റിയാദ് - സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിൽ ബോംബ് വെച്ച കേസിലെ രണ്ട് പ്രതികൾക്ക് ബഹ്‌റൈനിലെ കീഴ്‌ക്കോടതി വിധിച്ച ശിക്ഷ അപ്പീൽ കോടതി ശരിവെച്ചു.
പ്രതികൾക്ക് പത്തു വർഷം വീതം തടവാണ് കോടതി വിധിച്ചത്. 2013 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. കിംഗ് ഫഹദ് കോസ്‌വേയിൽ സർവീസ് ഏരിയയിലെ മസ്ജിദിനു സമീപം കണ്ടെത്തിയ രണ്ടു കിലോ തൂക്കമുള്ള ബോംബ് ഭീകര വിരുദ്ധ യൂനിറ്റിനു കീഴിലെ സ്‌ഫോടക വസ്തു സംഘം നിർവീര്യമാക്കുകയായിരുന്നു.
ഏഷ്യൻ വംശജനായ ശുചീകരണ തൊഴിലാളി കറുത്ത ബാഗിനകത്ത് സംശയകരമായ വസ്തു കണ്ടെത്തിയതായി സംഭവ ദിവസം വൈകീട്ട് നാലു മണിക്കാണ് സുരക്ഷാ വകുപ്പുകൾക്ക് വിവരം ലഭിച്ചത്. പരിശോധനയിൽ ഉഗ്രസ്‌ഫോടക ശേഷിയുള്ള നാടൻ ബോംബാണിതെന്ന് വ്യക്തമാവുകയും അധികൃതർ നിർവീര്യമാക്കുകയുമായിരുന്നു.
അന്വേഷണത്തിലൂടെ ബോംബ് വെച്ച പ്രതികളെ സുരക്ഷാ വകുപ്പുകൾ വൈകാതെ തിരിച്ചറിഞ്ഞു.
ഭീകരൻ രിദ അൽഗസ്‌റയുടെ നിർദേശാനുസരണം ബോംബ് നിർമിക്കുകയായിരുന്നെന്ന് പ്രതികൾ സമ്മതിച്ചു. ബോംബ് നിർമിക്കുന്നതിന് ആവശ്യമായ സ്‌ഫോടക വസ്തുക്കൾ വിദേശത്തു നിന്ന് കടത്തുകയായിരുന്നെന്നും പ്രാദേശികമായി നിർമിച്ച ചില വസ്തുക്കൾ ബോംബ് നിർമാണത്തിന് ഉപയോഗിച്ചതായും ബനീ ജംറയിൽ വെച്ചാണ് ബോംബ് നിർമിച്ചതെന്നും കറുത്ത ബാഗിലാക്കി ബോംബ് പിന്നീട് കിംഗ് ഫഹദ് കോസ്‌വേയിൽ സ്ഥാപിക്കുകയായിരുന്നെന്നും പ്രതികൾ കുറ്റസമ്മതം നടത്തിയിരുന്നു.