കോഴിക്കോട് - താൻ കൊലപ്പെടുത്തിയവരിൽ കടുത്ത പക ആദ്യ ഭർത്താവ് റോയി മാത്യുവിന്റെ അമ്മാവൻ മഞ്ചാടിയിൽ മാത്യുവിനോടാണെന്ന് ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.തന്റെ ഭർതൃപിതാവ് ടോം തോമസിന്റെ മരണത്തിൽ തന്നെ സംശയിച്ച് മാത്യു പലരോടും സംസാരിച്ചതായി കേട്ടറിഞ്ഞതാണ് പക കൂടാൻ കാരണമെന്നാണ് ജോളി അന്വേഷണ സംഘത്തോട് പറഞ്ഞത്. ഈ വിവരങ്ങളെല്ലാം തനിക്ക് പറഞ്ഞുതന്നത്, മാത്യുവിന്റെ പിതൃസഹോദരപുത്രനായ എം.എസ്.മാത്യു എന്ന ഷാജിയായിരുന്നു. ഞങ്ങൾ തമ്മിൽ അത്രയും അടുപ്പത്തിലായിരന്നു. ഇതുകൊണ്ടാണ് സയനൈഡ് തനിക്ക് മാത്യു എത്തിച്ചുതന്നത്. റോയിയുടെ മരണശേഷം അമ്മാവൻ മാത്യു എപ്പോഴും തന്നെ നിരീക്ഷിക്കാറുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചപ്പോൾ പോലീസിൽ പരാതി നൽകാൻ മാത്യു ശ്രമിച്ചു. തന്റെ പുരുഷ സുഹൃത്തുക്കൾ വീട്ടിൽ കാണാൻ വരുന്നതിനെ എതിർത്തു. തന്റെ രണ്ടാം ഭർത്താവ് ഷാജുവിന്റെ പിതാവ് സക്കറിയാസ് വീട്ടിൽ വരുന്നതിനെപ്പോലും എതിർത്തു. സക്കറിയാസിനെ വീട്ടിൽ കയറ്റരുതെന്ന് ഭർതൃപിതാവ് ടോം തോമസ് പറഞ്ഞതല്ലേ എന്ന് പറഞ്ഞ് ചീത്തവിളിച്ചു. ഇതോടെയാണ് അയൽവാസിയായ മാത്യുവിനെ ഒഴിവാക്കിയില്ലെങ്കിൽ അത് തനിക്ക് വലിയ ഭീഷണിയാകുമെന്ന് മനസ്സിലാക്കി കൊല്ലാൻ തീരുമാനിച്ചതെന്നാണ് ജോളി പറഞ്ഞത്.
ഇങ്ങനെ തീരുമാനമെടുത്തശേഷം മാത്യുവിനോട് കൂടുതൽ ഇഷ്ടം കാണിച്ച് ക്ഷമിക്കണമെന്ന് കരഞ്ഞുപറഞ്ഞു. ഇതോടെ മാത്യു തന്നെ വിശ്വസിച്ചു. ഒരു ദിവസം മാത്യുവിന്റെ ഭാര്യ വീട്ടിലില്ലാത്ത സമയത്ത് ഭക്ഷണം നൽകാനും മറ്റും തന്നെ ഏൽപിച്ചു. അത് അവസരമായി കണ്ട് കപ്പ വേവിച്ച് അതിൽ സയനൈഡ് ചേർത്തി മാത്യുവിന്റെ വീട്ടിൽ കൊണ്ടുകൊടുത്തു. പിന്നീട് അൽപനേരം വീടിന്റെ പിന്നിൽ നിന്ന് മാത്യു ഛർദ്ദിക്കുന്ന ശബ്ദം കേൾക്കുന്നതുവരെ കാത്തുനിന്നു. പിന്നീട് ഇതു കേട്ടുവരുന്നത് പോലെ ഓടിയെത്തി. നിലത്തുവീണു പിടയുന്ന മാത്യുവിന്റെ ചലനം നിന്നപ്പോൾ ഒച്ചവെച്ച് അയൽക്കാരെ വിളിച്ചുവരുത്തി. മാത്യുവിന് മുൻപേ ഹൃദ്രോഗമുള്ളതായി അറിയാമായിരുന്നു. നെഞ്ച് പൊട്ടുന്നേ എന്ന് അങ്കിൾ വിളിച്ചുപറഞ്ഞതായി പറഞ്ഞു. ഇതോടെ മാത്യു ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചതാണെന്ന് നാട്ടുകാർ പറഞ്ഞുവെന്നും ജോളിയുടെ മൊഴിയിലുണ്ട്.
അതിനിടെ, കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളിയുടെ സുഹൃത്തായ ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീക്കെതിരെയുള്ള വകുപ്പ്തല അന്വേഷണത്തിന് തുടക്കമായി.
വ്യാജരേഖകൾ ഉപയോഗിച്ച് തന്റെ പേരിലേക്ക് മാറ്റിയ പൊന്നാമറ്റത്തെ കുടുംബസ്വത്തിന്റെ നികുതിയടക്കാൻ ജോളിയെ സഹായിച്ചെന്ന ആക്ഷേപത്തെ തുടർന്നാണ് അന്വേഷണം. ഇതിന്റെ ഭാഗമായി ഡെപ്യൂട്ടി കലക്ടർ സി.ബിജു ഇന്നലെ ജയശ്രീയെ കലക്ടറേറ്റിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സംഭവത്തെക്കുറിച്ച് മന്ത്രി ഇ.ചന്ദ്രശേഖരൻ ജില്ലാ കലക്ടർ വി.സാംബശിവറാവുവിനോട് റിപ്പോർട്ട് തേടിയിരുന്നു. ഇതേ തുടർന്നാണ് ഡെപ്യൂട്ടി കലക്ടർ ജയശ്രീയെ വിളിച്ചുവരുത്തി വിശദീകരണം തേടിയത്. ഇതിന്റെ തുടർച്ചയായി ഇന്ന് കൂടത്തായി വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരെയും റവന്യൂ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും.
ജോളി സ്വന്തം പേരിലേക്ക് സ്വത്ത് മാറ്റിയ വിൽപത്രം വ്യാജമാണെന്ന് കാണിച്ച് ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ സഹോദരങ്ങളായ റെഞ്ചിയും റോജോയും നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ വില്ലേജ് ഓഫീസർ ഒസ്യത്ത് വ്യാജമാണെന്ന് കണ്ടെത്തി റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. എന്നാൽ ആ അന്വേഷണ റിപ്പോർട്ട് ഇപ്പോൾ കൂടത്തായി വില്ലേജോഫീസിൽ നിന്ന് കാണാതായെന്നാണ് വില്ലേജ് ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്.
ഇക്കാര്യത്തിൽ പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന്റെ തുടർച്ചയായാണ് റവന്യൂ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും വില്ലേജ് ഓഫീസ് ജീവനക്കാരെ ഇന്ന് ചോദ്യം ചെയ്യുന്നത്.
അതേസമയം, കൂട്ടുപ്രതിയും ജോളിയുടെ ബന്ധുവുമായ മാത്യുവിന്റെ മൊഴി പുറത്ത്. തനിക്ക് സയനൈഡ് കൊണ്ടുതരാൻ അയ്യായിരം രൂപയും രണ്ടു കുപ്പി മദ്യവും പ്രജികുമാറിന് നല്കിയെന്നാണ് ഇയാൾ മൊഴി നല്കിയിരിക്കുന്നത്. രണ്ടു തവണ ആവശ്യപ്പെട്ടെങ്കിലും ഒരു പ്രാവശ്യം മാത്രമാണ് പ്രജികുമാർ സയനൈഡ് കൊണ്ടുവന്നത്. എന്നാൽ മാത്യു രണ്ടുതവണ തനിക്ക് സയനൈഡ് നല്കിയെന്ന് അന്വേഷണ സംഘത്തോട് ജോളി പറഞ്ഞിരുന്നു. പെരുച്ചാഴിയെ കൊല്ലാനെന്നു പറഞ്ഞാണ് മാത്യു തന്നോട് സയനൈഡ് വാങ്ങിയതെന്നാണ് പ്രജികുമാർ പോലീസിനോട് പറഞ്ഞിരുന്നത്. പ്രജികുമാറിന് പുറമെ മറ്റൊരാളോടുകൂടി സയനൈഡ് വാങ്ങിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്.