Sorry, you need to enable JavaScript to visit this website.

ജോളിയും മലയാളികളുടെ പ്രതികരണവും  

ഉപതെരഞ്ഞെടുപ്പു വാർത്തകളെ പോലും മറികടന്നാണ് ജോളിയുമായി ബന്ധപ്പെട്ട വാർത്തകൾ മലയാളി കേൾക്കുന്നത്, കാണുന്നത്, വായിക്കുന്നത്. ചാനലുകളിലെ പ്രൈം ടൈമുകളിൽ സീരിയലുകളുടെ സ്ഥിരം പ്രേക്ഷകർ പോലും വാർത്താ ചാനലുകൾ കാണുന്നു. നാലാൾ കൂടുന്നിടത്തെല്ലാം ചർച്ച ജോളിതന്നെ. മറുവശത്താകട്ടെ ഇത്തരം വാർത്തകൾക്കായി ഇത്രയധികം സമയം മാറ്റിവെക്കുന്ന ചാനലുകളെ പഴി പറയുന്നവരും നിരവധിയാണ്. അവർ മറക്കുന്നത് ജനങ്ങൾക്ക് താൽപര്യമുള്ള വാർത്തകളിലാണ് മാധ്യമങ്ങൾ കൂടുതൽ സമയം ചെലവഴിക്കുക എന്നതാണ്. തങ്ങളുടെ ചാനൽ കാണുന്നവരുടേയും വായിക്കുന്നവരുടേയും എണ്ണം കൂട്ടാനും അതുവഴി പരസ്യം കൂട്ടാനും  വരുമാനം വർധിപ്പിക്കാനുമല്ലേ ഏതൊരു ബിസിനസ് സ്ഥാപനവും പോലെ സ്വകാര്യമാധ്യമ സ്ഥാപനങ്ങളും ശ്രമിക്കൂ. പ്രത്യേകിച്ച് അതിരൂക്ഷമായ മത്സരം നടക്കുമ്പോൾ. ജനം കാണില്ല എന്നു തീരുമാനിച്ചാൽ അവർ മറ്റു വാർത്തകളിലേക്കുമാറും. ജനങ്ങൾ അർഹിക്കുന്ന വാർത്തകളാണ് മാധ്യമങ്ങൾ നൽകുക എന്നു സാരം. മറുവശത്ത് ഈ സംഭവത്തെ മുൻനിർത്തി സ്ത്രീകൾക്കെതിരെ കൊലപാതകങ്ങളേക്കാൾ ക്രൂരമായ രീതിയിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. ഇനി മുതൽ  ഭക്ഷണം ആദ്യം വീട്ടിലെ സ്ത്രീകളെ കൊണ്ട് കഴിപ്പിക്കണം തുടങ്ങിയ പോസ്റ്റുകളൊക്കെ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നതു കണ്ടു. മലയാളി പ്രബുദ്ധരാണെന്നും ഇവയൊക്കെ നിഷ്‌കളങ്കമായ ട്രോളുകളാണെന്നുമുള്ള ന്യായീകരണങ്ങളും കണ്ടു. പതിവുപോലെ ജോളിയെ കോടതിയിൽ കൊണ്ടുവരുമ്പോൾ തെറി വിളിക്കുന്നു. സ്വന്തം ജോലി കൃത്യമായി ചെയ്യാൻ ശ്രമിക്കുന്ന അഡ്വക്കേറ്റ് ആളൂരിനെ അസഭ്യം പറയുന്നു.
തീർച്ചയായും  എങ്ങനെയും പണമുണ്ടാക്കണം എന്ന ചിന്ത വ്യാപകമായതോടെ കുറ്റകൃത്യങ്ങളിൽ സ്ത്രീ പങ്കാളിത്തം വർധിച്ചിട്ടുണ്ട്. സ്ത്രീകളെ പൊതുവിൽ കുറ്റവാളികളായി ചിത്രീകരിക്കുന്ന സീരിയലുകളുടെ സ്വാധീനമെന്നൊക്കെ പറയാമെങ്കിലും അടിസ്ഥാന വിഷയം കേരളീയ സമൂഹത്തിന്റെ ജീർണ്ണതയല്ലാതെ മറ്റൊന്നല്ല. അതേ കുറിച്ച് ഗൗരവമായി പഠിക്കാൻ പോലും തയ്യാറാകാതെ കേരളം നമ്പർ വൺ, നമ്പർ വൺ എന്നുരുവിട്ട് ആഘോഷിക്കുകയാണ് സമൂഹത്തിന്റെ മുന്നണിപോരാളികളാണെന്ന് സ്വയം വിശേഷിപ്പിക്കുന്നവർ. അപ്പോഴും സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോ (എസ്.സി.ആർ.ബി.) കണക്കുകൾ പ്രകാരം സ്ത്രീകുറ്റവാളികളുടെ എണ്ണം കുറയുകയാണ് ചെയ്തത്. സ്ത്രികൾക്ക് എതിരായ കുറ്റകൃത്യങ്ങളാണ് വർദ്ധിക്കുന്നത്. ഈ വർഷം ജനുവരി മുതൽ മെയ് വരെ സ്ത്രീകൾക്കെതിരെ 6,228 അക്രമങ്ങൾ നടന്നു. അത് വൻ വർദ്ധനയാണ്. എന്നാൽ സ്ത്രീകൾ പ്രതികളായ കുറ്റകൃത്യങ്ങൾ കുറഞ്ഞുവരുകയാണ്. സംസ്ഥാനത്തെ വനിതാ തടവുകാരുടെ എണ്ണം 572 ൽനിന്ന് 208 ആയി കുറഞ്ഞതായാണ് കണക്കുകൾ. 7,459 തടവുകാരിൽ  7,251ഉം പുരുഷന്മാരാണ്. സ്ത്രീതടവുകാരിൽ മിക്കവരും ചെറിയ കുറ്റങ്ങളുടെ പേരിൽ തടവിൽ കഴിയുന്നവരാണ്. പോക്കറ്റടി, മോഷണം, വ്യാജ വാറ്റ്, സ്വയരക്ഷയ്ക്കായി നടത്തിയ കൊലപാതകങ്ങൾ എന്നിവയാണ് സ്ത്രീകൾക്കെതിരായ പ്രധാന കേസുകൾ. സ്ത്രീകൾ പ്രതികളായ പ്രധാന കുറ്റങ്ങൾ. കുറ്റകൃത്യങ്ങളിൽ സ്ത്രീകൾ ഉൾപ്പെടുമ്പോൾ കിട്ടുന്ന അമിത വാർത്താ പ്രാധാന്യമാണ് സ്ത്രീ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു എന്ന തോന്നലിനു കാരണമെന്നർത്ഥം. സരിതെയയൊന്നും മറക്കാറായിട്ടില്ലല്ലോ. ജോളിയെ പോലുള്ള കുറ്റങ്ങൾ ആരോപിക്കപ്പെട്ടവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. വിവാഹേതരബന്ധങ്ങളുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ ചില കുറ്റകൃത്യങ്ങളിൽ സ്ത്രീകൾ പ്രധാന പ്രതിസ്ഥാനത്തുള്ള സംഭവങ്ങൾ മറന്നിട്ടല്ല ഇതു പറയുന്നത്. എന്നാലവയുടെ എണ്ണത്തിന് ആനുപാതികമല്ല ആരോപണങ്ങൾ എന്നതാണ് വസ്തുത. 
കുറ്റകൃത്യങ്ങൾ ചെയ്യുന്നവരിൽ സ്ത്രീ പുരുഷ വ്യത്യാസമില്ല. പുരുഷൻമാർ ചെയ്യുന്ന എല്ലാത്തരം കുറ്റകൃത്യങ്ങളും സ്ത്രീകൾക്കും ചെയ്യാനാകും. എന്നാൽ, കുറ്റം ചെയ്യുന്നതിനുള്ള അവസരങ്ങൾ കൂടുതലുള്ളത് പുരുഷൻമാർക്കാണ്. അതിനാൽ കുറ്റവാളികളായ സ്ത്രീകളുടെ എണ്ണവും പുരുഷൻമാരുടേതിനെക്കാൾ കുറവായിരുന്നു. എന്നാൽ, മാറിയ വ്യവസ്ഥിതിയിൽ സ്ത്രീകൾക്കും കൂടുതൽ അവസരങ്ങൾ കിട്ടുന്നതിനാൽ കുറ്റകൃത്യങ്ങളിൽ അവരുടെ പങ്കാളിത്തവും കൂടിവരുന്നു എന്നാണ് ഈ വിഷയത്തിൽ മനഃശാസ്ത്രവിദഗ്ധനായ ജെയിംസ് വടക്കുഞ്ചേരി പറയുന്നത്. 
സാമാന്യമര്യാദയോടെ പെരുമാറുകയും സാമൂഹ്യജീവിതത്തിന്റെ ഭാഗമായി ജീവിക്കുന്ന ചില മനുഷ്യരുടെ ക്രൂരകൃത്യങ്ങൾ പ്രവചനാതീതമാണെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. മനോരോഗിയാണെന്ന ലേബലിൽ അവർ പെടുന്നില്ല. 'പൊതുവെ സ്ത്രീകൾ സഹജമായി അക്രമവാസന കുറഞ്ഞവരാണ്. സ്ത്രൈണ സവിശേഷതകൾക്ക് കാരണമായ ഹോർമോൺ ഈസ്ട്രോജൻ മാതൃത്വത്തിന്റെയും പരിലാളനയുടെയും നൈസർഗ്ഗിക വാസനകൾ രൂപപ്പെടുത്തുന്നതാണ്. പുരുഷ പ്രകൃതം ടെക്സ്റ്റോസ്റ്റിറോൺ എന്ന പുരുഷ ഹോർമോണുമിന്റെ സ്വാധീനത്തിൽ പരുവപ്പെട്ടതാണ്. മത്സരം വാശി, പോരാട്ടം, അക്രമം,സാഹസികത തുടങ്ങിയ പെരുമാറ്റങ്ങൾ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന ഈ ഹോർമോണിന്റെ ആധിക്യം സൃഷ്ടിക്കുന്നതാണ് അധമ പ്രവൃത്തികൾ.ശാന്തരായ ആളുകളിൽ ടെക്സ്റ്റോസ്റ്റിറോൺ കൂടുതൽ കുത്തിവെച്ചപ്പോൾ അവർ അക്രമാസക്തരായെന്ന് തെളിഞ്ഞിട്ടുണ്ട്. പൊതുവെ ടെക്സ്റ്റോസ്റ്റിറോൺന്റെ അളവ് വളരെ ഉയർന്നു നിൽക്കുന്നവരിൽ ശൗര്യം കൂടും-  മനശാസ്ത്രജ്ഞനായ പ്രസാദ് അമോർ പറയുന്നു. 
എന്തായാലും അക്രമപ്രവർത്തനം നടത്തിയ സ്ത്രീയെ അസാധാരണമായി ചിത്രീകരിക്കുന്നതും ഉള്ള കഥകൾക്കൊപ്പം ഇല്ലാത്ത കഥകളും ചമയ്ക്കുന്നത് അക്രമവാസന സഹജമായുള്ള പുരുഷപ്രകൃതത്തെ ആദർശവൽക്കരിക്കുന്നതിന് സമാനമാണെന്നതിൽ സംശയമില്ല. നിർഭാഗ്യവശാൽ ജോളി സംഭവവുമായി ബന്ധപ്പെട്ട് അതാണ് കേരളത്തിൽ നടക്കുന്നതെന്ന് പറയാതെ വയ്യ. സരിത സംഭവത്തിനുശേഷം ഇത്തരമൊരു വിരോധാഭാസത്തിനാണ് ഇപ്പോൾ കേരളം സാക്ഷ്യം വഹിക്കുന്നത്. 

Latest News