കൊച്ചി- എറണാകുളം നിയമസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി മനു റോയി നടൻ മമ്മൂട്ടിയെ സന്ദർശിച്ചു. കടവന്ത്ര ഗിരിനഗറിലെ വിസ്മയ സ്റ്റുഡിയോയിലാണ് ഇരുവരും കണ്ടുമുട്ടിയത്. വിശേഷങ്ങൾ പങ്കുവച്ച് മമ്മൂട്ടി സ്ഥാനാർഥിക്ക് വിജയാശംസകൾ നേർന്നു. പക്വതയുള്ള സ്ഥാനാർത്ഥിയാണല്ലോ എന്ന മമ്മൂട്ടിയുടെ വിലയിരുത്തലിന് പ്രായം നാൽപത് കഴിഞ്ഞു എന്ന് മനു റോയി സൂചിപ്പിച്ചു. നാൽപത് വയസൊക്കെയൊരു വയസാണോ എന്നാണ് മമ്മൂട്ടി പറഞ്ഞത്. എൽ.ഡി.എഫ് സ്ഥാനാർഥി വിജയിക്കുമെന്ന പ്രതീക്ഷയുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് എൽ.ഡി.എഫ് സ്ഥാനാർഥി ജയിക്കുമോ എന്ന് അദ്ദേഹത്തിന്റെ മുന്നണി തീരുമാനിക്കുമെന്നും ആര് ജയിക്കുമെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും മെഗാ സ്റ്റാർ മറുപടി നൽകി. മമ്മൂട്ടി ഈ മണ്ഡലത്തിലെ വോട്ടർ അല്ലെങ്കിലും മഹാന്മാരായ കലാകാരന്മാരുടെ അനുഗ്രഹവും പിന്തുണയും നേടാനാണ് താനെത്തിയതെന്ന് മനു റോയി പറഞ്ഞു. മോഹൻലാൽ ഉൾപ്പെടെ മണ്ഡലത്തിൽ താമസിക്കുന്ന പ്രശസ്തരെയെല്ലാം കണ്ട് അനുഗ്രഹം വാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും സ്ഥാനാർഥി കൂട്ടിച്ചേർത്തു. സ്റ്റുഡിയോയിലുണ്ടായിരുന്ന സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, സി.പി.എം എറണാകുളം ഏരിയ സെക്രട്ടറി പി.എൻ സീനുലാലിന്റെ മകനും നടനും സംവിധായകനുമായ സോഹൻ സീനുലാൽ എന്നിവരുമായും സ്ഥലത്തുണ്ടായിരുന്നു.