കൽപറ്റ - കർണാടകയിലെ ബന്ദിപ്പുര ദേശീയോദ്യാനത്തിൽപെട്ട ചൗഡഹള്ളിയിൽ ഒരു മാസത്തിനിടെ രണ്ടു പേരെ കൊന്ന കടുവയെ മയക്കുവെടി വെച്ചു പിടികൂടുന്നതിനു ശ്രമം തുടരുന്നു.
കുംകി പരിശീലനം ലഭിച്ച ആറ് ആനകളുടെ സേവനവും ഉപയോഗപ്പെടുത്തിയാണ് കടുവയെ പിടിക്കാനുള്ള നീക്കങ്ങൾ.
ചൗഡഹള്ളിയിൽ 50 കാരൻ ശിവലിംഗമാണ് ഒടുവിൽ കടുവയുടെ ആക്രമണത്തിൽ മരിച്ചത്. ഇതിനു മുമ്പ് ശിവമദ്ദയ്യ എന്ന കർഷകനെയും കടുവ വകവരുത്തി. പാതി ഭക്ഷിച്ച നിലയിൽ കുറ്റിക്കാട്ടിലാണ് ശിവമദ്ദയ്യയുടെ മൃതദേഹം ഗ്രാമവാസികൾ കണ്ടെത്തിയത്.
വനം-വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ സംഘങ്ങളായി തിരിഞ്ഞാണ് കടുവയെ പിടികൂടാൻ ശ്രമിക്കുന്നത്. മയക്കുവെടി വിദഗ്ധനും ഫോറസ്റ്റ് വെറ്ററിനറി ഡോക്ടറും ഉൾപ്പെടുന്നതാണ് ഓരോ സംഘവും. വനത്തിലും അതിർത്തി പ്രദേശങ്ങളിലും തെരച്ചിൽ നടത്തുന്ന സംഘങ്ങൾക്കൊന്നും മയക്കുവെടി പ്രയോഗിക്കാവുന്ന വിധത്തിൽ കടുവയെ സ്‌പോട്ട് ചെയ്യാനായില്ല. വാഴത്തോപ്പിൽ കണ്ടുവെന്നു ഗ്രാമീണർ അറിയിച്ചതനുസരിച്ച് വനപാലകർ എത്തിയപ്പോഴേക്കും കടുവ സ്ഥലംവിട്ടിരുന്നു.