Sorry, you need to enable JavaScript to visit this website.

സ്വകാര്യ മേഖലാ തൊഴിലാളികളെ  ഓൺലൈൻ വഴി ഹുറൂബാക്കാം -ജവാസാത്ത്‌

റിയാദ് - സ്വകാര്യ മേഖലാ തൊഴിലാളികളെ ഓൺലൈൻ വഴി ഹുറൂബാക്കാൻ തൊഴിലുടമകൾക്ക് സാധിക്കുമെന്ന് ജവാസാത്ത്. ഇതിന് വ്യവസ്ഥകൾ ബാധകമാണ്. കാലാവധിയുള്ള ഇഖാമയുള്ള തൊഴിലാളികളെ മാത്രമേ ഹുറൂബാക്കാൻ സാധിക്കുകയുള്ളൂ. ഒരു തൊഴിലാളിയെ ഒരു തവണ മാത്രമേ ഹുറൂബാക്കുന്നതിന് കഴിയുകയുള്ളൂ. ഒരു വട്ടം ഹുറൂബാക്കിയ തൊഴിലാളിയെ ഹുറൂബ് റദ്ദാക്കിയ ശേഷം വീണ്ടും ഹുറൂബാക്കുന്നതിന് കഴിയില്ല. ഫൈനൽ എക്‌സിറ്റ് വിസ ഇഷ്യു ചെയ്ത തൊഴിലാളികളെയും ഹുറൂബാക്കാൻ സാധിക്കില്ല.
സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ജോലി സ്ഥലത്തുനിന്ന് ഒളിച്ചോടിയതായി തൊഴിലുടമകൾ വ്യാജ പരാതി നൽകുന്ന പക്ഷം ഓൺലൈൻ വഴി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് വിദേശ തൊഴിലാളികൾക്ക് അവസരമൊരുക്കുന്ന പുതിയ സേവനം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികളുടെ സർവീസ് ആനുകൂല്യങ്ങളടക്കമുള്ള അവകാശങ്ങൾ നിഷേധിക്കുന്നതിനും അവരെ നിയമ പ്രശ്‌നങ്ങളിൽ കുടുക്കുന്നതിനും തൊഴിലാളികളെ വ്യാജമായി ഹുറൂബാക്കുന്ന പ്രവണതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനും വ്യാജമായാണ് ഹുറൂബാക്കിയതെന്ന് സ്ഥാപിക്കുന്നതിനും തൊഴിലാളികൾക്ക് അവസരമൊരുക്കുന്നതിനും, ഹുറൂബാക്കൽ സേവനം തൊഴിലുടമകൾ ദുരുപയോഗിക്കില്ലെന്ന് ഉറപ്പു വരുത്തുന്നതിനുമാണ് പുതിയ സേവനത്തിലൂടെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്. 
തൊഴിലുടമകൾ നൽകുന്ന ഹുറൂബ് പരാതികളുടെ നിജസ്ഥിതി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഉറപ്പുവരുത്തും. സ്ഥാപനത്തിനെതിരെ കേസ് നൽകിയ തൊഴിലാളികളെ ഹുറൂബാക്കുന്നതിന് സാധിക്കില്ല. കൂടാതെ തൊഴിലാളികളെ ഹുറൂബാക്കുന്നതിന് അവരുടെ വർക്ക് പെർമിറ്റും ഇഖാമയും കാലാവധിയുള്ളതായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. കാലാവധി അവസാനിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂവെങ്കിലും ഹുറൂബാക്കുന്നതിന് സാധിക്കും. ഹുറൂബാക്കുന്നതിന് മറ്റു അനുബന്ധ രേഖകളും ഓൺലൈൻ അപേക്ഷയോടൊപ്പം അറ്റാച്ച് ചെയ്യണം. 
നടപടികളെല്ലാം പൂർത്തിയാക്കുന്ന ഹുറൂബ് പരാതികൾ സ്വീകരിച്ചതായി സിസ്റ്റം അറിയിക്കുകയും തൊഴിലാളി ഒളിച്ചോടിയതായി ആഭ്യന്തര മന്ത്രാലയത്തിലെ സിസ്റ്റത്തിൽ തൊഴിലാളിയുടെ സ്റ്റാറ്റസിൽ മാറ്റം വരുത്തുകയും ചെയ്യും. തൊഴിലാളിയെ ഹുറൂബാക്കിയ കാര്യം സ്ഥിരീകരിച്ച് സ്ഥാപന പ്രതിനിധിക്കും തൊഴിലാളിക്കും എസ്.എം.എസ്സുകൾ അയക്കുകയും ചെയ്യും. തൊഴിലുടമകൾക്കും അവരുടെ നിയമാനുസൃത പ്രതിനിധികൾക്കും ഓൺലൈൻ വഴി തൊഴിലാളികളെ ഹുറൂബാക്കുന്നതിനും ഹുറൂബ് റദ്ദാക്കുന്നതിനും സാധിക്കും. 
വ്യാജമായാണ് ഹുറൂബാക്കിയതെങ്കിൽ ഓൺലൈൻ വഴി അതിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് തൊഴിലാളിക്കോ തൊഴിലാളിയെ പ്രതിനിധീകരിക്കുന്നവർക്കോ സാധിക്കും. ഇതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രവേശിച്ച് സൈറ്റിൽ വ്യക്തികൾക്കുള്ള സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് വിവരങ്ങൾ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കുകയാണ് ആദ്യം വേണ്ടത്. ഇതിനു ശേഷം സൈറ്റിൽ വ്യക്തികൾക്കുള്ള സേവനങ്ങൾക്കുള്ള ലിങ്കിൽ പ്രവേശിച്ച് സൈഡിലെ പട്ടികയിൽ നിന്ന് വ്യാജ ഹൂറൂബ് സ്ഥാപിക്കൽ അപേക്ഷ സേവനം തെരഞ്ഞെടുക്കണം. ഇതോടെ ഹുറൂബാക്കിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പ്രത്യക്ഷപ്പെടും. ഇതിനു ശേഷം ഹുറൂബാക്കിയതിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ സമർപ്പിക്കുകയാണ് വേണ്ടത്. വ്യാജമായാണ് ഹുറൂബാക്കിയതെന്ന് സ്ഥാപിക്കുന്നതിന് തൊഴിലാളികൾ അപേക്ഷ നൽകിയാലുടൻ ഇക്കാര്യം അറിയിച്ച് സ്ഥാപന പ്രതിനിധിക്ക് എസ്.എം.എസ് അയക്കുകയും നേരത്തെ നൽകിയ ഹുറൂബ് പരാതിയുടെ സ്റ്റാറ്റസിൽ മാറ്റം വരുത്തുകയും ചെയ്യും. ഹുറൂബാക്കിയത് സ്വീകരിച്ചു എന്നതിനു പകരം പഠന ഘട്ടത്തിലാണെന്നാണ് സ്റ്റാറ്റസിൽ തിരുത്തൽ വരുത്തുക. ഇതു സംബന്ധിച്ച് തൊഴിലാളിക്കും എസ്.എം.എസ് അയക്കും.  
ഹുറൂബാക്കി ഒരു വർഷം പിന്നിട്ട ശേഷവും ഒരു ഹുറൂബ് പരാതി വ്യാജമാണെന്ന് സ്ഥാപിക്കുന്നതിന് ഒന്നിലധികം അപേക്ഷകളും നൽകുന്നതിന് കഴിയില്ല. ഹുറൂബ് കേസുകൾ പരിശോധിക്കുന്ന ബന്ധപ്പെട്ട വിഭാഗം നേരത്തെ തള്ളിയ ഹുറൂബ് കേസുകൾ വ്യാജമാണെന്ന് സ്ഥാപിക്കുന്നതിനുള്ള അപേക്ഷകളും ഓൺലൈൻ വഴി സ്വീകരിക്കില്ല. 


 

Latest News