തിരുവനന്തപുരം - മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ കാറിടിച്ച് മരിച്ച സംഭവത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമന്റെ കയ്യിലുണ്ടായ പൊള്ളൽ നിർണായകമാകുമെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്.
കാർ ഓടിച്ചത് ആരെന്ന് ഈ തെളിവിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. അപകടത്തിൽ ശ്രീറാമിന്റെ കൈയിൽ ചെറിയ പൊള്ളലേറ്റിരുന്നു.
സ്റ്റിയറിങ് വീലിൽ പിടിച്ചിരിക്കവേ കാറിലെ എയർബാഗ് വേഗത്തിൽ തുറന്നാൽ കയ്യിൽ പൊള്ളലേൽക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
കാറിടിച്ചപ്പോൾ താൻ മദ്യപിച്ചിരുന്നില്ലെന്നും കാറോടിച്ചത് സുഹൃത്ത് വഫയായിരുന്നുവെന്നും ശ്രീറാം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്കു നൽകിയ വിശദീകരണത്തിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ശ്രീറാം പറയുന്നത് പച്ചക്കള്ളമാണെന്ന് ആരോപിച്ച് വഫയും രംഗത്തെത്തി.
എയർ ബാഗ് തുറന്ന് അതിനുള്ളിലെ പൗഡർ ശരീരവുമായി ഉരയുമ്പോൾ പൊള്ളലോ ചെറിയ പോറലുകളോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണു കാർ നിർമാണ കമ്പനികളിലെ സാങ്കേതിക വിദഗ്ധരും പറയുന്നത്. എയർബാഗ് തുറന്നപ്പോഴാണു ശ്രീറാമിന്റെ കയ്യിൽ പൊള്ളൽ ഉണ്ടായതെന്നു ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞാൽ അത് കേസിൽ നിർണായകമാകും. അപകട സമയത്തു ശ്രീറാമാണ് വാഹനമോടിച്ചതെന്ന് ഇതിലൂടെ തെളിയിക്കാനാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. അപകടം നടക്കുമ്പോൾ വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന വഫക്കു പരിക്കേറ്റില്ലെന്നതും ഈ സാധ്യതകളിലേക്കു വിരൽ ചൂണ്ടുന്നു.
അപകടത്തിൽ ശ്രീറാമിന്റെ ഇടതു കയ്യിലെ മണിബന്ധത്തിനു പരിക്കേറ്റതായി മെഡിക്കൽ ബോർഡ് കണ്ടെത്തിയിരുന്നു. രണ്ടു കയ്യിലും പരിക്കേറ്റതായാണ് സംഭവ സ്ഥലത്തെത്തിയ അന്നത്തെ മ്യൂസിയം എസ്.ഐ മാധ്യമ പ്രവർത്തകരെ അറിയിച്ചത്. ശ്രീറാമിന്റെ വസ്ത്രങ്ങളും കാറിനുള്ളിൽ നിന്ന് ശേഖരിച്ച തെളിവുകളും പരിശോധനക്കായി ഫോറൻസിക് സയൻസ് ലാബിനു കൈമാറിയിട്ടുണ്ടെന്നു ക്രൈംബ്രാഞ്ച് അധികൃതർ പറഞ്ഞു. അപകടം നടന്ന സമയത്ത് ശ്രീറാം സഞ്ചരിച്ച വാഹനത്തിന്റെ വേഗം മനസ്സിലാക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കം വിജയിച്ചില്ല.
ശ്രീറാം സഞ്ചരിച്ച കാറിൽ ഇവന്റ് ഡാറ്റാ റെക്കോർഡർ ഇല്ലാത്തതിനാൽ വേഗം മനസ്സിലാക്കാനുള്ള സാധ്യതകൾ കുറവാണെണ് കാർ നിർമാണ കമ്പനി ക്രൈംബ്രാഞ്ചിനെ അറിയിച്ചു. റിപ്പോർട്ട് കൈമാറിയിട്ടില്ല. ബഷീർ മരിക്കാനിടയായ അപകടം നടന്നതു മ്യൂസിയം ജംഗ്ഷനിലെ പബ്ലിക് ഓഫീസിനു മുന്നിലാണ്. ശ്രീറാം കാറിൽ കയറിയത് കവടിയാറിൽ നിന്നും. കവടിയാർ മുതൽ പബ്ലിക് ഓഫീസ് വരെയുള്ള ക്യാമറകൾ പോലീസ് പരിശോധിച്ചെങ്കിലും കാർ വേഗത്തിൽ പോകുന്ന ദൃശ്യങ്ങൾ കിട്ടിയില്ല.