Sorry, you need to enable JavaScript to visit this website.

72 ദിവസങ്ങൾക്കു ശേഷം ഉമ്മയുടെ ശബ്ദം കേൾക്കാനായി;  സന്തോഷത്തിന്റെ ഈ ഫോൺ വിളിക്ക് മധുരമേറെ 

കോഴിക്കോട് - രാവിലെ മുതൽ മർകസ് ബോയ്‌സ് ഹൈസ്‌കൂളിലെ കശ്മീരി വിദ്യാർഥികൾ വാച്ചിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു, പന്ത്രണ്ട് മണിയാകാൻ. 
കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം 72 ദിവസങ്ങളായി അവർക്ക് വീട്ടിലേക്കു ബന്ധപ്പെടാനേ കഴിഞ്ഞിരുന്നില്ല. 12 മണിയായി. 
വിദ്യാർഥികളുടെ മുഖത്ത് സന്തോഷത്തിന്റെ മിന്നലാട്ടം. മർകസ് ബോയ്‌സ് സ്‌കൂളിലെ അധ്യാപകർ മൊബൈൽ ഫോൺ നൽകി, പ്രിയപ്പെട്ടവരെ വിളിക്കാൻ.
ഷോപ്പിയാൻ ജില്ലയിലെ ഐജാസ് വഖായാണ് ആദ്യം വിളിച്ചത്. അപ്പുറത്ത് ഫോൺ ബെല്ലടിക്കുന്ന ശബ്ദം. കുറച്ചു കഴിഞ്ഞപ്പോൾ മറുതലക്കൽ നിന്ന് ഉപ്പ മുഹമ്മദ് ശബാന്റെ ശബ്ദം കേട്ടപ്പോൾ ഐജാസിന്റെ മുഖത്ത് സന്തോഷക്കണ്ണുനീർ നിറഞ്ഞു. ദീർഘനാളമായി മകന്റെ വിവരമറിയാൻ കഴിയാത്ത സങ്കടക്കടലിലായിരുന്നു വീട്ടുകാർ. ദീർഘനേരം ഉമ്മ ആയിശയും ഐജാസുമായി സംസാരിച്ചു. 
നാട്ടിൽ സന്തോഷമാണ് എന്നറിയിച്ചു. മകന് സ്വസ്ഥവും സമാധാനവുമായി പഠിക്കാൻ പറ്റിയല്ലോ എന്ന് പറഞ്ഞു ഉമ്മ. ഐജാസിന് വീട്ടിലേക്കു വിളിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ അവന്റെ ജില്ലക്കാരനായ ഉവൈസ് ഹമീദ് ഉപ്പാക്ക് വിളിച്ചുനോക്കി. എന്നാൽ, ബിസി എന്നായിരുന്നു ഫോണിലെ മറുപടി. ഒന്നു രണ്ടു താവണ പിന്നെയും ശ്രമിച്ചെങ്കിലും കിട്ടിയില്ല. 
മറ്റു സഹപാഠികളായ മുസമ്മിൽ, ഫൈസൽ, സാഖിബ്, മഅരിഫത്, ഫുർഖാൻ തുടങ്ങി ബാരാമുല്ല, കുൽഗം, അനന്ത്‌നാഗ് എന്നിവിടങ്ങിലെ വിദ്യാർഥികൾക്കും ഏറെ നേരം വീട്ടിലേക്ക് വിളിച്ചിട്ടും ബന്ധപ്പെടാൻ ഫോൺ കണക്ഷൻ ശരിയായിട്ടില്ല. ചെറിയ നിരാശയുണ്ടെങ്കിലും വൈകാതെ ഉപ്പയുടെയും കുഞ്ഞനിയത്തിയുടെയും ശബ്ദം കേൾക്കാനാകും എന്ന പ്രതീക്ഷയിലാണ് സാഖിബ്.
കശ്മീരികളായ നൂറിലധികം വരുന്ന വിദ്യാർഥികളാണ് നിലവിൽ മർകസിൽ പഠനം നടത്തുന്നത്. 2004ൽ മുഫ്തി മുഹമ്മദ് സയീദ് മുഖ്യമന്ത്രിയായ സമയത്തു കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി നടത്തിയ ചർച്ചയിലാണ് വിദ്യാർഥികളെ മികച്ച പഠനത്തിന് കേരളത്തിലേക്ക് അയക്കാൻ തീരുമാനിക്കുന്നത്. തുടർന്ന് ഓരോ വർഷവും കശ്മീരി വിദ്യാർഥികൾ മർകസിൽ പ്രവേശനം തേടുന്നു. നല്ല വിദ്യാഭ്യാസവും ഭക്ഷണവും മറ്റു സൗകര്യങ്ങളുമെല്ലാം അനുഭവിക്കുന്നു മർകസിൽ എന്ന് വിദ്യാർഥികൾ ഒരുമിച്ചു പറയുന്നു. സംസ്ഥാന കലോത്സവത്തിലടക്കം ഒന്നാം സമ്മാനം നേടിയ നിരവധി പ്രതിഭകളുമുണ്ട് ഇവർക്കിടയിൽ.കശ്മീരിൽ ഫോൺ വിളിക്കുള്ള നിയന്ത്രണം ഒഴിവാക്കിയതോടെ സ്‌കൂളിൽ നിന്ന് ഉമ്മയെ വിളിച്ച് സന്തോഷം പങ്കിടുന്ന മർകസ് വിദ്യാർഥി ഐജാസ് വഖായ്.

 

Latest News