തിരുവനന്തപുരം- സൈബർ ലോകത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങൾ തിരയുന്നവരെയും അത് പ്രചരിപ്പിക്കുന്നവരെയും കണ്ടെത്തുന്നതിനായി ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ കേരള പോലീസ് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി. 21 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്യുകയും 20 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന വിവിധ ഗ്രൂപ്പുകളെയും 126 വ്യക്തികളെയും കേന്ദ്രീകരിച്ചാണ് പോലീസിൻറെ നടപടി. ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ മൂന്നാം തവണയാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തുന്നത്. വാട്‌സ് ആപ്, ഫെയ്‌സ് ബുക്ക്, ടെലഗ്രാം എന്നിവയിൽ സജീവമായി ഗ്രൂപ്പുകളും അതിലെ അംഗങ്ങളും പോലീസിൻറെ സൂക്ഷ്മനിരീക്ഷണത്തിലാണ്.
തിരുവനന്തപുരം റൂറൽ ജില്ലയിൽ രണ്ട് പേരാണ് അറസ്റ്റിലായത്. നെടുമങ്ങാട് കരുപ്പൂർ സ്വദേശി ബിജുപസാദ്, പുല്ലംപാറ സ്വദേശി മുഹമ്മദ് ഫഹാദ് എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട ജില്ലയിൽ വളളിക്കോട് സ്വദേശി ശ്രീജേഷ്, വടശ്ശേരിക്കര സ്വദേശി സുജിത് എന്നിവർ അറസ്റ്റിലായി. എറണാകുളം ജില്ലയിൽ നിന്ന് രണ്ട് പേർ പിടിയിലായി. അനൂപ്, രാഹുൽ ഗോപി എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ ജില്ലയിൽ നിന്ന് മൂന്ന് പേരെ പിടികൂടി. മതിപറമ്പ് സ്വദേശികളായ ജിഷ്ണു.എ, രമിത്.കെ കരിയാട് സ്വദേശി ലിജേഷ്.ജി.പി എന്നിവരാണ് കണ്ണൂരിൽ നിന്ന് അറസ്റ്റിലായ മൂന്ന് പേർ. പാലക്കാട് മലപ്പുറളം ജില്ലകളിൽ നിന്ന് ഒരാൾ വീതം പിടിയിലായി. പിടിയിലായവരിൽ നിന്ന് മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, മോഡം, ഹാർഡ് ഡിസ്‌ക്, മെമ്മറി കാർഡുകൾ, കമ്പ്യൂട്ടറുകൾ എന്നിവയുൾപ്പെടെയുളള ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിക്കുന്ന വാട്‌സ് ആപ് ഗ്രൂപ്പുകളും കണ്ടെത്താൻ കഴിഞ്ഞു.
എ.ഡി.ജി പിയും സൈബർ ഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാമിൻറെ നിർദ്ദേശപ്രകാരം നടത്തിയ റെയ്ഡിൽ ഹൈടെക് ക്രൈം എൻക്വയറി സെൽ ഇൻസ്‌പെക്ടർ സ്റ്റാർമോൻ.ആർ.പിളളയുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ പോലീസ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പങ്കെടുത്തു. ജില്ലകളിൽ ജില്ലാ പോലീസ് മേധാവിമാരാണ് റെയ്ഡിന് നേതൃത്വം നൽകിയത്. വെളളിയാഴ്ച രാവിലെ 6 മണിക്ക് ആരംഭിച്ച റെയ്ഡ് രാത്രി വൈകിയാണ് അവസാനിച്ചത്. കുട്ടികളുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെയുളള പോലീസ് നടപടികൾക്ക് ഇൻറർപോൾ സഹകരണവും പരിശീലനവും നൽകി വരുന്നു. കുട്ടികളുടെ നഗ്‌നചിത്രങ്ങൾ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ച് വർഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. അശ്ലീല വെബ്‌സൈറ്റുകൾ തുടർച്ചയായി കാണുകയും ഡൗൺലോഡ് ചെയ്യുകയും വിനോദമാക്കുകയും ചെയ്തവർ സംസ്ഥാനത്തെ സൈബർ സെല്ലിന്റെ നിരീക്ഷണത്തിൽ. അശ്ലീല വെബ്‌സൈറ്റുകളിൽ നിന്നും കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും കൈവശം വെക്കുകയും ചെയ്ത ചിലരുടെ വീടുകളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. കൂടുതൽ പേർ കുടുങ്ങുമെന്നാണ് വിവരം. കേസിൽ ഡിവൈ.എഫ്.ഐ മേഖല പ്രസിഡന്റ് അടക്കം മൂന്നുപേർ കണ്ണൂർ ജില്ലയിൽ അറസ്റ്റിലായി. ഡി.വൈ.എഫ്.ഐ പാനൂർ സൗത്ത് മേഖലാ പ്രസിഡന്റ് ആലോളതിൽ ജിഷ്ണു (24), തൈപറമ്പിൽ ലിജിൻ (28), കുണ്ടൻചാലിൽ രമിത്ത് (28) എന്നിവരെയാണ് സൈബർ സെല്ലിന്റെ സഹായത്തോടെ ചൊക്ലി സർക്കിൾ ഇൻസ്‌പെക്ടർ സുനിൽകുമാർ അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് സൈബർസെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ.
അശ്ലീല വീഡിയോകൾ സൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മൊബൈൽ ഫോണുകൾ പ്രതികളിൽനിന്നും പോലീസ് പിടിച്ചെടുത്തു. സംസ്ഥാന വ്യാപകമായി കുട്ടികളുടെ നഗ്‌നതാ വീഡിയോ പ്രചരിപ്പിക്കുന്നവരെ പിടികൂടാൻ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു.
വ്യാജരേഖകൾ ഉപയോഗിച്ച് മൊബൈൽ ഫോൺ സിംകാർഡുകൾ വ്യാപകമായി സംഘടിപ്പിക്കുന്നുവെന്ന വിവരത്തെതുടർന്ന് സിം കാർഡ് വിൽപന കേന്ദ്രങ്ങളിലും റെയ്ഡ് ആരംഭിച്ചു. വ്യക്തിഗത വിവരങ്ങൾ വ്യാജമായി നൽകിയും വ്യാജ തിരിച്ചറിയൽ കാർഡുകൾ, ഫോട്ടോയുടെ ഫോട്ടോസ്റ്റാറ്റ് പകർപ്പ് എന്നിവ ഉപയോഗിച്ച് മതിയായ അനുമതിപത്രമില്ലാതെ സിംകാർഡുകൾ വിതരണം ചെയ്യുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നതും ഡൗൺലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണെന്നും നിരന്തരം ഇവ കാണുന്നവർ പോലീസിന്റെ കർശന നിരീക്ഷണത്തിലാണെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പാനൂർ സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ കുമാർ പറഞ്ഞു.