Sorry, you need to enable JavaScript to visit this website.

ടൂറിസ്റ്റ് വിസക്കാരെ ഉംറ നിര്‍വഹിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യം

മക്ക  - ടൂറിസ്റ്റ് വിസകളിലെത്തുന്നവരെ ഉംറ നിർവഹിക്കുന്നതിന് അനുവദിക്കുന്നത് ഉംറ സർവീസ് കമ്പനികൾക്ക് തിരിച്ചടിയായി മാറുന്നതായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. പലവിധ കാരണങ്ങളാൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഉംറ സർവീസ് കമ്പനികൾക്ക് ഭീമമായ നഷ്ടം നേരിട്ടിട്ടുണ്ട്. നഷ്ടം 100 കോടിയോളം റിയാൽ വരുമെന്നാണ് കണക്ക്. ഇതിനു പുറമെയാണ് ടൂറിസ്റ്റ് വിസകളിലെത്തുന്നവരെ ഉംറ നിർവഹിക്കുന്നതിന് അനുവദിക്കാനുള്ള അധികൃതരുടെ തീരുമാനം. ഇത് സർവീസ് കമ്പനികൾക്ക് മറ്റൊരു തിരിച്ചടിയാകും.

ഭീമമായ നഷ്ടം മൂലം ഉംറ സർവീസ് മേഖലയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ഇരുനൂറോളം കമ്പനികളുടെ ഉടമകൾ ആലോചിക്കുന്നുണ്ടെന്ന് ദേശീയ ഹജ്, ഉംറ കമ്മിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ബിൻ ബാദി പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ പ്രവർത്തനം തുടരുന്നതിന് ഉംറ സർവീസ് കമ്പനികൾക്ക് അനുകൂലമല്ല. 


ഉംറ സർവീസ് കമ്പനികളുടെയും ഹോട്ടലുകളുടെയും ബസ് കമ്പനികളുടെയും സേവനങ്ങളും നിരക്കുകളും വിദേശ ഉംറ തീർഥാടകർക്കു മുന്നിൽ പ്രദർശിപ്പിക്കുന്നതിന് ഹജ്, ഉംറ മന്ത്രാലയം പുതുതായി ആരംഭിച്ച ഇ-പ്ലാറ്റ്‌ഫോമുകൾ പൂർണ തോതിൽ പ്രവർത്തിക്കാത്തതും സർവീസ് കമ്പനികൾക്ക് തിരിച്ചടിയാണ്.

ഇ-പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനം മന്ദഗതിയിലാണ്. ഇതുമൂലം തീർഥാടകരുടെ ബുക്കിംഗുകൾ വേഗത്തിൽ സ്വീകരിക്കുന്നതിനും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും സാധിക്കുന്നില്ല. 
ഉംറ സർവീസ് കമ്പനികളും സ്ഥാപനങ്ങളും നേരിടുന്ന പ്രശ്‌നങ്ങൾ വിശകലനം ചെയ്യുന്നതിന് ദേശീയ ഹജ്, ഉംറ കമ്മിറ്റി കഴിഞ്ഞ ദിവസം മക്കയിൽ ശിൽപശാല സംഘടിപ്പിച്ചിരുന്നു. നിലവിലെ പ്രശ്‌നങ്ങൾക്ക് പോംവഴി കണ്ടെത്തുന്നതിന് കമ്പനി ഉടമകളുമായി ഹജ്, ഉംറ മന്ത്രി അടിയന്തരമായി കൂടിക്കാഴ്ച നടത്തണമെന്ന ശുപാർശ മന്ത്രിക്ക് സമർപ്പിക്കുന്നതിന് ശിൽപശാലയിൽ തീരുമാനമായി. ഇ-പ്ലാറ്റ്‌ഫോമുകൾ പരിഷ്‌കരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് മന്ത്രിയോട് ആവശ്യപ്പെടാനും തീരുമാനിച്ചു. 

ഉംറ വിസകൾ ഹജ്, ഉംറ മന്ത്രാലയവും ഉംറ സർവീസ് സ്ഥാപനങ്ങളും വഴി മാത്രം ഇഷ്യു ചെയ്യുന്നതിനും ടൂറിസ്റ്റ് വിസകളിലെത്തുന്നവരെ ഉംറ നിർവഹിക്കുന്നതിൽ നിന്ന് തടയുന്നതിനും സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെരിറ്റേജുമായി ഏകോപനം നടത്തുന്നതിനും ഹജ്, ഉംറ മന്ത്രിയോട് ആവശ്യപ്പെടാനും ശിൽപശാലയിൽ തീരുമാനമായി. 

രാജ്യത്ത് ഉംറ സർവീസ് മേഖലയിൽ 600 ലേറെ കമ്പനികളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ 12,000 ലേറെ സ്വദേശികൾ ജോലി ചെയ്യുന്നു. കഴിഞ്ഞ വർഷം വിദേശങ്ങളിൽ നിന്ന് 80 ലക്ഷത്തോളം ഉംറ തീർഥാടകരാണ് എത്തിയത്. വരുമാന സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണം ലക്ഷ്യമിടുന്ന വിഷൻ 2030 പദ്ധതി 2030 ഓടെ പ്രതിവർഷം പുണ്യഭൂമിയിലെത്തുന്ന വിദേശ ഉംറ തീർഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയർത്തുന്നതിന് ഉന്നമിടുന്നു. 


സെപ്റ്റംബർ 27 മുതലാണ് സൗദി അറേബ്യ വിദേശികൾക്ക് ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നതിന് തുടങ്ങിയത്. ആദ്യത്തെ പത്തു ദിവസത്തിനിടെ കാൽ ലക്ഷത്തോളം ടൂറിസ്റ്റ് വിസകൾ അനുവദിച്ചിട്ടുണ്ട്. ടൂറിസ്റ്റ് വിസകളിൽ വരുന്നവരെ ഹജ് നിർവഹിക്കുന്നതിനും ഹജ് കാലത്ത് ഉംറ നിർവഹിക്കുന്നതിനും അനുവദിക്കില്ല. അല്ലാത്ത കാലത്ത് വിനോദ സഞ്ചാരികൾക്ക് ഉംറ നിർവഹിക്കാം. ടൂറിസ്റ്റ് വിസയിലെത്തുന്ന വിദേശ വനിതകളെ മഹ്‌റം ഒപ്പമില്ലാതെയും ഉംറ നിർവഹിക്കുന്നതിന് അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.  

 

Latest News