കോഴിക്കോട്- ഓമശ്ശേരിയിലെ മുസ്‌ലിം ലീഗ് പ്രവർത്തകനായിരുന്ന വി.കെ.ഇമ്പിച്ചിമോയിയെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസിൽ നിന്ന് അറിയിച്ചു. കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇമ്പിച്ചിമോയിയുടെ വീട്ടിൽ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. കൂടത്തായിയിലെ മകന്റെ കടയിൽ നടത്തിയ റെയ്ഡിൽ ജോളിയുടെ റേഷൻ കാർഡ് പോലീസ് കണ്ടെത്തിയിരുന്നു. ജോളിയുമായി ഇമ്പിച്ചിമോയിക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ശക്തമായതിനെ തുടർന്നാണ് ലീഗ് അച്ചടക്ക നടപടി സ്വീകരിച്ചത്. അതിനിടെ, കൊലപാതകങ്ങൾക്ക് തെളിവ് ശേഖരിക്കാനായി അന്വേഷണസംഘം കൂടത്തായിയിലെത്തി കുടുംബ വീട് പരിശോധിച്ചു. പൊന്നാമറ്റം വീട്ടിനകത്തും പുറത്തും സംഘം പരിശോധന നടത്തി. മരണ കാരണങ്ങൾ ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുമെന്ന് വിദഗ്ധ സംഘത്തിന് നേതൃത്വം നൽകുന്ന എസ്.പി ദിവ്യ ഗോപിനാഥ് പറഞ്ഞു.
വൈകിട്ട് ആറ് മണിയോടെയാണ് ഐ.സി.ടി എസ്.പി ദിവ്യ വി.ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം കൂടത്തായിയിലെ പൊന്നാമറ്റം തറവാട്ടിൽ തെളിവ് ശേഖരിക്കാനെത്തിയത്. കൊലപാതക പരമ്പരയിൽ ആദ്യത്തെ കേസായ അന്നമ്മയുടെയും ടോം തോമസിന്റെയും മരണങ്ങളും ജോളിയുടെ മുൻഭർത്താവ് റോയ് തോമസിന്റെ മരണവും ഈ വീട്ടിൽവെച്ചാണ് നടന്നത്. ഇതിൽ പോസ്റ്റ്‌മോർട്ടം നടന്നിട്ടില്ലാത്ത അന്നമ്മയുടെയും ടോം തോമസിന്റെയും മരണങ്ങളിൽ തെളിവ് ശേഖരിക്കുക എന്നതാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
ടോം തോമസിന്റെ മരണം അന്വേഷിക്കുന്ന കുറ്റിയാടി സി.ഐ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും അന്നമ്മയുടെ മരണം അന്വേഷിക്കുന്ന പേരാമ്പ്ര സി.ഐ കെ.കെ.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘവും നേരത്തെ തന്നെ പൊന്നാമറ്റത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തിയിരുന്നു. ഇരു മരണങ്ങളുമായി ബന്ധപ്പെട്ട അയൽ വീട്ടുകാരിൽ നിന്നും സംഘം മൊഴിയെടുത്തു. വൈകീട്ട് എത്തിയ ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുളള സംഘം സൂക്ഷ്മമായ പരിശോധനകളിലൂടെയാണ് തെളിവുകൾ തേടുന്നത്.
ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മകൾ ആൽഫൈന് നൽകാനുള്ള ഭക്ഷണം എടുത്തുനൽകിയത് ജോളിയാണെന്ന് ഷാജുവിന്റെ സഹോദരി ഷീന. മൊഴി രേഖപ്പെടുത്താൻ എത്തിയ തിരുവമ്പാടി പോലീസിനോടാണ് ഷീന ഇക്കാര്യം പറഞ്ഞത്.
ഷാജുവിന്റെയും സിലിയുടെയും മകൾ ആൽഫൈന്റെ മരണവുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം ഷീനയുടെ മൊഴിയെടുത്തത്. ഭക്ഷണം നൽകിയപ്പോൾ സംശയം ഉണ്ടായിരുന്നില്ലെന്നും ഷീന മൊഴിനൽകി. ഷാജുവിന്റെ മൂത്ത മകന്റെ ആദ്യകുർബാന വിരുന്ന് നടക്കുന്നതിനിടെ അടുക്കളയിൽവെച്ച് കുഞ്ഞിനുള്ള ഭക്ഷണം ജോളി കൈമാറുന്നത് കണ്ടെന്ന് സാക്ഷി മൊഴി നൽകിയിരുന്നു. മുറ്റത്തെ പന്തലിൽ ബന്ധുക്കളോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന ഷാജുവിന്റെ ഭാര്യ സിലി, വീടിനകത്തായിരുന്ന കുഞ്ഞിന് ഭക്ഷണം നൽകാൻ ഷാജുവിന്റെ സഹോദരിയെ വിളിച്ചേൽപിക്കുകയായിരുന്നു. ഇതു കേട്ട ജോളി അടുക്കളയിലെത്തി ഭക്ഷണം എടുക്കുകയായിരുന്നു. ജോളിയും ഷാജുവിന്റെ മാതാപിതാക്കളും അയൽവാസിയായ സ്ത്രീയും ജോലിക്കാരിയുമാണ് ഈ സമയം അടുക്കളയിൽ ഉണ്ടായിരുന്നതെന്നും ദൃക്‌സാക്ഷി മൊഴി നൽകിയിരുന്നു. ഭക്ഷണം കഴിച്ച് കുഴഞ്ഞുവീണ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് വാഹനം പുറപ്പെട്ടതിനു പിന്നാലെ ഷാജുവിന്റെ പിതാവ് സക്കറിയാസിനെയും കൂട്ടി ജോളി മറ്റൊരു വാഹനത്തിൽ പുറപ്പെട്ടതായും ഇവർ മൊഴി നൽകിയിട്ടുണ്ട്.