കൊച്ചി - പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിയിൽ ഗൂഢാലോചന നടന്നെന്ന വിജിലൻസിന്റെ വാദം തള്ളിക്കളയാനാവില്ലന്ന് ഹൈക്കോടതി. കരാറുകാരായ ആർ.ഡി.എസ് പ്രോജക്ട്‌സിന് കരാർ ലഭ്യമാക്കാൻ ടെണ്ടറിൽ തിരിമറി നടന്നെന്ന ആരോപണത്തിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് കോടതി വ്യക്തമാക്കി.
കരാർ കമ്പനി എം.ഡി.സുമിത് ഗോയൽ, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപറേഷൻ മുൻ ഉദ്യോഗസ്ഥൻ എം.ടി.തങ്കച്ചൻ, മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സുരജ് എന്നിവരുടെ ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ടാണ് ജസ്റ്റീസ് സുനിൽ തോമസിന്റെ ഉത്തരവ് ആർ.ഡി.എസ് പ്രോജക്ട്‌സിന് കരാർ ലഭ്യമാക്കാനും തൊട്ടടുത്ത കമ്പനിയെ ഒഴിവാക്കാനും ടെണ്ടർ രേഖകളിൽ തിരിമറി നടത്തിയെന്ന വിജിലൻസിന്റെ വാദം തള്ളാനാവില്ല. ടെണ്ടറിലും ടെണ്ടർ രജിസ്റ്ററിലും രേഖപ്പെടുത്തിയ കയ്യക്ഷരങ്ങൾ വ്യത്യസ്ഥമാണന്ന വിജിലൻസിന്റെ കണ്ടെത്തലിൽ വിശദ പരിശോധന വേണമെന്നും കോടതി വ്യക്തമാക്കി. കരാറിൽ വ്യവസ്ഥ ഇല്ലാതിരിരുന്നിട്ടും കരാറുകാരന് മുൻകൂർ പണം അനുവദിച്ചതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത്‌നിന്ന് ക്രമവിരുദ്ധമായ ഇടപെടൽ ഉണ്ടായിട്ടുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി. വിവിധ ഏജൻസികൾ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ പാലത്തിന് ബലക്ഷയം ഉണ്ടന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. കോൺക്രീറ്റിന്റെ കൂട്ട് അടക്കമുള്ള കാര്യങ്ങളിൽ നിർദിഷ്ട മാനദണ്ഡം പാലിച്ചിട്ടിച്ചിട്ടില്ലന്ന് പരിശോധനാ ഫലങ്ങളിൽ വ്യക്തമാണ്. ഭാരപരിശോധനക്ക് മുമ്പുതന്നെ തുണുകൾക്കും ഗർഡറുകൾക്കും വിള്ളൽ കണ്ടെത്തിയതും നിർമാണത്തിലെ അപാകതക്ക് തെളിവാണന്നും കോടതി വ്യക്തമാക്കി കേസിലെ മൂന്നാം പ്രതി കിറ്റ്‌കോ ഉദ്യോഗസ്ഥൻ ബന്നി പോളിന് കോടതി ജാമ്യം അനുവദിച്ചു. പാലത്തിന്റെ ടെണ്ടറുകൾ പരിശോധിച്ചതല്ലാതെ നിർമാണത്തിൽ ബന്നി പോളിന് കാര്യമായ പങ്കില്ലന്ന വാദം കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യത്തിലുമാണ് ജാമ്യം. പാലം നിർമാണന്നിൽ ആർ.ഡി.എസ് പ്രോജക്ട്‌സിന് സാമ്പത്തിക നേട്ടമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് പ്രതികൾക്കെതിരായ കേസ്. അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ ഉപാധികളും നിർദേശിച്ചിട്ടുണ്ട്.