റിയാദ് - വടക്കുകിഴക്കൻ സിറിയയിൽ തുർക്കി സൈന്യം നടത്തുന്ന ആക്രമണത്തെ സൗദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങൾ രൂക്ഷമായ ഭാഷയിൽ അപലപിച്ചു. സിറിയയുടെ ഐക്യത്തിനും അഖണ്ഡതക്കും സ്വാതന്ത്ര്യത്തിനും എതിരായ ആക്രമണമാണിതെന്ന് സൗദി വിദേശ മന്ത്രാലയം പറഞ്ഞു. തുർക്കി സൈനിക ആക്രമണത്തിൽ സൗദി വിദേശ മന്ത്രാലയ വൃത്തങ്ങൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ആക്രമണം മേഖലാ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാണ്. സിറിയൻ ജനതയുടെ സുരക്ഷ ഉറപ്പുവരുത്തൽ അനിവാര്യമാണ്. വടക്കുകിഴക്കൻ സിറിയയിൽ തുർക്കി നടത്തുന്ന ആക്രമണം മേഖലാ സുരക്ഷയിലും ഭദ്രതയിലും പ്രത്യാഘാതങ്ങളുണ്ടാക്കും. ഈ പ്രദേശങ്ങളിൽ ഐ.എസ് വിരുദ്ധ പോരാട്ടത്തിന് ആഗോള സമൂഹം നടത്തുന്ന ശ്രമങ്ങൾക്ക് തുർക്കി ആക്രമണം തുരങ്കം വെക്കുമെന്നും സൗദി വിദേശ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
തുർക്കി ആക്രമണത്തെ യു.എ.ഇ വിദേശ, അന്താരാഷ്ട്ര സഹകരണകാര്യ മന്ത്രാലയവും അപലപിച്ചു. ഒരു അറബ് രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ നഗ്നമായ ആക്രമണമാണിത്. ഇത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണ്. അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണ്. അറബ് രാജ്യങ്ങളുടെ പരമാധികാരത്തിന് കോട്ടം തട്ടിക്കുകയും ആഗോള സുരക്ഷക്കും സമാധാനത്തിനും ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളെയും നിരാകരിക്കുകയെന്നതാണ് യു.എ.ഇയുടെ ഉറച്ച നിലപാട്. തുർക്കി ആക്രമണം സിറിയയുടെ അഖണ്ഡതക്കും മേഖലാ സുരക്ഷക്കും സിറിയയിലെ രാഷ്ട്രീയ പ്രക്രിയയിലും പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും യു.എ.ഇ വിദേശ, അന്താരാഷ്ട്ര സഹകരണകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
തുർക്കി ആക്രമണത്തെ കുവൈത്തും ജോർദാനും ബഹ്‌റൈനും ഇറാഖും ഈജിപ്തും അടക്കമുള്ള രാജ്യങ്ങളും അപലപിച്ചു. ഈജിപ്തിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ തുർക്കി ആക്രമണം വിശകലനം ചെയ്യുന്നതിന് നാളെ അറബ് ലീഗ് അടിയന്തര യോഗം ചേരും. അറബ് ലീഗിൽ അംഗമായ ഒരു രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ ആക്രമണമാണ് തുർക്കി നടത്തുന്നതെന്നും ഇത് ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ലെന്നും അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഹുസാം സക്കി പറഞ്ഞു. സിറിയയിലെ സംഘർഷവും പുതിയ സംഭവവികാസങ്ങളും മുതലെടുത്താണ് തുർക്കി സിറിയയിൽ കടന്നുകയറി ആക്രമണം നടത്തുന്നത്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ പറഞ്ഞു. സിറിയയിലെ സൈനിക നടപടി തുർക്കി ഉടനടി അവസാനിപ്പിക്കണമെന്നും മുഴുവൻ പ്രശ്‌നങ്ങൾക്കും അന്താരാഷ്ട്ര നിയമ ചട്ടക്കൂടിനകത്ത് ഒതുങ്ങിനിന്ന് ചർച്ചകളിലൂടെ പരിഹാരം കാണണമെന്നും ജോർദാൻ വിദേശ മന്ത്രി ഐമൻ അൽസ്വഫ്ദി ആവശ്യപ്പെട്ടു.
അറബ് പാർലമെന്റ് പ്രസിഡന്റ് ഡോ. മിശ്അൽ അൽസൽമി തുർക്കി നീക്കത്തെ അപലപിച്ചു. ആക്രമണം ഉടനടി അവസാനിപ്പിക്കുന്നതിനും സിറിയയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതിനും തുർക്കിയെ നിർബന്ധിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കുർദിഷ് പോരാളികളെ അടിച്ചമർത്താൻ ലക്ഷ്യമിട്ടാണ് വടക്കുകിഴക്കൻ സിറിയയിൽ തുർക്കി സൈനിക നടപടി ആരംഭിച്ചത്. വ്യോമാക്രമണവും ആർട്ടിലറി ആക്രമണവുമാണ് തുർക്കി ആദ്യം ആരംഭിച്ചത്. വൈകാതെ കരസേന അതിർത്തി കടക്കുകയും ചെയ്തു. പ്രദേശത്തു നിന്ന് അമേരിക്കൻ സൈന്യം പിൻവാങ്ങിയതാണ് ദീർഘകാലമായി അമേരിക്കയുടെ സഖ്യമായി പ്രവർത്തിച്ച കുർദിഷ് പോരാളികൾക്കെതിരായ തുർക്കി ആക്രമണത്തിന് വഴിയൊരുക്കിയത്.