി സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു.
മസ്‌കത്തില്‍ നിന്നുളള ഒമാന്‍ എയര്‍ വിമാനത്തിലെത്തിയ അബ്ദുല്‍ ഹമീദില്‍ നിന്നു 497 ഗ്രാം സ്വര്‍ണം മിശ്രിതമാണ് പിടിച്ചത്. ഇയാളും ക്യാപ്‌സൂള്‍ രൂപത്തിലാക്കിയാണ് ഒളിപ്പിച്ചത്. ദുബായില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്നാണ് 466 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. സീറ്റിന് അടിയില്‍ നാല് സ്വര്‍ണ ബിസ്‌കറ്റുകള്‍ ഒളിപ്പിച്ച നിലയിലായിരുന്നു.