റിയാദ് - റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഔദ്യോഗിക സന്ദർശനാർഥം ഇന്ന് റിയാദിലെത്തും.
സൗദി സന്ദർശനം പൂർത്തിയാക്കി നാളെ രാവിലെ പുടിൻ യു.എ.ഇയിലേക്ക് യാത്ര തിരിക്കും. ഇരു രാജ്യങ്ങളും തമ്മിൽ ഊർജ, കാർഷിക, വ്യവസായ, സൈനിക മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും റഷ്യൻ പ്രസിഡന്റ് പ്രത്യേകം പ്രത്യേകം ചർച്ചകൾ നടത്തും.
വിവിധ മേഖലകളിൽ സഹകരണത്തിനുള്ള കോടിക്കണക്കിന് റിയാലിന്റെ കരാറുകളും രണ്ടു രാജ്യങ്ങളും ഒപ്പുവെക്കും. സിറിയ, യെമൻ പ്രശ്‌നങ്ങളും ഫലസ്തീൻ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങളും ഗൾഫ് മേഖല നേരിടുന്ന വെല്ലുവിളികളും സൗദി നേതാക്കളും റഷ്യൻ പ്രസിഡന്റും വിശകലനം ചെയ്യും.
പന്ത്രണ്ടു വർഷത്തിനു ശേഷമാണ് റഷ്യൻ പ്രസിഡന്റ് സൗദി അറേബ്യ സന്ദർശിക്കുന്നത്. 2007 ഫെബ്രുവരിയിലാണ് വഌദിമിർ പുടിൻ ഇതിനു മുമ്പ് സൗദി അറേബ്യ സന്ദർശിച്ചത്. 2017 ൽ സൽമാൻ രാജാവ് റഷ്യ സന്ദർശിച്ചിരുന്നു. വ്യത്യസ്ത മേഖലകളിൽ സൗദി-റഷ്യ ബന്ധം സമീപ കാലത്ത് ശക്തമായിട്ടുണ്ട്.
അറേബ്യൻ ഉൾക്കടലിൽ എണ്ണ ടാങ്കറുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളും മേഖലയിൽ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളും റഷ്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെ ബാധിക്കില്ലെന്ന് റഷ്യൻ പ്രസിഡന്റ് പറഞ്ഞു. മേഖലയിൽ എണ്ണ ടാങ്കറുകൾ പിടിച്ചെടുക്കൽ, എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ പോലെയുള്ള പ്രവർത്തനങ്ങൾ റഷ്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ ഏതെങ്കിലും രീതിയിൽ ബാധിക്കുമെന്നോ റഷ്യ-അറബ് ബന്ധത്തിന് കോട്ടം തട്ടിക്കുമെന്നോ ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവരുടെ ധാരണ തെറ്റാണ്.
റഷ്യയുടെ സൗഹൃദ രാജ്യമെന്നോണമാണ് സൗദി അറേബ്യയെ തങ്ങൾ നോക്കിക്കാണുന്നത്. സൽമാൻ രാജാവുമായും കിരീടാവകാശിയുമായും തനിക്ക് നല്ല ബന്ധമുണ്ട്. സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള ബന്ധങ്ങൾ അനുദിനം കൂടുതൽ ശക്തിയാർജിച്ചു വരികയാണ്. രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ ആഗോള തലത്തിൽ സൗദി അറേബ്യ വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. മേഖലയിലെ സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിൽ യു.എ.ഇ വഹിക്കുന്ന പങ്കും പ്രധാനമാണ്. സൗദി അറാംകോ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളെ അപലപിക്കുന്നതായും വഌദിമിർ പുടിൻ പറഞ്ഞു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ആരാണെന്ന കാര്യം റഷ്യക്ക് അറിയില്ല. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ആരു തന്നെയായാലും ഇത്തരം പ്രവർത്തനങ്ങളെ റഷ്യ അപലപിക്കുന്നതായും പുടിൻ പറഞ്ഞു.