Sorry, you need to enable JavaScript to visit this website.

ധന, ഇൻഷുറൻസ് സ്ഥാപനങ്ങളിൽ ഉന്നത തസ്തികകൾ സൗദിവൽക്കരിക്കുന്നു

റിയാദ്- ധന, ഇൻഷുറൻസ് മേഖലാ സ്ഥാപനങ്ങൾ അടക്കം കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയുടെ (സാമ) മേൽനോട്ടത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ 13,000 ഉന്നത തസ്തികകൾ സൗദിവൽക്കരിക്കുന്നതിന് സാമ തീരുമാനിച്ചു. ഈ തസ്തികകൾ സൗദികൾക്കു മാത്രമായി സാമ പരിമിതപ്പെടുത്തി.
മാനവശേഷി മാനേജർ, സൈബർ സെക്യൂരിറ്റി മാനേജർ, ഐ.ടി മാനേജർ, കോംപ്ലിയൻസ് മാനേജർ, പണം വെളുപ്പിക്കൽ-ഭീകരതക്കുള്ള ഫണ്ടിംഗ് വിരുദ്ധ വിഭാഗം മാനേജർ, ലീഗൽ മാനേജർ, ഗവേണൻസ് മാനേജർ (ഡയറക്ടർ ബോർഡ് സെക്രട്ടറി), ഫിനാൻഷ്യൽ എക്‌സിക്യൂഷൻ വിഭാഗം മാനേജർ, ഇൻഷുറൻസ് കമ്പനികളിലെ കസ്റ്റമർ കെയർ വിഭാഗം മാനേജർ, വാഹന ഇൻഷുറൻസ് ക്ലെയിം വിഭാഗം മാനേജർ, ഇൻഷുറൻസ് കമ്പനികളിലെ റീട്ടെയിൽ സെയിൽസ് മാനേജർ എന്നീ തസ്തികകളാണ് സൗദികൾക്കു മാത്രമായി സാമ പരിമിതപ്പെടുത്തിയിരിക്കുന്നത്. 
ബാങ്കുകൾ, വിദേശ ബാങ്ക് ശാഖകൾ, ഇൻഷുറൻസ് കമ്പനികൾ, റീ-ഇൻഷുറൻസ് കമ്പനികൾ, വിദേശ ഇൻഷുറൻസ് കമ്പനികൾ, ഫിനാൻസ് കമ്പനികൾ, റീ-ഫിനാൻസ് കമ്പനികൾ, കോൺട്രാക്ട് രജിസ്‌ട്രേഷൻ കമ്പനികൾ, ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ, മണി എക്‌സ്‌ചേഞ്ചുകൾ, സൗദിയിൽ പ്രവർത്തിക്കുന്ന പെയ്‌മെന്റ്-ഫിനാൻഷ്യൽ ടെക്‌നോളജി കമ്പനികൾ, ലൈസൻസുള്ള ഫ്രീ പ്രൊഫഷൻ കമ്പനികൾ എന്നിവയാണ് കേന്ദ്ര ബാങ്കിന്റെ മേൽനോട്ടത്തിനു കീഴിൽ പ്രവർത്തിക്കുന്നത്. ഇത്തരം കമ്പനികളിലെ ഉയർന്ന തസ്തികകളിൽ സൗദികൾക്കു മുൻഗണന നൽകണമെന്ന് സാമ വ്യവസ്ഥ വെച്ചു. 
ഏതെങ്കിലും ധന, ഇൻഷുറൻസ് മേഖലാ സ്ഥാപനങ്ങളിൽ ഉന്നത തസ്തികകളിൽ വിദേശികളെ നിയമിക്കേണ്ട ആവശ്യം വരികയാണെങ്കിൽ ഇത്തരം തസ്തികകളിൽ നിയമിക്കുന്നതിന് മതിയായ യോഗ്യതകളുള്ള സൗദികളെ കിട്ടാനില്ല എന്ന കാര്യം സ്ഥാപനങ്ങൾ തെളിയിക്കണം. കൂടാതെ ഈ തസ്തികകളിൽ വിദേശികൾക്കു പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള പദ്ധതിയും സ്ഥാപനങ്ങൾ തയാറാക്കി സാമക്ക് സമർപ്പിക്കണമെന്ന് വ്യവസ്ഥയുണ്ട്. 
ഉന്നത തസ്തികകളിൽ ജോലി ചെയ്യുന്നവരുടെയും ഇത്തരം തസ്തികകളിൽ നിയമിക്കാനുദ്ദേശിക്കുന്നവരുടെയും യോഗ്യതാ സർട്ടിഫിക്കറ്റുകൾ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും നിർദേശമുണ്ട്. 
സ്വകാര്യ മേഖലയിലെ നിരവധി തൊഴിലുകൾ സ്വദേശികൾക്കു മാത്രമായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പരിമിതപ്പെടുത്തിയിട്ടുണ്ട്. 
സീനിയർ ഹ്യൂമൻ റിസോഴ്‌സ് മാനേജർ, എംപ്ലോയീസ് അഫയേഴ്‌സ് മാനേജർ, പേഴ്‌സണൽ റിലേഷൻസ് മാനേജർ, പേഴ്‌സണൽ അഫയേഴ്‌സ് സ്‌പെഷ്യലിസ്റ്റ്, പേഴ്‌സണൽ അഫയേഴ്‌സ് ക്ലാർക്ക്, റിക്രൂട്ട്‌മെന്റ് ക്ലാർക്ക്, എംപ്ലോയീസ് അഫയേഴ്‌സ് ക്ലാർക്ക്, ഡ്യൂട്ടി റൈറ്റർ, ജനറൽ റിസപ്ഷനിസ്റ്റ്, ഹോട്ടൽ റിസപ്ഷനിസ്റ്റ്, ഹോസ്പിറ്റൽ റിസപ്ഷനിസ്റ്റ്, കംപ്ലയിന്റ് ക്ലാർക്ക്, കാഷ്യർ, സെക്യൂരിറ്റി ഗാർഡ്, ഗവൺമെന്റ് റിലേഷൻസ് ഓഫീസർ, താക്കോൽ കോപ്പി ചെയ്യുന്ന വിദഗ്ധൻ, കസ്റ്റംസ് ക്ലിയറൻസ് ഓഫീസർ, ലേഡീസ് ഷോപ്പ് ജീവനക്കാരികൾ, ജ്വല്ലറി, മൊബൈൽ ഫോൺ കട ജീവനക്കാർ എന്നീ തൊഴിലുകളാണ് സൗദികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത്. 

 

Latest News