Sorry, you need to enable JavaScript to visit this website.

പതിനാറു മേഖലകളിൽ ഭൂരിഭാഗം വിദേശികൾ

റിയാദ്- പതിനാറു മേഖലകളിൽ ജോലി ചെയ്യുന്നവരിൽ ബഹുഭൂരിഭാഗവും വിദേശികളാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ തൊഴിൽ വിപണി സർവേ വ്യക്തമാക്കുന്നു. 
ഈ വർഷം രണ്ടാം പാദത്തിൽ ആകെ 21 മേഖലകളിലാണ് അതോറിറ്റി സർവേ നടത്തിയത്. നിർമാണം, കൃഷി, മത്സ്യബന്ധനം, വ്യവസായം, വൈദ്യുതി, ജലം, താമസ-ഭക്ഷണ സേവനം, ആരോഗ്യം, കല, മൊത്ത-ചില്ലറ വ്യാപാരം അടക്കമുള്ള മേഖലകളിലാണ് വിദേശികളുടെ ആധിക്യമുള്ളത്. നിർമാണ മേഖല അടക്കമുള്ള ചില മേഖലകളിൽ വിദേശികൾ 88 ശതമാനത്തോളമാണ്. 
പടിപടിയായി സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനുള്ള തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്ത്, ഭൂരിഭാഗം മേഖലകളിലും പാലിക്കേണ്ട സൗദിവൽക്കരണ അനുപാതം 50 ശതമാനത്തിൽ കുറവായി നിർണയിക്കുന്നുണ്ടെന്നും ഇതാണ് പല മേഖലകളിലും സ്വദേശികളെ അപേക്ഷിച്ച് വിദേശികളുടെ ആധിക്യത്തിന് കാരണമെന്നും സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിലെ തൊഴിൽ വിപണി കമ്മിറ്റി പ്രസിഡന്റ് എൻജിനീയർ മൻസൂർ അൽശത്‌രി പറഞ്ഞു. വിദേശികൾക്കു പകരം നിയമിക്കുന്നതിന് മതിയായ പരിശീലനം സിദ്ധിച്ച സ്വദേശികളെ വേണ്ടത്ര കിട്ടാനില്ലാത്തതിനാൽ പെട്ടെന്ന് ഒറ്റയടിക്ക് സൗദിവൽക്കരണ അനുപാതം വലിയ തോതിൽ മന്ത്രാലയം ഉയർത്തുന്നത് പല മേഖലകളെയും പ്രതിസന്ധിയിലാക്കും. പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ചില സ്ഥാപനങ്ങൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിശ്ചയിച്ചതിൽ കൂടുതൽ സ്വദേശിവൽക്കരണം നടപ്പാക്കിയിട്ടുണ്ടെന്നും എൻജിനീയർ മൻസൂർ അൽശത്‌രി പറഞ്ഞു.
കാർഷിക, മത്സ്യബന്ധന മേഖലയിൽ 14,657 സൗദികളും 69,409 വിദേശികളും ജോലി ചെയ്യുന്നു. വ്യവസായ മേഖലയിൽ വിദേശികൾ 6,44,590 ആണ്. 
ഈ മേഖലയിൽ 1,99,644 സൗദി ജീവനക്കാരുമുണ്ട്. നിർമാണ മേഖലയിൽ 2,94,131 സൗദികളും 22,54,708 വിദേശികളും വൈദ്യുതി മേഖലയിൽ 42,529 സൗദികളും 48,230 വിദേശികളും ജല മേഖലയിൽ 12,588 വിദേശികളും 4,452 സൗദികളും താമസ, ഭക്ഷണ സേവന മേഖലയിൽ 74,651 സ്വദേശികളും 3,30,000 വിദേശികളും വ്യാപാര, വാഹന റിപ്പയർ മേഖലയിൽ 4,34,467 സൗദികളും 18,08,336 വിദേശികളും ഗതാഗത മേഖലയിൽ 75,228 സൗദികളും 1,84,702 വിദേശികളും ടെലികോം, ഐ.ടി മേഖലയിൽ 34,933 സൗദികളും 35,684 വിദേശികളും റിയൽ എസ്റ്റേറ്റ് മേഖലയിൽ 9,892 സൗദികളും 25,700 വിദേശികളും പ്രൊഫഷനൽ, ടെക്‌നിക്കൽ മേഖലയിൽ 34,470 സ്വദേശികളും 1,01,672 വിദേശികളും അഡ്മിനിസ്‌ട്രേറ്റീവ്, സപ്പോർട്ട് സർവീസസ് മേഖലയിൽ 1,12,699 സൗദികളും 9,37,148 വിദേശികളും ആരോഗ്യ, സാമൂഹിക സേവന മേഖലയിൽ 1,58,307 സൗദികളും 1,73,069 വിദേശികളും കലാ, വിനോദ മേഖലയിൽ 6,468 സൗദികളും 17,069 വിദേശികളും മറ്റു സേവന മേഖലകളിൽ 50,266 സൗദികളും 1,77,030 വിദേശികളും ജോലി ചെയ്യുന്നു. 
ഖനന മേഖലയിൽ സ്വദേശികളാണ് കൂടുതൽ. ഈ മേഖലയിൽ 1,11,661 സൗദികളും 68,312 വിദേശികളും ജോലി ചെയ്യുന്നു. ധന, ഇൻഷുറൻസ് മേഖലയിൽ സൗദി ജീവനക്കാർ 63,918 ആണ്. ഈ മേഖലയിൽ വിദേശികൾ 13,165 മാത്രമാണ്. വിദ്യാഭ്യാസ മേഖലയിൽ 1,74,601 സൗദികളും 75,921 വിദേശികളും ജോലി ചെയ്യുന്നു. 
പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, സിവിൽ ഡിഫൻസ്, സാമൂഹിക സുരക്ഷാ മേഖയിൽ 11,90,655 സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്. ഈ മേഖലയിൽ വിദേശ തൊഴിലാളികൾ 75,921 മാത്രമാണ്. രാജ്യത്ത് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകൾക്കു കീഴിൽ 793 സൗദി ജീവനക്കാരും 219 വിദേശ തൊഴിലാളികളുമുണ്ട്. 

Latest News