ജിദ്ദ- ഓൺലൈൻ തട്ടിപ്പ് കേസിൽ സൗദി പൗരനെ കോടതി ആറു മാസം തടവിന് ശിക്ഷിച്ചു. പ്രതിക്ക് 2000 റിയാൽ പിഴ ചുമത്തിയിട്ടുമുണ്ട്. പ്രതിക്ക് 70 ചാട്ടയടി നൽകുന്നതിനും വിധിയുണ്ട്. ഭാവിയിൽ ഇത്തരം തട്ടിപ്പുകൾ നടത്തില്ല എന്നതിന് പ്രതിയിൽനിന്ന് കോടതി രേഖാമൂലം ഉറപ്പു വാങ്ങിയിട്ടുമുണ്ട്.
പ്രശസ്തമായ ഓൺലൈൻ വ്യാപാര വെബ്‌സൈറ്റിൽ പ്രതി തന്റെ മൊബൈൽ ഫോൺ വിൽപനക്ക് പ്രദർശിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പരസ്യം കണ്ട് വാട്‌സ് ആപ്പ് വഴി ആശയവിനിമയം നടത്തി മറ്റൊരു സൗദി പൗരൻ 2500 റിയാലിന് ഫോൺ വാങ്ങി. ഈ തുക ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓൺലൈൻ വഴി ട്രാൻസ്ഫർ ചെയ്തു നൽകി. പണം കൈപ്പറ്റിയ പ്രതി ഫോൺ കൊറിയറായി നൽകുമെന്നാണ് ഉപയോക്താവിനെ അറിയിച്ചത്. നിശ്ചിത സമയം കഴിഞ്ഞിട്ടും ഫോൺ ലഭിക്കാതായതോടെ കബളിപ്പിക്കപ്പെടുകയായിരുന്നെന്ന് ബോധ്യമായ സൗദി പൗരൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതി നൽകുകയായിരുന്നു.
പ്രതിയുമായി വാട്‌സ് ആപ്പിലൂടെ നടത്തിയ ആശയവിനിമയങ്ങളുടെ കോപ്പിയും പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തതിന്റെ തെളിവും പരാതിക്കാരൻ കോടതിയിൽ ഹാജരാക്കി.
ഓൺലൈൻ സ്റ്റോറിൽ വിൽപനക്ക് പ്രദർശിപ്പിച്ച മൊബൈൽ ഫോൺ താൻ നേരത്തെ തന്റെ സുഹൃത്തിന് കൈമാറിയതാണെന്നും താനല്ല തട്ടിപ്പ് നടത്തിയതെന്നും പ്രതി കോടതിയിൽ വാദിച്ചെങ്കിലും ഇത് തെളിയിക്കുന്നതിന് സാധിച്ചില്ല. പരാതിക്കാരൻ പണം ട്രാൻസ്ഫർ ചെയ്ത അക്കൗണ്ട് പ്രതിയുടെ പേരിലുള്ളതാണെന്ന് കോടതിക്ക് ബോധ്യപ്പെടുകയും ചെയ്തു. തുടർന്നാണ് പ്രതിക്ക് കോടതി തടവും പിഴയും ചാട്ടയടിയും വിധിച്ചത്.