Sorry, you need to enable JavaScript to visit this website.

സൗദി ബാങ്കുകളുടെ ആസ്തി 2.51 ട്രില്യൺ റിയാലായി ഉയർന്നു

റിയാദ് - സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന ബാങ്കുകളുടെ മൊത്തം ആസ്തി 2.51 ട്രില്യൺ റിയാലായി ഉയർന്നതായി സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയുടെ കണക്കുകൾ. ഓഗസ്റ്റ് അവസാനത്തിലെ കണക്കുകൾ പ്രകാരം ബാങ്കുകളുടെ ആകെ ആസ്തി 2.513 ട്രില്യൺ റിയാലാണ്. 


ജൂലൈ അവസാനം ഇത് 2.466 ട്രില്യണായിരുന്നു. ഒരു മാസത്തിനിടെ 4,710 കോടി റിയാലിന്റെ (1.9 ശതമാനം) വളർച്ച. 1993 നു ശേഷം ബാങ്കുകളുടെ ആസ്തികൾ ഒരു മാസത്തിനിടെ ഇത്രയും ഉയരുന്നത് ആദ്യം. 
ബാങ്കുകളുടെ വിദേശ ആസ്തികൾ 13.9 ശതമാനം വർധിച്ചതിന്റെ ഫലമായാണ് ആകെ ആസ്തികളിൽ വളർച്ചയുണ്ടായത്. ഓഗസ്റ്റിൽ സൗദിയിലെ ബാങ്കുകളുടെ വിദേശ ആസ്തികൾ 3,090 കോടി റിയാൽ കണ്ട് വർധിച്ചു.  
കഴിഞ്ഞ ഒരു വർഷത്തിനിടെ ബാങ്കുകളുടെ ആകെ ആസ്തിയിൽ 19,221 കോടി റിയാലിന്റെ (8.3 ശതമാനം) വർധനവുണ്ടായി. 2018 ഓഗസ്റ്റ് അവസാനം ബാങ്കുകളുടെ ആകെ ആസ്തി 2.321 ട്രില്യണായിരുന്നു. 
ബാങ്കുകളുടെ ആസ്തികൾ 12 വിഭാഗമാണ്. ഇതിൽ ഏറ്റവും വലുത് സ്വകാര്യ മേഖലയിൽ നിന്ന് ബാങ്കുകൾക്ക് കിട്ടാനുള്ള വായ്പാ തിരിച്ചടവാണ്. ബാങ്കുകളുടെ ആകെ ആസ്തികളിൽ 59.2 ശതമാനം വരുമിത്. 1.487 ട്രില്യൺ റിയാലാണ് ബാങ്കുകൾക്ക് ഇത്തരത്തിൽ കിട്ടാനുള്ളത്. രണ്ടാം സ്ഥാനത്ത് സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കാനുള്ള പണമാണ്. ഈയിനത്തിൽ ബാങ്കുകൾക്ക് 42,252 കോടി റിയാൽ കിട്ടാനുണ്ട്. ബാങ്കുകളുടെ ആകെ ആസ്തിയിൽ 16.8 ശതമാനമാണിത്. മൂന്നാം സ്ഥാനത്ത് ബാങ്കുകളുടെ വിദേശ ആസ്തികളാണ്. ബാങ്കുകളുടെ മൊത്തം ആസ്തികളിൽ 10.1 ശതമാനം വരുമിത്. ഓഗസ്റ്റ് അവസാനത്തെ കണക്ക് പ്രകാരം ബാങ്കുകൾക്ക് 25,390 കോടി റിയാലിന്റെ വിദേശ ആസ്തികളുണ്ട്. ബാങ്കുകളുടെ ആകെ ആസ്തികളിൽ 86.1 ശതമാനവും ഈ മൂന്നു ഗണത്തിൽ പെട്ടതാണ്. 
സൗദിയിൽ ആകെ 25 ബാങ്കുകളാണുള്ളത്. 11 സൗദി ബാങ്കുകളും, ബാക്കിയുള്ളവ വിദേശ ബാങ്കുകളുടെ ശാഖകളും. 

 

Latest News