Sorry, you need to enable JavaScript to visit this website.

സൗദി-റഷ്യ-ചൈന നിക്ഷേപ ഫണ്ട് യാഥാര്‍ഥ്യമാക്കന്‍ ശ്രമം

സൗദി-റഷ്യ സി.ഇ.ഒ ഫോറത്തിൽ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഗവർണർ യാസിർ അൽറുമയ്യാൻ സംസാരിക്കുന്നു.

റിയാദ്- റഷ്യയിൽ സൗദി അറേബ്യ 250 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്ന് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഗവർണർ യാസിർ അൽറുമയ്യാൻ പറഞ്ഞു. സൗദിയിൽ നിക്ഷേപ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് രാഷ്ട്രീയ ഇഛാശക്തിയുണ്ട്. സൗദി-റഷ്യ-ചൈന നിക്ഷേപ ഫണ്ട് യാഥാർഥ്യമാക്കുന്നതിന് സൗദി അറേബ്യ ശ്രമിച്ചുവരികയാണ്. 


ആസ്തികൾ വിപുലീകരിക്കുന്നതിന് ശ്രമിച്ച് പ്രാദേശിക, ആഗോള നിക്ഷേപങ്ങളിൽ സന്തുലനമുണ്ടാക്കുന്നതിന് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഊന്നൽ നൽകുന്നുണ്ട്. സൗദി അറാംകൊ കമ്പനിയുടെ ഓഹരികൾ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽപന നടത്തുന്നതിന് മൂന്നു വർഷമായി പ്രവർത്തിച്ചു വരികയാണെന്നും യാസിർ അൽറുമയ്യാൻ പറഞ്ഞു. 


സൗദി-റഷ്യ സി.ഇ.ഒ ഫോറത്തിനിടെ നിരവധി കരാറുകളും ധാരണാ പത്രങ്ങളും ഒപ്പുവെച്ചു. ഫോറത്തിനിടെ സൗദി അറാംകൊയും റഷ്യൻ കമ്പനിയായ ഗ്യാസ്‌പ്രോമും ധാരണാപത്രം ഒപ്പുവെച്ചു. ഏതാനും സൗദി കമ്പനികളുമായി പതിനാലു പുതിയ കരാറുകൾ ഒപ്പു വെക്കുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സി.ഇ.ഒയും ചെയർമാനുമായ കിരിൽ ദിമിത്രിയേവ് നേരത്തെ പറഞ്ഞു. ആഗോള ഊർജ വിപണിയിൽ സന്തുലനം നിലനിർത്തുന്നതിന് സൗദി അറേബ്യയും റഷ്യയും ഉന്നത തലത്തിൽ ഏകോപനം തുടരുമെന്ന് സൗദി-റഷ്യ ബിസിനസ് കൗൺസിൽ പ്രസിഡന്റ് താരിഖ് അൽഖഹ്താനി പറഞ്ഞു. ഊർജം, വ്യവസായം, കൃഷി, ഭക്ഷ്യസുരക്ഷ, നിക്ഷേപം അടക്കമുള്ള മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് ഫോറം വിശകലനം ചെയ്തു. 
കഴിഞ്ഞ മാസം സൗദി അറാംകൊ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്കു ശേഷം സൗദി അറാംകൊ സത്വര നടപടികൾ സ്വീകരിച്ചിട്ടില്ലായിരുന്നെങ്കിൽ എണ്ണ വില ബാരലിന് 130 ഡോളറിൽ എത്തുമായിരുന്നെന്ന് യാസിർ അൽറുമയ്യാൻ പറഞ്ഞു. സെപ്റ്റംബർ 14 ന് ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ ഫലമായി എണ്ണ വില 20 ശതമാനം തോതിൽ ഉയർന്നു. ഉൽപാദന ശേഷി പൂർണ തോതിൽ വീണ്ടെടുക്കാത്ത പക്ഷം ആദ്യ മാസം തന്നെ എണ്ണ വില 30 ശതമാനവും തൊട്ടടുത്ത മാസം വീണ്ടും 30 ശതമാനവും തോതിൽ ഉയരുമെന്ന് സൗദി അറാംകൊ നടത്തിയ അവലോകനങ്ങളിൽ വ്യക്തമായി. ഒരു ബാരൽ എണ്ണയുടെ വില 130 ഡോളറിൽ എത്തുമായിരുന്നു എന്നാണ് ഇത് അർഥമാക്കുന്നത്. 
എണ്ണ വില ബാരലിന് 130 ഡോളറിലെത്തുന്നതിലൂടെ ആഗോള തലത്തിൽ രൂക്ഷമായ സാമ്പത്തിക മാന്ദ്യം പ്രത്യക്ഷപ്പെടുകയാകും ഫലം. സൗദി അറേബ്യയെ ലക്ഷ്യമിട്ടല്ല, മറിച്ച്, ആഗോള സമ്പദ് വ്യവസ്ഥ ലക്ഷ്യമിട്ടാണ് സൗദി അറാംകൊ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെ ആക്രമണങ്ങൾ നടത്തിയത്. ആഗോള എണ്ണ ലഭ്യതയുടെ അഞ്ചു ശതമാനമാണ് ആക്രമണങ്ങളിലൂടെ തടസ്സപ്പെട്ടത്. സൗദി അറേബ്യ ഉയർന്ന ഭീഷണി നേരിടുന്നതിന് അർഥം ലോകം മുഴുവൻ ഉയർന്ന ഭീഷണി നേരിടുന്നു എന്നാണ്. 
ലോകത്തെ ഏറ്റവും സുരക്ഷിതമായിരിക്കണം ഈ മേഖല എന്ന കാര്യത്തിൽ ലോകം മുഴുവൻ ഏകകണ്ഠമായ നിലപാട് സ്വീകരിച്ചെന്നും യാസിർ അൽറുമയ്യാൻ പറഞ്ഞു.

Latest News