Sorry, you need to enable JavaScript to visit this website.

സൗദി ടൂറിസം മേഖലയില്‍ 10 ലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ ലക്ഷ്യം

റിയാദ് - വിനോദ സഞ്ചാര വ്യവസായ മേഖലയിൽ 2030 ഓടെ പത്തു ലക്ഷം സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെരിറ്റേജ് ഡയറക്ടർ ബോർഡ് പ്രസിഡന്റ് അഹ്മദ് അൽഖതീബ് പറഞ്ഞു.

2030 ഓടെ പ്രതിവർഷം രാജ്യത്തെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം പത്തു കോടിയായി ഉയർത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. മൊത്തം ആഭ്യന്തരോൽപാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന പത്തു ശതമാനമായി ഉയർത്തുന്നതിനും ഉന്നമിടുന്നു. 


സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള സൗദി അറേബ്യയുടെ പദ്ധതിയായ വിഷൻ 2030 പദ്ധതിയുടെ ഭാഗമായി വിനോദ സഞ്ചാര വ്യവസായ മേഖലയിൽ വലിയ തോതിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. വരുമാനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള പ്രധാന മേഖലയെന്നോണമാണ് വിനോദ സഞ്ചാര വ്യവസായ മേഖലയെ കാണുന്നത്. ടൂറിസം മേഖലയിൽ നിരവധി വൻകിട പദ്ധതികൾ രാജ്യത്ത് നടപ്പാക്കിവരികയാണെന്നും അഹ്മദ് അൽഖതീബ് പറഞ്ഞു. 


അതേസമയം, കഴിഞ്ഞ വർഷം 12 ലക്ഷത്തിലേറെ സൗദികൾ ദുബായ് സന്ദർശിച്ചതായി ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ടൂറിസം ആന്റ് കൊമേഴ്‌സ് മാർക്കറ്റിംഗ് അറിയിച്ചു. 
ദുബായിലെ വിനോദ സഞ്ചാര വ്യവസായ മേഖല പ്രധാന വിപണിയെന്നോണമാണ് സൗദി അറേബ്യയെ കാണുന്നതെന്ന് ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ടൂറിസം ആന്റ് കൊമേഴ്‌സ് മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഉസാം കാസിം പറഞ്ഞു. ഈ വർഷം ആദ്യ പകുതിയിൽ ഏഴു ലക്ഷത്തോളം സൗദി ടൂറിസ്റ്റുകൾ ദുബായ് സന്ദർശിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ കൊല്ലം ദുബായ് സന്ദർശിക്കുന്ന സൗദികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ട്. 
ദുബായിൽ വിനോദ സഞ്ചാര വ്യവസായവുമായി ബന്ധപ്പെട്ട പരിപാടികളിലും ഏറ്റവും വലിയ പങ്കാളിത്തം വഹിക്കുന്നത് സൗദി അറേബ്യയാണ്. 2020 ദുബായ് എക്‌സ്‌പോയിലെ ഏറ്റവും വലിയ പവിലിയൻ സൗദി അറേബ്യയുടെതാണ്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഈ വർഷത്തെ റിയാദ് സീസൺ പ്രോഗ്രാം വലിയ പ്രതീക്ഷയോടെയാണ് തങ്ങൾ നോക്കിക്കാണുന്നത്. വിനോദ സഞ്ചാര മേഖലയിൽ പരസ്പര പൂരകമെന്നോണമാണ് മേഖലാ രാജ്യങ്ങൾ പ്രവർത്തിക്കുന്നത്. 
അതുകൊണ്ടു തന്നെ റിയാദ് സീസൺ പ്രോഗ്രാം മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും ഗുണം ചെയ്യുമെന്നും ഉസാം കാസിം പറഞ്ഞു. 

 

Latest News