ദമാം- ദമാമിലെത്തിയ പൊന്നാനി എം.പി ഇ.ടി.മുഹമ്മദ് ബഷീറുമായി കാലിക്കറ്റ് യൂസേഴ്‌സ് ഫോറം അംഗങ്ങൾ കൂടിക്കാഴ്ച നടത്തി. കാലിക്കറ്റ് എയർപോർട്ടുമായി ബന്ധപ്പെട്ട വിമാനക്കമ്പനികൾ അടിച്ചേൽപിക്കുന്ന ടിക്കറ്റ് വർധനവിനെതിരെ യൂസേഴ്‌സ് ഫോറം സൂചിപിച്ചപ്പോൾ, നമ്മുടെ പരിധിയിൽ ഒതുങ്ങാത്തതാണെങ്കിലും പ്രവാസികൾക്കുവേണ്ടി തന്നാലാവുംവിധം ഇടപെടുമെന്നും അതിനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വിമാന ക്കൂലി വർധിപ്പിക്കുന്നത് അതാത് വിമാന കമ്പനികളുടെ പരിധിയിൽ പെടുന്നതാണ്.
എങ്കിലും മറ്റു അന്താരാഷ്ട്ര എയർപോർട്ടുകളെപ്പോലെ കൂടുതൽ വിമാന സർവീസുകൾ കൊണ്ടുവരാൻ കഴിഞ്ഞാൽ ഒരു പക്ഷെ ഇതിനു ഒരു പരിധി വരെ കുറവുണ്ടാകാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
കൊച്ചി, കോഴിക്കോട് തുടങ്ങിയ വിമാനത്താവളങ്ങളിൽനിന്നും ദമാമിലേക്ക് നേരിട്ടുള്ള വിമാന സർവീസ് കൂടുതൽ നടത്താൻ ആവശ്യപ്പെടുമെന്നും കാലിക്കറ്റ് എയർപോർട്ടിന്റെ പ്രതാപം വീണ്ടെടുക്കാനുള്ള എല്ലാ വിധ ഇടപെടലുകളും നടത്തുന്നതിന് വേണ്ടി മറ്റു എം.പിമാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാണുവാൻ അവസരം ഒരുക്കുമെന്നും ഇ.ടി അറിയിച്ചു.
യൂസേഴ്‌സ് ഫോറം കൺവീനർ ടി.പി.എം ഫസൽ കെ.എം.സി.സി നേതാക്കളായ റഹ്മാൻ കാരയാട്, ഹബീബ്.ഒ.പി, മഹമൂദ്, ആലിക്കുട്ടി ഒളവട്ടൂർ, ഡോ. അബ്ദുസ്സലാം കണ്ണിയൻ എന്നിവരും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.