റിയാദ്- എല്ലാ വർഷവും റിയാദ് സീസൺ സംഘടിപ്പിക്കുമെന്നും ജനങ്ങളിൽനിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് വ്യക്തമാക്കി. റിട്‌സ് കാൾട്ടൻ ഹോട്ടലിൽ നടന്ന ജോയ് അവാർഡ്‌സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിയാദ് സീസൺ നേരിട്ടും അല്ലാതെയും സ്വദേശികൾക്ക് 46,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി. ടൂറിസം അടക്കം എല്ലാ കാര്യത്തിലും എന്റർടൈൻമെന്റ് അതോറിറ്റിക്ക് കൃത്യമായ നിലപാടുകളുണ്ട്. റിയാദിനോട് ചേർന്ന് കിടക്കുന്ന നഗരങ്ങളിലാണ് ടൂറിസത്തെ ആദ്യ ഘട്ടമെന്ന നിലയിൽ പ്രോത്സാഹിപ്പിക്കുന്നത്.
പിന്നീട് മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.
റിയാദ് സീസൺ സൗദി അറേബ്യയിൽ മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഇവിടെ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് മൂന്ന് ലക്ഷത്തിലധികം സന്ദർശകരായി. ടിക്കറ്റ് വിൽപന 80 ശതമാനം കവിഞ്ഞു. 400 ലധികം സ്‌പോൺസർമാരാണ് റിയാദ് സീസൺ ഏറ്റെടുത്തിരിക്കുന്നത് -അദ്ദേഹം പറഞ്ഞു.
വിനോദ വ്യവസായ മേഖലയിൽ അന്താരാഷ്ട്ര പ്രശസ്തരായവർക്ക് അത്താഴ വിരുന്നും അവാർഡ് ചടങ്ങുകളുമായിരുന്നു റിട്‌സ് കാൾട്ടനിൽ നടന്നത്. ബോളിവുഡ് സൂപർ താരം ഷാറൂഖ് ഖാൻ, ഹോളിവുഡ് ആക്ഷൻ താരം ജാകി ചാൻ, ബെൽജിയം താരം ജീൻ ക്ലൗഡ് വാൻദാം, അമേരിക്കൻ താരം ജൈസൻ മോമോ, സൗദി ഗായകൻ മുഹമ്മദ് അബ്ദു, ഈജിപ്ഷ്യൻ ഗായകരായ അംറ് ദിയാബ്, ഹാനി ശാകിർ, സുആദ് അബ്ദുല്ല (കുവൈത്ത്), സഅദ് അൽഫറാജ്, നാസർ അൽഖസബി (സൗദി), യുസ്‌റാ, റജാ അൽജദാവി എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.
സൗദി അറേബ്യയിൽ തന്റെ ആക്ഷൻ സിനിമ നിർമിക്കാൻ ഉദ്ദേശിക്കുന്നതായി ജാകി ചാൻ പറഞ്ഞു. ആക്ഷൻ സിനിമകൾ നിർമിക്കാൻ യോജിച്ച നിരവധി ലൊക്കേഷനുകൾ സൗദിയിലുണ്ട്. വൈകാതെ താൻ തന്റെ ടീമുമായി ഒരിക്കൽ കൂടി ഇവിടെ എത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഹർഷാരവത്തോടെയാണ് സദസ്യർ അദ്ദേഹത്തിന് നന്ദി പറഞ്ഞത്.
അവാർഡ് ലഭിച്ചതിന് ശേഷം ഇംഗ്ലീഷിലാണ് ഷാറൂഖ് ഖാൻ സംസാരിച്ചു തുടങ്ങിയത്. പിന്നീട് നേരത്തെ തയാറാക്കിയ അറബിയിലുള്ള കുറിപ്പ് കൂടി വായിച്ചത് സദസ്യർക്ക് ആവേശമായി.
എല്ലാ താരങ്ങളോടും വളരെ അടുപ്പം പ്രകടിപ്പിച്ച അദ്ദേഹം ഹുസൈൻ അൽജസ്മി, പോസി ശലബി എന്നിവരോടൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു.
ഷാറൂഖ് ഖാനോടൊപ്പം റീമാസ് മൻസൂർ വീഡിയോ എടുക്കുകയും സ്‌നാപ് ചാറ്റിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. അതിനിടെ തന്റെ രണ്ട് ആരാധകർക്ക് അദ്ദേഹം പാവകൾ സമ്മാനിച്ച് സ്്‌നേഹം പ്രകടിപ്പിച്ചു.
ഹോളോഗ്രാം സാങ്കേതിക വിദ്യയിൽ 100 ഗാനങ്ങൾ ചിത്രീകരിക്കാൻ തുർക്കി ആലുശൈഖ് ഗായകൻ മുഹമ്മദ് അബ്ദുവിനോട് ആവശ്യപ്പെട്ടു. വൈകാതെ ഇവ വിപണിയിലെത്തുമെന്നും ആലുശൈഖ് പറഞ്ഞു.