സൈൻ കോൺക്ലേവിന് സമാപനം
ജിദ്ദ- ജി.സി.സി രാജ്യങ്ങളിൽ ഏറ്റവും പ്രതീക്ഷക്ക് വക നൽകുന്ന ഒരു രാജ്യം സൗദി അറേബ്യയാണെന്നും പുതുതായി വിനോദ സഞ്ചാരികൾക്ക് തുറന്നിട്ട വാതായനം സൗദിയിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുമെന്നും സൈൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ റാഷിദ് ഗസ്സാലി. ഒരു തൊഴിൽ വിസയിൽ എത്തി എന്തെങ്കിലും ഒക്കെ ചെയ്തു ജീവിക്കാമെന്നത് മാറി കഴിവും യോഗ്യതയും നവീനമായതൊക്കെ ഉൾകൊള്ളാൻ സന്നദ്ധതയുമുള്ളവർക്ക് ഇവിടെ അവസരങ്ങൾ തുറക്കപ്പെടുകയാണ്.
സൈൻ ജിദ്ദ സംഘടിപ്പിച്ച പ്രവാസി കോൺക്ലേവിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
കിംഗ്ഡം ഓഫ് സൗദി അറേബ്യ (കെ.എസ്.എ) എന്നത് നോളഡ്ജ് (കെ), സ്‌കിൽ (എസ്), ആറ്റിട്യൂഡ് (എ) എന്ന നിർവചനത്തിലേക്ക് രാജ്യത്തെ ഭരണാധികാരികൾ മാറ്റികൊണ്ടിരിക്കുകയാണ്. ഈ മാറ്റം ഉൾക്കൊള്ളാൻ നാം സന്നദ്ധമായാൽ പ്രതിസന്ധിയില്ലാതെ നിലനിൽക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിൽ നൈപുണി മെച്ചപ്പെടുത്തി തൊഴിലിനോടും സ്ഥാപനത്തിനോടുമുള്ള കൂറ് കാണിച്ച് ദൈവ വിശ്വാസം മുറുകെ പിടിച്ചാൽ വിജയം വരിക്കുമെന്ന് റാഷിദ് ഉണർത്തി. ആധുനിക യുഗത്തിൽ മനുഷ്യൻ ആവശ്യമില്ലാത്ത കാര്യങ്ങൾക്കാണ് സമയം വിനിയോഗിക്കപ്പെടുന്നത്. അതിന്റെ ദൂഷ്യ ഫലങ്ങൾ നാം ഇന്ന് അനുഭവിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളുടെ അമിതോപയോഗം കാരണം കുടുംബങ്ങൾ ഒന്നിച്ചിരിക്കാനോ ഒന്നിച്ചു ഭക്ഷണം കഴിക്കാനോ, സംസാരിക്കാനോ, കേൾക്കാനോ, യാത്ര ചെയ്യാനോ, എന്തിനേറെ കുടുംബത്തിലെ ഒരു പ്രയാസത്തിന് ഒന്നിച്ചു പ്രാർഥിക്കാനോ കഴിയുന്നില്ല. ഇതൊക്കെ ജീവിതത്തിൽ തിരിച്ചു കൊണ്ടുവന്ന് ശിഥിലമായി കൊണ്ടിരിക്കുന്ന കുടുംബ ബന്ധത്തെ കൂട്ടിച്ചേർക്കാൻ ശ്രമിക്കണം. ശരീരത്തെയും ആത്മാവിനെയും നമ്മുടെ സന്തോഷങ്ങളെയും സകല സാധ്യതകളെയും നിയന്ത്രിക്കുന്ന ഒരു വലിയ ലോകമാണ് മനസ്സ്. അതിനെ പാകപ്പെടുത്തി നന്മയിൽ അതിഷ്ഠിതമായി ജീവിതം ക്രമപ്പെടുത്തണമെന്നും റാഷിദ് ഗസ്സാലി നിർദേശിച്ചു.
പ്രവാസം, പ്രതിസന്ധി, പ്രതീക്ഷാ എന്ന ശീർഷകത്തിൽ സൈൻ ജിദ്ദാ ചാപ്റ്റർ സീസൺ റസ്റ്റൊറന്റിൽ സംഘടിപ്പിച്ച പ്രവാസി കോൺക്ലേവ് അൽ അബീർ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. ജംഷിദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളെ അവസരമായി ഉപയോഗപ്പെടുത്തി അതത് മേഖലയിൽ സാധ്യമാകുന്ന പുനഃക്രമീകരണം നടത്തുന്നവനാണ് വിജയിയെന്ന് അദ്ദേഹം പറഞ്ഞു.
റഷീദ് വരിക്കോടന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ നാസർ വെളിയംകോട് കോൺക്ലേവ് അംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തി. സലാഹ് കാരാടൻ, ഹിഫ്‌സുറഹ്മാൻ, ജമാലുദ്ദീൻ, അഷ്‌റഫ് പൊന്നാനി, കെ.ടി.ജുനൈസ്, റസാഖ് ചേലക്കാട്, ഷമീം, കെ.എം.ഇർഷാദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സൈൻ ജിദ്ദാ ചാപ്റ്റർ ഡയറക്ടർ ഷാനവാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ട് കോ-ഓർഡിനേറ്റർ മുഹമ്മദ് സാബിത് സ്വാഗതവും ഫിനാൻസ് കൺവീനർ എം.ഉമ്മർ കോയ നന്ദിയും പറഞ്ഞു. കോൺക്ലേവിനോടനുബന്ധിച്ചു കേന്ദ്ര കേരള സർക്കാറുകൾ പ്രവാസികൾക്ക് നൽകുന്ന വിവിധങ്ങളായ സ്‌കോളർഷിപ്പുകളുടെയും ക്ഷേമ പദ്ധതികളുടെയും വിശദ വിവരങ്ങൾ അടങ്ങിയ റോളപ്പുകൾ ഏറെ വിജ്ഞാനപ്രദമായി.