റിയാദ്- ആഗോള വിപണിയിലെ എണ്ണ വില എണ്ണ വ്യവസായ മേഖലയിലെ നിക്ഷേപങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് പുടിന്റെ സന്ദർശനത്തോടനുബന്ധിച്ച് റിയാദിൽ ചേർന്ന സൗദി-റഷ്യ സി.ഇ.ഒ ഫോറത്തിൽ സംസാരിക്കുകയായിരുന്നു ഊർജ മന്ത്രി. റഷ്യൻ ഊർജ മന്ത്രി അലക്‌സാണ്ടർ നൊവാകും ഫോറത്തിൽ പങ്കെടുത്തു. വ്യാപാര യുദ്ധവും ആഗോള സാമ്പത്തിക മാന്ദ്യവും എണ്ണ വിലയെ ബാധിച്ചിട്ടുണ്ട്. എണ്ണ വിലയുടെ സുസ്ഥിരതക്ക് എല്ലാവരും ഊന്നൽ നൽകേണ്ടത് അനിവാര്യമാണ്.
പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കും സംഘടനക്ക് പുറത്തുള്ള ഉൽപാദക രാജ്യങ്ങളും ഉൾപ്പെടുന്ന ഒപെക് പ്ലസിൽ അംഗങ്ങളായ രാജ്യങ്ങൾ തമ്മിൽ ശക്തമായ യോജിപ്പുണ്ട്. എണ്ണ വരുമാനത്തെ കാര്യമായി ആശ്രയിക്കുന്ന സൗദി അറേബ്യയും റഷ്യയും പോലെയുള്ള ഏതു രാജ്യത്തും, വില സ്ഥിരതയും ഉൽപാദന സ്ഥിരതയുമില്ലാതെ എണ്ണ വ്യവസായം വളരുകയോ ഈ മേഖലയിൽ സുസ്ഥിര നിക്ഷേപമുണ്ടാവുകയോ ചെയ്യില്ല.
വില, ഉൽപാദന സ്ഥിരതയില്ലാതെ എണ്ണ വ്യവസായ മേഖലയിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് ആവശ്യമായ വിഭവം ലഭ്യമാക്കുന്നതിന് പെട്രോൾ, ഗ്യാസ് മേഖലയിൽ നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് സാധിക്കില്ല.
നിരവധി രാജ്യങ്ങൾ നിലവിൽ വരുമാനത്തിന് ഊന്നൽ നൽകുന്നുണ്ട്. മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് സൗദി അറേബ്യയുടെയും റഷ്യയുടെയും ശേഷികൾ വ്യത്യസ്തമാണ്. സൗദി അറേബ്യയിലും റഷ്യയിലും വൻ പെട്രോൾ, ഗ്യാസ് ശേഖരമുണ്ട്. രണ്ടു രാജ്യങ്ങൾക്കും മതിയായ ധനസ്ഥിതിയുമുണ്ട്. ഫലപ്രദമായി പ്രവർത്തിക്കുന്ന നിക്ഷേപ ഫണ്ടുകളും സൗദിയിലും റഷ്യയിലുമുണ്ട്. ഈ ഘടകങ്ങളെല്ലാം ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരവും ഭദ്രവുമായ നിക്ഷേപങ്ങൾ നടത്തുന്നതിന് രണ്ടു രാജ്യങ്ങൾക്കും അവസരമൊരുക്കുന്നതായും അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.