Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അറാംകോ ആക്രമണം: അന്വേഷണത്തിൽ പങ്കാളിത്തം വഹിക്കാമെന്ന് പുടിൻ

റിയാദ് - സൗദി അറാംകോക്കു കീഴിലെ ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച അന്വേഷണത്തിൽ പങ്കാളിത്തം വഹിക്കുന്നതിന് റഷ്യ ഒരുക്കമാണെന്ന് റഷ്യൻ പ്രസിഡന്റ് വഌദിമിർ പുടിൻ പറഞ്ഞു. സൗദിയിലേക്ക് യാത്ര തിരിക്കുന്നതിനു തൊട്ടുമുമ്പ് റഷ്യയിലെ ആർ.ടി ടി.വി, സൗദിയിലെ അൽഅറബിയ, സ്‌കൈ ന്യൂസ് അറേബ്യ ചാനലുകൾക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ.


എണ്ണ വ്യവസായ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങൾ എണ്ണ വിപണിയെ ബാധിക്കില്ല. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ആരാണെന്ന് നിർണയിക്കുന്നതിന് തെളിവുകൾ ലഭിക്കണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ താൻ അറിയിച്ചിട്ടുണ്ട്. 


സൗദി അറേബ്യ റഷ്യയുടെ സൗഹൃദ രാജ്യമാണ്. സൗദി അറേബ്യ-റഷ്യ സാമ്പത്തിക സഹകരണത്തിൽ ഈ വർഷം 38 ശതമാനം വളർച്ചയുണ്ട്. പ്രാദേശിക, ആഗോള തലത്തിലെ പ്രധാന ശക്തിയായാണ് സൗദി അറേബ്യയെ റഷ്യ കാണുന്നത്. 2017 ൽ സൽമാൻ രാജാവ് നടത്തിയ റഷ്യൻ സന്ദർശനം ചരിത്രപരമായിരുന്നു. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി തനിക്ക് വ്യക്തിപരമായ സൗഹൃദ ബന്ധമുണ്ട്. സൗദി അറേബ്യയുടെ പങ്കില്ലാതെ സിറിയൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരമുണ്ടാക്കുന്ന കാര്യത്തിൽ പുരോഗതി കൈവരിക്കുക സാധ്യമാകില്ല. അറബ് രാജ്യങ്ങളുടെ മടിത്തട്ടിലേക്ക് സിറിയയെ തിരികെ എത്തിക്കുന്നതിന് സമയം സമാഗതമായിരിക്കുന്നു. സിറിയൻ പ്രതിസന്ധിയിൽ സൃഷ്ടിപരമായ നിലപാട് സ്വീകരിച്ച സൽമാൻ രാജാവിനോടും കിരീടാവകാശിയോടും തനിക്ക് കൃതജ്ഞതയുണ്ട്. 


സൗദി-റഷ്യ ബന്ധം ശക്തമാക്കുന്നതിൽ സൗദി കിരീടാവകാശിക്ക് വലിയ പങ്കുണ്ട്. സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള നിരവധി പദ്ധതികൾക്ക് മുൻകൈയെടുത്തത് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ്. 
ആഗോള എണ്ണ വിപണിയിൽ ഭദ്രതയുണ്ടാക്കുന്നതിന് ഒപ്പെക്കും സംഘടനക്ക് പുറത്തുള്ള ഉൽപാദക രാജ്യങ്ങളും തമ്മിൽ കരാറുണ്ടാക്കുന്നതിൽ സൗദി കിരീടാവകാശി സുപ്രധാനവും വിജയകരവുമായ പങ്ക് വഹിച്ചിട്ടുണ്ട്. ഒപെക് പ്ലസ് കരാറിന്റെ ഭാഗമായി നടപ്പാക്കിയ ഭൂരിഭാഗം കാര്യങ്ങളും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ മുൻകൈയിലാണ് സാധ്യമായത്. എണ്ണ മേഖലയിലെ സഹകരണത്തിനുണ്ടാക്കിയ ഒപെക് പ്ലസ് ധാരണ ഉൽപാദകർക്കു മാത്രമല്ല, ഉപഭോക്താക്കൾക്കും ഗുണം ചെയ്യും. എണ്ണ വിലേയക്കാൾ ഉപരി ആഗോള എണ്ണ വിപണിയുടെ ഭദ്രതക്കാണ് എല്ലാവരും കൂടുതൽ ശ്രദ്ധയും പ്രാധാന്യവും നൽകുന്നത്. 


പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരം കാണുന്നതിന് അമേരിക്ക മുന്നോട്ടുവെച്ച നൂറ്റാണ്ടിന്റെ കരാർ എന്ന പേരിൽ അറിയപ്പെടുന്ന പദ്ധതി ഇപ്പോഴും അവ്യക്തമാണ്. പദ്ധതിയെ കുറിച്ച വിശദാംശങ്ങൾ അമേരിക്ക ലോകത്തിനു മുന്നിൽ പരസ്യപ്പെടുത്തിയിട്ടില്ല. ഫലസ്തീൻ പ്രശ്‌നവുമായി ബന്ധപ്പെട്ട് യു.എൻ തീരുമാനങ്ങൾ പാലിക്കുന്നതിന് റഷ്യ പ്രതിജ്ഞാബദ്ധമാണെന്നും റഷ്യൻ പ്രസിഡന്റ് പറഞ്ഞു. 


ഒപെക് പ്ലസ് ചട്ടക്കൂടിലുള്ള സഹകരണത്തിന് ഔദ്യോഗിക പരിവേഷം നൽകുന്നതിന് എണ്ണയുൽപാദക രാജ്യങ്ങൾ തമ്മിലുള്ള സഹകരണ ചാർട്ടറിൽ വഌദിമിർ പുടിന്റെ സന്ദർശനത്തിനിടെ സൗദി അറേബ്യയും റഷ്യയും ഒപ്പുവെക്കും. സ്ഥിരം സഹകരണത്തിന് ഒപെക് പ്ലസ് രാജ്യങ്ങൾ ജൂലൈയിൽ ഐകകണ്‌ഠ്യേനെ ധാരണയിലെത്തിയിരുന്നു. വിയന്നയിൽ ഒപെക് ആസ്ഥാനത്ത് ചേർന്ന യോഗത്തിലായിരുന്നു ഇത്. യോഗത്തിൽ പതിനാല് ഒപെക് രാജ്യങ്ങളും സംഘടനക്ക് പുറത്തുള്ള പത്തു രാജ്യങ്ങളും പങ്കെടുത്തിരുന്നു.


 

Latest News