തിരുവനന്തപുരം- സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്ന പഴയ എസ്.ബി.ടി ബാങ്ക് ലയനത്തിലൂടെ വിസ്മൃതിയിലായ ശേഷം കേരളത്തിന്റെ സ്വന്തം പൊതുമേഖലാ ബാങ്കായി കേരള ബാങ്ക് വരുന്നു. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതോടെ ഇടതു പക്ഷ സര്‍ക്കാര്‍ വലിയ നേട്ടമായി കൊട്ടിഘോഷിക്കുകയാണിപ്പോള്‍ ഇത്. സംസ്ഥാന സഹകരണ ബാങ്കില്‍ 13 ജില്ലാ സഹകരണങ്ങള്‍ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമ്പോള്‍ സംസ്ഥാനത്തുടനീളം 825 ശാഖകളുള്ള ശക്തമായ ഒരു ബാങ്കായി കേരള ബാങ്ക് മാറും. ഈ ബാങ്കിനോട് വിയോജിച്ച് നില്‍ക്കുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പിന്നീട് ലയനത്തിന് തയാറായാല്‍ ശാഖകളുടെ എണ്ണവും വര്‍ധിക്കും.
സര്‍ക്കാരിന്റെ ബാങ്കിങ് ഇടപാടുകളുടെ വലിയൊരു ഭാഗവും കേരള ബാങ്കിലേക്കു മാറുന്നതോടെ ഇതൊരു കരുത്തുറ്റതും മത്സരക്ഷമവുമായ ഒരു ബാങ്കായി തന്നെയാകും. നിക്ഷേപങ്ങളില്‍ സര്‍ക്കാര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് കേരളത്തിലെ പ്രവാസികള്‍ അയക്കുന്ന പണമാണ്. പ്രത്യേകിച്ച ഗള്‍ഫ് മേഖലയില്‍ നിന്നുള്ള പണമൊഴുക്ക്. അറബ് രാജ്യങ്ങളില്‍ തൊഴില്‍നഷ്ടങ്ങളും പ്രവാസികളുടെ തിരിച്ചുവരവും വര്‍ധിച്ചിട്ടുണ്ടെങ്കിലും അവിടെ നിന്നും കേരളത്തിലേക്ക് എത്തുന്ന വന്‍തുകയുടെ നിക്ഷേപങ്ങള്‍ക്ക് വലിയ കുറവില്ലാത്തതാണ് പ്രതീക്ഷയ്ക്കു വക നല്‍കുന്നത്. പൂര്‍ണമായിട്ടല്ലെങ്കിലും വലിയൊരളവില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും മറ്റും ഉപയോഗപ്പെടുത്തി ഈ വന്‍തുകയുടെ വലിയൊരു ശതമാനം കേരള ബാങ്കിലെത്തിക്കാന്‍ കഴിഞ്ഞാല്‍ വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് ഈ ബാങ്കിനെ ഉപയോഗപ്പെടുത്തുന്നതിലൂടെ സര്‍ക്കാരിന് ഇതു സാധ്യമായേക്കും.
പൊതുമേഖലാ ബാങ്ക് എന്നതും കേരളാ ബാങ്കിനെ ആകര്‍ഷണീയമാക്കുന്നു. കേരളത്തിലെ പൊതുമേഖലാ ബാങ്കുകളിലേക്ക് ലക്ഷം കോടിയിലാണ് പ്രവാസികളയക്കുന്ന പണമെത്തുന്നത്. ഈ തുകയുടെ ഗുണം പ്രവാസികള്‍ക്കോ കേരളത്തിനോ കാര്യമായി ലഭിക്കുന്നില്ലെന്ന് ദിവസങ്ങള്‍ക്കു മുമ്പ് ദുബായില്‍ പ്രവാസി ചിട്ടി പ്രചാരണത്തിനെത്തിയ ധനമന്ത്രി തോമസ് ഐസക് സൂചിപ്പിച്ചിരുന്നു. സാധാരണക്കാരായ പ്രവാസികള്‍ക്കു വായ്പ നല്‍കുന്നതിലും മറ്റും നിലവില്‍ പല ബാങ്കുകളും ഇപ്പോഴും വിമുഖരാണ്. പൂര്‍ണ സജ്ജമായ ഒരു ഷെഡ്യൂള്‍ഡ് ബാങ്കായി പ്രവര്‍ത്തനം തുടങ്ങുന്നതോടെ കേരള ബാങ്ക് പ്രവാസികളെ സംബന്ധിച്ചിടത്തോളം എങ്ങിനെയായിരിക്കും എന്നത് അറിയാനിരിക്കുന്നതെയുള്ളൂ.