റിയാദ്- ഒളിച്ചോടുന്ന തൊഴിലാളികൾ പിടിയിലായാൽ അവരെ ഹുറൂബ് റദ്ദാക്കി നാടുകടത്തുകയാണ് പതിവെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. തൊഴിലിടങ്ങളിൽ നിന്ന് ഒളിച്ചോടുന്നതിനാൽ സ്‌പോൺസർമാർ ഹുറൂബാക്കുന്ന തൊഴിലാളികൾ പിടിയിലായാൽ സ്വദേശങ്ങളിലേക്ക് നാടുകടത്തുന്നതിനു മുന്നോടിയായി ഫൈനൽ എക്‌സിറ്റ് നൽകുന്നതിന് തൊഴിലാളികളുടെ പേരിലുള്ള ഹുറൂബ് റദ്ദാക്കും. ഇങ്ങനെ ഹുറൂബ് നീക്കം ചെയ്യുന്ന കാര്യം സ്‌പോൺസർമാരെ അറിയിക്കില്ല.
ഭാവിയിൽ പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുന്നതിന് ഇത്തരക്കാരുടെ വിരലടയാളം രജിസ്റ്റർ ചെയ്ത് കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്യും. സാമ്പത്തിക ബാധ്യതകളും മറ്റും തേടി സ്‌പോൺസർമാർ കേസ് നൽകാത്ത സാഹചര്യങ്ങളിലാണ് ഒളിച്ചോടുന്നവരെ പിടികൂടി കഫീലുമാരെ അറിയിക്കാതെ ഹുറൂബ് റദ്ദാക്കി നാടുകടത്തുക. ഒൡച്ചോടുന്നവർക്കെതിരെ സ്‌പോൺസർമാർ കേസുകൾ നൽകുന്ന പക്ഷം അത്തരക്കാരെ ഈ രീതിയിൽ നാടുകടത്തില്ല.
സ്വകാര്യ മേഖലാ തൊഴിലാളികളെ ഓൺലൈൻ വഴി ഹുറൂബാക്കാം
സൗദി വിടുന്നതിന് വിലക്കുള്ള സ്വദേശികളുടെയും വിദേശികളുടെയും പട്ടിക ജവാസാത്ത് ഡയറക്ടറേറ്റ് തയാറാക്കുന്നുണ്ട്. ഇതേപോലെ സൗദിയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ളവരുടെ പട്ടികയും തയാറാക്കുന്നുണ്ട്. സൗദിയിലെത്തുന്ന പക്ഷം പിടികൂടേണ്ട പ്രതികളുടെയും കുറ്റവാളികളുടെയും പട്ടികയും തയാറാക്കുന്നുണ്ട്. ഈ പട്ടികകൾ എയർപോർട്ടുകളിലെയും തുറമുഖങ്ങളിലെയും കരാതിർത്തി പോസ്റ്റുകളിലെയും എല്ലാ നഗരങ്ങളിലെയും ജവാസാത്ത് ഡയറക്ടറേറ്റുകൾക്കും വിദേശങ്ങളിലെ സൗദി എംബസികൾക്കും സൗദി അറേബ്യക്കകത്തെ സുരക്ഷാ വകുപ്പുകൾക്കും കൈമാറുന്നുണ്ടെന്നും സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിർ വഴി ഗാർഹിക തൊഴിലാളികളുടെ ഹുറൂബ് റദ്ദാക്കാൻ കഴിയില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയതായി പരാതി നൽകുന്നവർ ഹുറൂബ് റദ്ദാക്കുന്നതിന് ആഗ്രഹിക്കുന്ന പക്ഷം തൊഴിലാളികളെ ഹുറൂബാക്കി പതിനഞ്ചു ദിവസത്തിനകം ജവാസാത്ത് ഡയറക്ടറേറ്റിനു കീഴിലെ വിദേശി വകുപ്പിനെ നേരിട്ട് സമീപിച്ച് ഹുറൂബ് റദ്ദാക്കുന്നതിന് നടപടികൾ സ്വീകരിക്കണം. പതിനഞ്ചു ദിവസം പിന്നിട്ട ശേഷം ഒരു കാരണവശാലും ഹുറൂബ് റദ്ദാക്കുന്നതിന് കഴിയില്ല. ഇത്തരം സാഹചര്യങ്ങളിൽ തൊഴിലാളികളെ ജവാസാത്തിന്റെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി പിടികൂടി സൗദിയിൽ നിന്ന് നാടുകടത്തുകയും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യും.