Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വനിതാ പാസ്‌പോർട്ട് വിഭാഗം പ്രവർത്തനം തുടങ്ങി

റിയാദ് ജവാസാത്ത് ഡയറക്ടറേറ്റിലെ വനിതാ വിഭാഗത്തിലെ പാസ്‌പോർട്ട് വിഭാഗം സൗദി ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ  ഉദ്ഘാടനം ചെയ്യുന്നു. 
വനിതാ പാസ്‌പോർട്ട് വിഭാഗത്തിലെ ഉദ്യോഗസ്ഥക്ക് ജവാസാത്ത് മേധാവി മാർഗനിർദേശങ്ങൾ നൽകുന്നു.

റിയാദ് - പുരുഷന്മാരായ രക്ഷാകർത്താക്കളുടെ അനുമതിയില്ലാതെ തന്നെ പ്രായപൂർത്തിയായ സൗദി വനിതകൾക്ക് പാസ്‌പോർട്ടുകൾ അനുവദിക്കുന്നതിനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നതിനു പിന്നാലെ സൗദി ജവാസാത്ത് ഡയറക്ടറേറ്റ് വനിതാ പാസ്‌പോർട്ട് വിഭാഗം തുറന്നു. 


റിയാദ് ജവാസാത്ത് ഡയറക്ടറേറ്റിലെ വനിതാ വിഭാഗത്തിലാണ് വനിതാ പാസ്‌പോർട്ട് വിഭാഗം തുറന്നിരിക്കുന്നത്. സൗദി ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ പുതിയ വിഭാഗം ഉദ്ഘാടനം ചെയ്തു. 


ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിർ വഴി സേവനങ്ങൾ പൂർത്തിയാക്കുന്നതിന് കഴിയാത്ത സൗദി വനിതകൾക്ക് പുതിയ പാസ്‌പോർട്ട്, പാസ്‌പോർട്ട് പുതുക്കൽ സേവനങ്ങൾ പുതിയ വിഭാഗത്തിൽ നിന്ന് നൽകും. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി മുൻകൂട്ടി സമയം നേടിയാണ് പാസ്‌പോർട്ട് സേവനങ്ങൾക്ക് വനിതാ ഉപയോക്താക്കൾ വനിതാ പാസ്‌പോർട്ട് വിഭാഗത്തെ സമീപിക്കേണ്ടത്.

നിശ്ചിത സമയത്ത് വനിതാ പാസ്‌പോർട്ട് വിഭാഗത്തിലെത്തി നടപടികൾ പൂർത്തിയാക്കുന്നവർക്ക് പുതിയ പാസ്‌പോർട്ടും പുതുക്കിയ പാസ്‌പോർട്ടുകളും സൗദി പോസ്റ്റിന്റെ വാസിൽ സേവനം വഴി നേരിട്ട് എത്തിച്ചു നൽകും. 

പുരുഷന്മാരായ രക്ഷാകർത്താവിന്റെ അനുമതിയില്ലാതെ സൗദി വനിതകൾക്ക് പാസ്‌പോർട്ടുകൾ അനുവദിക്കുന്നതിനുള്ള തീരുമാനം പുറത്തുവന്ന ശേഷം ഇതുവരെ 14,000 സൗദി വനിതകൾ പാസ്‌പോർട്ടുകൾ നേടിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. 


ഒമ്പതിനായിരം സൗദി വനിതകൾ ഓൺലൈൻ സേവനമായ അബ്ശിർ വഴിയാണ് പാസ്‌പോർട്ടിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. അയ്യായിരം പേർ വിവിധ പ്രവിശ്യകളിലെ ജവാസാത്ത് ഓഫീസുകളെ നേരിട്ട് സമീപിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയും പാസ്‌പോർട്ടുകൾ നേടി. 


സൗദി വനിതകൾക്ക് പുരുഷന്മാരായ രക്ഷാകർത്താവിന്റെ അനുമതിയില്ലാതെ പാസ്‌പോർട്ടുകൾ അനുവദിക്കുന്നതിനുള്ള തീരുമാനം രണ്ടു മാസം മുമ്പാണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം കൈക്കൊണ്ടത്. ഇതോടൊപ്പം പുരുഷന്മാരായ രക്ഷാകർത്താവിന്റെ അനുമതിയില്ലാതെ വിദേശ യാത്ര നടത്തുന്നതിനും പ്രായപൂർത്തിയായ സൗദി വനിതകളെ അനുവദിച്ചിട്ടുണ്ട്. മഹ്‌റം ഒപ്പമില്ലാതെ ഹോട്ടൽ മുറികൾ വാടകക്കെടുക്കുന്നതിനും കഴിഞ്ഞയാഴ്ച മുതൽ വനിതകളെ അനുവദിച്ചിട്ടുണ്ട്. 
മഹ്‌റം ഒപ്പമില്ലാത്ത വനിതകൾക്ക് ഹോട്ടൽ മുറികൾ വാടകക്ക് നൽകുന്നതിന് ഇതുവരെ വിലക്കുണ്ടായിരുന്നു. വിദേശ വിനോദ സഞ്ചാരികൾക്ക് ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ തുടങ്ങിയതോടനുബന്ധിച്ചാണ് മഹ്‌റം ഒപ്പമില്ലാത്ത വനിതകൾക്ക് ഹോട്ടൽ മുറികൾ വാടകക്ക് നൽകുന്നതിനുള്ള വിലക്ക് എടുത്തുകളഞ്ഞത്. 

 

 

 


 

Latest News