റിയാദ് - ഇരുപത്തിമൂന്നു മാസത്തിനിടെ പത്തു ലക്ഷത്തോളം നിയമ ലംഘകരെ സൗദിയിൽ നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തടവും പിഴയും പ്രവേശന വിലക്കും കൂടാതെ നിയമ ലംഘകർക്ക് സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് അവസരമൊരുക്കി പ്രഖ്യാപിച്ച പൊതുമാപ്പ് 2017 നവംബർ 14 ന് അവസാനിച്ചതിനെ തുടർന്ന് തൊട്ടടുത്ത ദിവസം മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കാലത്ത് ആകെ 9,91,636 പേരെയാണ് നാടുകടത്തിയത്.
ഇക്കാലയളവിൽ രാജ്യമൊട്ടുക്കും സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ ആകെ 39,88,685 ഇഖാമ, തൊഴിൽ നിയമ ലംഘകർ പിടിയിലായി. ഇക്കൂട്ടത്തിൽ 31,16,030 പേർ ഇഖാമ നിയമ ലംഘകരും 6,14,054 പേർ തൊഴിൽ നിയമ ലംഘകരും 2,58,601 പേർ നുഴഞ്ഞുകയറ്റക്കാരുമാണ്.
അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറുന്നതിന് ശ്രമിച്ച 64,449 പേരെ സുരക്ഷാ വകുപ്പുകൾ പിടികൂടി. ഇക്കൂട്ടത്തിൽ 45 ശതമാനം പേർ യെമനികളും 52 ശതമാനം പേർ എത്യോപ്യക്കാരും മൂന്നു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്.
അതിർത്തികൾ വഴി അനധികൃത രീതിയിൽ വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നതിന് ശ്രമിച്ച 2,830 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് താമസ, യാത്രാ സൗകര്യങ്ങളും മറ്റു സഹായ സൗകര്യങ്ങളും ചെയ്തുകൊടുത്തതിന് 4,606 വിദേശികളെ പിടികൂടി ശിക്ഷാ നടപടികൾ സ്വീകരിച്ച് നാടുകടത്തി. നിയമ ലംഘകരെ സഹായിച്ച കുറ്റത്തിന് 1,628 സൗദികളും പിടിയിലായി. ഇക്കൂട്ടത്തിൽ 1,597 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. 31 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണ്.
നിലവിൽ 15,024 നിയമ ലംഘകരെ നിയമാനുസൃത നടപടികൾക്ക് വിധേരയാക്കിവരികയാണ്. ഇക്കൂട്ടത്തിൽ 13,022 പേർ പുരുഷന്മാരും 2,002 പേർ വനിതകളുമാണ്. ഇരുപത്തിമൂന്നു മാസത്തിനിടെ 5,52,700 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു.
യാത്രാ രേഖകളും തിരിച്ചറിയൽ രേഖകളുമില്ലാത്ത 5,06,614 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ ലഭ്യമാക്കുന്നതിന് എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ച് നടപടികളെടുത്തു. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിന് 6,66,849 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.