കാസർകോട് - യു ഡി എഫ് സ്ഥാനാർത്ഥിയുടെ ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ കർണാടകയിൽ നിന്ന് കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ മഞ്ചേശ്വരത്ത് എത്തി. ഇവരുടെ യോഗം രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു.
മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ വർഗ്ഗീയ സംഘർഷങ്ങൾ ഉണ്ടാക്കാൻ ബോധപൂർവ്വമായി സി.പി.എം, ബി.ജെ.പി ശ്രമിക്കുകയാണെന്ന് എം.പി പ്രസ്താവിച്ചു.
ദക്ഷിണ കാനറ ജില്ല കോൺഗ്രസ് അധ്യക്ഷൻ ഹരീഷ് കുമാർ നിയോഗിച്ച ഇരുന്നൂറോളം നേതാക്കന്മാർ മുൻ വനം മന്ത്രി രമനാഥ റൈയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിക്കും. വിനയ് കുമാർ സൊർക്കെ, ജെ.ആർ ലോബോ, മൊയ്ദീൻ ബാവ, ഐവാൻ ഡിസൂസ എന്നീ കോൺഗ്രസ് നേതാക്കൾ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാണ്. ഭവന സന്ദർശനം നടത്തി പ്രചാരണം നടത്തുകയാണ് രീതി. യോഗത്തിൽ മുൻ കർണ്ണാടക മന്ത്രി രാമനാഥ റൈ അധ്യക്ഷത വഹിച്ചു. ഹക്കീം കുന്നിൽ, ഹർഷാദ് വോർക്കാടി, മിഥുൻ റൈ, അബ്ദുൾ റഹ്മാൻ, എം.സ് മുഹമ്മദ്, ശശിധർ ഹെഗ്‌ഡെ, പി.പി വർഗീസ്, പദ്മ ശേഖർ ജെയ്ൻ, സരോത്തം ഗൗഡ, നവീൻ ഡിസൂസ, പ്രവീൺ ആൽവ എന്നിവർ പ്രസംഗിച്ചു.