കൊച്ചി- നിര്‍മ്മാണം പൂര്‍ത്തിയായി ഒരു വർഷം മാത്രം പിന്നിട്ടപ്പോഴേക്കും ദുര്‍ബലാവസ്ഥയില്‍ ആയ കൊച്ചിയിലെ വിവാദ പാലാരിവട്ടം പാലം പൊളിക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. പാലം പൊളിക്കുന്നതില്‍ നിന്നും സംസ്ഥാന സര്‍ക്കാരിനെ തടയണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് സ്ട്രക്ചറല്‍ ആന്റ് ജിയോ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടിങ് എഞ്ചിനീയേഴ്‌സും സംഘടനയുടെ മുന്‍ പ്രസിഡന്റ് അനില്‍ ജോസഫും നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരിവിട്ടത്. അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാതെ പൊളിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം തടയണം, ലോഡ് ടെസ്റ്റ് നടത്താന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണം എന്നീ ആവശ്യങ്ങളാണ് സംഘടന ഹരജിയിൽ ഉന്നയിച്ചിരുന്നത്.
ലോഡ് ടെസ്റ്റ് നടത്തുന്നത് സംബന്ധിച്ച് വിദഗ്ദ്ധരുമായി ആലോചിച്ച് സര്‍ക്കാര്‍ തീരുമാനം രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്തിയാല്‍ പ്രശ്‌നപരിഹാം കാണാമെന്നുള്ള മദ്രാസ് ഐഐടിയുടെ പഠന റിപ്പോര്‍ട്ട് തള്ളിയിട്ടാണ് ഇ ശ്രീധരന്റെ വാക്ക് കേട്ട് പാലം പൊളിക്കുന്നതെന്ന് സംഘടന കോടതിയില്‍ വാദിച്ചിരുന്നു.